|    Jan 22 Sun, 2017 7:25 am
FLASH NEWS

ഇന്ത്യയിലെ നിക്ഷേപങ്ങള്‍ ട്രംപിന്റെ വിദേശനയത്തെ ബാധിക്കും: റിപോര്‍ട്ട്

Published : 16th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യയിലുള്ള വ്യവസായ നിക്ഷേപങ്ങള്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ യുഎസ് വിദേശനയത്തെ ബാധിക്കുമെന്ന് റിപോര്‍ട്ട്. പൂനെയിലും ഗുഡ്ഗാവിലുമായി റിയല്‍എസ്‌റ്റേറ്റ് വ്യവസായ രംഗത്താണ് ട്രംപിന് നിഷേപമുള്ളത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ന്യൂസ് വീക്ക് വാരികയിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ട്രംപിനുള്ള വിദേശനിക്ഷേപം സംബന്ധിച്ച് റിപോര്‍ട്ട് പുറത്തുവന്നത്.
ഇന്ത്യയിലുള്ള നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് ജൂലൈയില്‍ നടന്ന റിപബ്ലിക്കന്‍ നാഷനല്‍ കണ്‍വന്‍ഷന്റെ സമയത്ത് ട്രംപിന്റെ കമ്പനി വ്യക്തമാക്കിയിരുന്നു. ട്രംപ് അധികാരത്തിലെത്തി ഇന്ത്യയുമായി കടുത്ത നിലപാടുകള്‍ സ്വീകരിച്ചാല്‍ ഈ നിഷേപങ്ങളെ ബാധിക്കും. സമാനമായ സ്ഥിതിയാണ് ട്രംപിനു വ്യവസായ നിക്ഷേപമുള്ള മറ്റു രാജ്യങ്ങളിലേതും. പൂനെയിലെ ട്രംപിന്റെ പങ്കാളികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തടയുന്നതിനും രാജ്യത്തെ വ്യവസായ വിപുലീകരണത്തിനും ഇന്ത്യയുമായുള്ള നല്ല ബന്ധം ട്രംപിന് ആവശ്യമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
റിയല്‍എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ ഭാഗമായി ബിജെപിയും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ട്രംപ് കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും ന്യൂസ് വീക്ക് പറയുന്നു. ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായികളായ റോഹന്‍ ലൈഫ്‌സ്‌കേപുമായി ട്രംപ് തന്റെ പേരില്‍ 65നിലക്കെട്ടിടം നിര്‍മിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. റോഹന്‍ ലൈഫ്‌സ്‌കേപ് ഡയറക്ടറായിരുന്ന കല്‍പേഷ് മെഹ്തയുമായാണ് ഇതിനായി ട്രംപ് ചര്‍ച്ചനടത്തിയത്. പിന്നീട് മെഹ്ത ട്രംപിന്റെ ഇന്ത്യയിലുള്ള വ്യവസായങ്ങളുടെ പ്രതിനിധിയായതായും റിപോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാനുമായി ചര്‍ച്ചനടത്തുന്നതിനായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ഇന്ത്യയിലെത്തിയിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തടസ്സമായപ്പോഴായിരുന്നു ഇത്. എന്നാല്‍ ട്രംപിന് ഇളവുനല്‍കാന്‍ ചവാന്‍ അന്നു വിസമ്മതിക്കുകയായിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പൂനെയില്‍ ട്രംപ് ടവര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഭൂമി സംബന്ധിച്ച് ക്രമക്കേട് നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഭൂമി നിയമവിരുദ്ധമായാണ് ട്രംപിന്റെ വ്യവസായ പങ്കാളികള്‍ സ്വന്തമാക്കിയതെന്നായിരുന്നു വാര്‍ത്ത. പൂനെ പദ്ധതിയുടെ ബാഗമായി എന്‍സിപി നേതാക്കളുമായി ട്രംപ് അടുത്ത ബന്ധം സ്ഥാപിച്ചതായും ന്യൂസ് വീക്ക് തുടരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക