|    Jan 20 Fri, 2017 12:55 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് വൈസ് പുരസ്‌കാരം

Published : 2nd October 2016 | Posted By: SMR

ദോഹ: ഖത്തര്‍ ഫൗണ്ടേഷനു കീഴിലെ വേള്‍ഡ് ഇന്നവേറ്റീവ് സമ്മിറ്റ് ഫോര്‍ എജുക്കേഷന്‍(വൈസ്) 2016 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിലെ വിദ്യാഭ്യാസ-സാമൂഹിക സംരംഭങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. കാനഡ, ലബ്‌നാന്‍, ബ്രസീല്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ സംരംഭങ്ങളെയാണ് ഇന്ത്യക്ക് പുറമെ അവാര്‍ഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അവാര്‍ഡിനായി പരിഗണിച്ച അന്തിമ പട്ടികയിലെ 15 സംരംഭങ്ങളില്‍ നിന്നാണ് ആറെണ്ണം തിരഞ്ഞെടുത്തത്.
ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വയോജന വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന താര അക്ഷര്‍ വിദ്യഭ്യാസ പദ്ധതിയാണ് വൈസ് അവാര്‍ഡ് ലഭിച്ചവയില്‍ ഒന്ന്. 56 ദിവസങ്ങള്‍ക്കുള്ളില്‍ ഹിന്ദിയില്‍ എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന കംപ്യൂട്ടര്‍ സഹായത്തോടെയുള്ള പദ്ധതിയാണിത്. 2007 മുതല്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഹരിയാന, ഡെല്‍ഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ താര അക്ഷര്‍ പദ്ധതി വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. റീഡിങ് വൈസിലെ വിക്ടര്‍ ലിയോണ്‍സാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തത്.
കാനഡ, അമേരിക്ക, സ്‌പെയിന്‍, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം തരം വരെ ഗണിതം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്ന ജമ്പ് മാത്ത്, ലബ്‌നാനിലെ സ്ത്രീകള്‍ക്ക് തൊഴിലധിഷ്ടിത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയായ എജുക്കേഷന്‍ ഫോര്‍ ഗ്രോത്ത് ആന്റ് വാല്യു ക്രിയേഷന്‍, ബ്രസീലിലെ വ്യക്തി അധിഷ്ടിത പഠന പദ്ധതിയായ ഗീക്കി, ബുറുണ്ടിയില്‍ 2014 മുതല്‍ പരീക്ഷിച്ച് വരുന്ന വൈസ് ആക്‌സലറേറ്റര്‍ പദ്ധതിയായ ഐഡിയ ബോക്‌സ്, ചാഡിലെ ദര്‍ഫുര്‍ അഭയാര്‍ഥികള്‍ക്കിടയില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് അമേരിക്ക ആരംഭിച്ച പദ്ധതിയായ ലിറ്റില്‍ റിപ്പിള്‍സ് എന്നിവയാണ് പുരസ്‌കാരം നേടിയ മറ്റു പദ്ധതികള്‍.
വിദ്യാഭ്യാസ പ്രശ്‌നങ്ങളെ ക്രിയാത്മകമായി സമീപിക്കുന്നതില്‍ വിജയിച്ച വിദ്യാഭ്യാസ പദ്ധതികളെയാണ് അവാര്‍ഡിനു പരിഗണിച്ചത്. ലോകത്തെ പ്രശസ്ത വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് 2009 മുതല്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന അവാര്‍ഡാണ് വൈസ്. 20,000 അമേരിക്കന്‍ ഡോളറാണ് അവാര്‍ഡ് തുക. വൈസ് സമ്മേളനത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക