|    Sep 21 Thu, 2017 1:34 am
Home   >  Todays Paper  >  page 12  >  

ഇന്ത്യന്‍ ഹാജിമാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കും: സൗദി ഹജ്ജ് സഹമന്ത്രി

Published : 27th July 2016 | Posted By: SMR

നിഷാദ് അമീന്‍

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സൗദി ഹജ്ജ് സഹമന്ത്രി ഡോ. ഈസ റുവൈസ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖുമായും കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹാജിമാരുടെ യാത്ര, വിസ നടപടികള്‍, മക്കയിലെയും മദീനയിലെയും താമസം തുടങ്ങി  ഇതേവരെ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്തു.
ഹജ്ജ് മന്ത്രാലയം ഈ വര്‍ഷം ആരംഭിച്ച ഇ-പോര്‍ട്ടല്‍, ഇലക്‌ട്രോണിക് വള തുടങ്ങിയ കാര്യങ്ങള്‍ മന്ത്രി വിശദീകരിച്ചു. ലക്ഷക്കണക്കിന് ഹാജിമാര്‍ക്ക് സുരക്ഷിതവും സമാധാനപൂര്‍ണവുമായി ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സൗദി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും വ്യക്തമാക്കി.
കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ അതാവുര്‍റഹ്മാനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിനു പുറമേ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലവും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഹാജിമാര്‍ക്കുള്ള താമസസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഹജ്ജ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനു വേണ്ടിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധി സംഘം ജിദ്ദയിലെത്തിയത്. മക്ക സന്ദര്‍ശിച്ച സംഘം മദീനയിലും സന്ദര്‍ശനം നടത്തി ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തും.
ഇത്തവണ ഹാജിമാരുടെ സേവനത്തിനായി കൂടുതല്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഇലക്ട്രോണിക് കൈവളകള്‍ക്കു പുറമേ ഇ-പോര്‍ട്ടല്‍, സുരക്ഷാ ബോധവല്‍ക്കരണത്തിന് ബുക്ക്‌ലെറ്റ് വിതരണം തുടങ്ങിയവ കാര്യക്ഷമമാക്കും. ഹാജിമാരുടെ രാജ്യം, വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, വിലാസം, ഹജ്ജ് ഏജന്റുമാരുടെ വിവരങ്ങള്‍, ബന്ധപ്പെടാനുള്ള പ്രാദേശിക ഫോണ്‍ നമ്പരുകള്‍ എന്നിവയാണ് ഇ-വളയില്‍ ഉണ്ടാവുക.
വഴിതെറ്റുമ്പോഴും അപകടത്തില്‍പ്പെടുമ്പോഴും മറ്റും പ്രായംചെന്നവരെയും അറബി ഭാഷ വശമില്ലാത്തവരെയും സഹായിക്കുന്നതിന് ഇത് ഉപകാരപ്പെടും. വെള്ളം തട്ടിയാലും തകരാര്‍ സംഭവിക്കാത്തവയാണ് ഇ-വളകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക