|    Dec 13 Thu, 2018 11:53 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ സിന്ദൂരം: പി വി സിന്ധുവിലൂടെ ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി ബാഡ്മിന്റണില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍

Published : 20th August 2016 | Posted By: SMR

ഈ തോല്‍വി ഇന്ത്യന്‍ ജനതയ്ക്ക് വിജയത്തേക്കാള്‍ മധുരമുള്ളതാണ്. 130 കോടി ജനതയുടെ പ്രാര്‍ഥന വിഫലമായെങ്കിലും വെള്ളി മെഡലിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറാന്‍ സിന്ധുവിന് കഴിഞ്ഞു. സുവര്‍ണ നേട്ടത്തിനായി ഇഞ്ചോടിഞ്ച് പൊരുതിയാണ് ഹൈദരാബാദുകാരി മല്‍സരം കൈവിട്ടത്.
അത് കൊണ്ട് തന്നെ സിന്ധുവിന്റെ ഈ വെള്ളി ചിരിക്ക് പൊന്നിനേക്കാള്‍ മധുരമുണ്ട്. ഒളിംപിക്‌സ് ചരിത്രത്തില്‍ ബാഡ്മിന്റണില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച നേട്ടം കൂടിയാണിത്. കഴിഞ്ഞ ഒളിംപിക്‌സില്‍ സെയ്‌ന നെഹ്‌വാള്‍ നേടിയ വെങ്കല മെഡലായിരുന്നു ഇതിനു മുമ്പ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മികച്ച പ്രകടനം.
സെമി ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ച് ലോക 10ാം റാങ്കുകാരി വെള്ളി മെഡല്‍ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. കലാശപ്പോരാട്ടത്തില്‍ സ്‌പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിനായിരുന്നു സിന്ധുവിന്റെ എതിരാളി. ലോക ഒന്നാം നമ്പര്‍ താരത്തെ വിറപ്പിക്കുന്ന പ്രകടനമാണ് കലാശപ്പോരാട്ടത്തില്‍ 21കാരി നടത്തിയത്. ആദ്യ ഗെയിം നാടകീയ തിരിച്ചുവരവിലൂടെ കൈക്കലാക്കിയ സിന്ധുവിന് പക്ഷേ, രണ്ടാമത്തെയും മൂന്നാമത്തെയും ഗെയിമില്‍ അടിതെറ്റുകയായിരുന്നു.
ആദ്യഗെയിമിനു ശേഷം പൂര്‍വാധികം ശക്തിയോടെ തിരിച്ചടിച്ച മാരിന്‍ തന്റെ പരിചയസമ്പത്തും ഊര്‍ജ്ജസ്വലതയും വീണ്ടെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവില്‍ തന്റെ കന്നി ഒളിംപിക്‌സ് സ്വര്‍ണവും 23കാരിയായ സ്പാനിഷ് താരം സ്വന്തമാക്കി. സ്‌കോര്‍: 21-19, 21-12, 21-15.
1996നു ശേഷം ചൈനക്കാരല്ലാത്ത ഒരു വനിതാ താരം ആദ്യമായാണ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ജേതാവാകുന്നത്. ലോക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ ജേതാവായ മാരിന്‍ ഒടുവില്‍ ഒളിംപിക്‌സില്‍ ചരിത്രത്തിലും തന്റെ പേരെഴുതി ചേര്‍ക്കുകയായിരുന്നു.
സിന്ധുവിനോട് പരാജയപ്പെട്ട ഒകുഹാരയ്ക്കാണ് ഈയിനത്തില്‍ വെങ്കല മെഡല്‍. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ പരിക്കേറ്റ ചൈനീസ് താരം ലി ഷുറായി പിന്‍മാറിയതിനെ തുടര്‍ന്ന് ഒകുഹാരയ്ക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു.
ആദ്യ ഗെയിമില്‍ ഒരുഘട്ടത്തില്‍ സിന്ധു പിന്നിലായിരുന്നു. മാരിന്‍ 11 പോയിന്റ് നേടിയ ഘട്ടത്തില്‍ സിന്ധുവിനുണ്ടായിരുന്നത് ആറ് പോയിന്റാണ്. എന്നാല്‍, ഇവിടെ നിന്ന് ഇന്ത്യന്‍ താരം അവിസ്മരണീയ തിരിച്ചുവരവ് നടത്തുകയായിരുന്നു.
ആദ്യ ഗെയിമില്‍ സിന്ധു നേടിയ അവസാന അഞ്ച് പോയിന്റ് എതിരാളിയെ നിഷ്പ്രഭമാക്കിയായിരുന്നു. 16-19ല്‍ നിന്ന് 21-19 ആക്കി സിന്ധു ഇന്ത്യന്‍ ജനതയ്ക്ക് സുവര്‍ണ പ്രതീക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, രണ്ടാം ഗെയിമില്‍ സിന്ധുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മാരിന്‍ പുറത്തെടുത്തത്. മാരിന്റെ വേഗതയേറിയ സ്മാഷുകളും അളന്നുള്ള ഷോട്ടുകളും സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കി. ഇതോടെ സിന്ധു ലൈനിന് പുറത്തേക്ക് എന്ന് കരുതിയ മാരിന്റെ പല ഷോട്ടുകളും ഇന്ത്യന്‍ താരത്തിന് തിരിച്ചടി നല്‍കുകയായിരുന്നു. രണ്ടാം ഗെയിമില്‍ ഒരുഘട്ടത്തില്‍ പോലും സ്പാനിഷ് താരത്തിനെതിരേ ലീഡ് പിടിക്കാന്‍ സിന്ധുവിന് സാധിച്ചില്ല. ഇതോടെ രണ്ടാം ഗെയിം 12-21 എന്ന സ്‌കോറിന് മാരിന്‍ കൈക്കലാക്കി.
രണ്ടാം ഗെയിമിനെ അപേക്ഷിച്ച് മൂന്നാം ഗെയിമില്‍ സിന്ധു മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. ഒരുഘട്ടത്തില്‍ ഇന്ത്യക്ക് നേരിയ സുവര്‍ണ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഘട്ടത്തില്‍ മാരിന്‍ ഉജ്ജ്വലമായി കളിച്ചതോടെ സിന്ധുവിന്റെ സുവര്‍ണ മോഹം പൊലിയുകയായിരുന്നു. 15-21 എന്ന സ്‌കോറിനായിരുന്നു മാരിന്റെ വിജയം.
സന്ദീപ് കുമാറിന് 34ാം സ്ഥാനം
പുരുഷന്‍മാരുടെ 50 കി.മീ നടത്തത്തില്‍ ഇന്ത്യന്‍ താരം സന്ദീപ് കുമാറിന് 34ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
തോമറിന് തോല്‍വി
പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യന്‍ താരം സന്ദീപ് തോമറിന് തോല്‍വി. പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ വിക്ടര്‍ ലെബിദേവിനോടാണ് സന്ദീപ് പരാജയപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss