|    Nov 21 Wed, 2018 5:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്ത നോട്ട് നിരോധനത്തിന് ഇന്ന് രണ്ടാണ്ട്‌

Published : 8th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യയെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ട, രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ത്ത നോട്ട് നിരോധനത്തിന് ഇന്ന് രണ്ടാണ്ട്. 2016 നവംബര്‍ എട്ടിനു രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പില്ലാതെ 500, 1000 കറന്‍സികള്‍ അസാധുവായതായി പ്രഖ്യാപിച്ചത്.
ഡിജിറ്റലൈസേഷന്‍ പ്രോല്‍സാഹിപ്പിക്കുക, കള്ളപ്പണം കണ്ടെത്തുക തുടങ്ങിയ മോഹനവാഗ്ദാനങ്ങളുമായി പ്രഖ്യാപിക്കപ്പെട്ട നോട്ടുനിരോധനം പക്ഷേ, ഒരു വാഗ്ദാനവും നടപ്പാക്കാന്‍ സഹായിച്ചില്ലെന്നു മാത്രമല്ല, ഗ്രാമീണ മേഖലയുടെ നട്ടെല്ല് തകര്‍ത്തതായും പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) താഴേക്ക് പോവാനും കാരണമായത് നോട്ട് നിരോധനമാണ്. അസാധുവാക്കപ്പെട്ട 1000, 500 രൂപ നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് കഴിഞ്ഞ തവണത്തെ വാര്‍ഷിക റിപോര്‍ട്ടില്‍ വ്യക്തമാക്കിയതോടെ കള്ളപ്പണം പിടികൂടുകയെന്ന ലക്ഷ്യം തിരിച്ചടിച്ചെന്നു ബോധ്യപ്പെട്ടു. നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കിയിരുന്നത്. ഇതിനു ശേഷം 15.28 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ തിരിച്ച് ബാങ്കിലേക്ക് എത്തിയെന്നാണ് റിസര്‍വ് ബാങ്ക് രേഖാമൂലം അറിയിച്ചത്. ഇത് കണക്കുകൂട്ടുകയാണെങ്കില്‍ ബാങ്കുകളിലേക്ക് തിരിച്ചെത്താത്തത് വെറും 10,720 കോടി രൂപയുടെ കറന്‍സികള്‍ മാത്രം. ഇതില്‍ തന്നെ അസാധുവാക്കപ്പെട്ട 1000 രൂപ നോട്ടുകള്‍ ഏറക്കുറേ പൂര്‍ണമായും തിരിച്ചെത്തിയതായും കണ്ടെത്തിയിരുന്നു.
കള്ളപ്പണവും കള്ളനോട്ടുമായി അഞ്ചു ലക്ഷം കോടി രൂപ വരെ ഉണ്ടാവാമെന്നാണു മോദിയും കൂട്ടരും വാദിച്ചിരുന്നത്. നോട്ട് നിരോധനത്തിലൂടെ ആകെ പിടികൂടിയത് 7,62,072 എണ്ണം കള്ളനോട്ടുകള്‍ മാത്രമാണ്. ഇതിന്റെ മൂല്യം റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരുന്നില്ല. കള്ളപ്പണക്കാരെയും കള്ളനോട്ടടിക്കാരെയും പിടികൂടാനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് സംഘപരിവാരം വിശേഷിപ്പിച്ച നോട്ട് നിരോധനത്തിനു പകരം പുതിയ 2000, 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രം ചെലവിട്ടത് 8000 കോടി രൂപയാണ്.
നോട്ട് നിരോധനം വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളാണു സമ്മാനിച്ചത്. എന്നിട്ടും നിരോധനത്തെ അനുകൂലിക്കുന്നവര്‍ ഇപ്പോഴും പറയുന്നത് ശരിയായ ഫലം അറിയാന്‍ ഇനിയും ഏറെക്കാലം കാത്തിരിക്കണമെന്ന പരിഹാസ്യം നിറഞ്ഞ മറുപടികളാണ്. മൊബൈല്‍ ബാങ്കിങ് പോലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതായാണു അനുകൂലികള്‍ ആകെ നേട്ടമായി കാണുന്നത്.
സാധാരണക്കാര്‍ ദുരിതത്തിലായി, സമ്പദ്ഘടന ഇടിഞ്ഞു, അസംഘടിത മേഖല തകര്‍ന്നു തുടങ്ങിയ ദുരവ്യാപക പ്രത്യാഘാതങ്ങളാണ് നോട്ടുനിരോധനം ഉണ്ടാക്കിയതെന്ന് ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. കാര്‍ഷിക വ്യവസായ, ചെറുകിട വ്യവസായ മേഖലയെയൊന്നാകെ പിടിച്ചുലയ്ക്കുകയും ചെയ്തു. ഒരുഘട്ടത്തില്‍ നോട്ട് നിരോധനത്തെ തിരഞ്ഞെടുപ്പുകളില്‍ ഉയര്‍ത്തിക്കാട്ടാമെന്നു വ്യാമോഹിച്ച മോദിയും സംഘപരിവാരവും എല്ലാം തകിടം മറിഞ്ഞതോടെ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അയോധ്യയിലെ രാമക്ഷേത്രം പോലുള്ള വര്‍ഗീയധ്രുവീകരണ വിഷയങ്ങളെ ആശ്രയിക്കുന്നതു തന്നെ നോട്ടുനിരോധനത്തിന്റെ പരാജയം സമ്മതിക്കുന്നതാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss