|    Oct 22 Sun, 2017 8:39 am
Home   >  Pravasi   >  

ഇന്ത്യന്‍ വിസകള്‍ക്കുള്ള വിലക്ക് നീങ്ങിയതായി സൂചന

Published : 20th March 2017 | Posted By: fsq

 

ദോഹ: പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലായതോടെ വിസ മാറ്റം വളരെ എളുപ്പത്തിലായതായി ലേബര്‍, ഇമിഗ്രേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര് പറയുന്നു. ഒരു കമ്പനിയില്‍നിന്ന് മറ്റൊരു കമ്പനിയിലേക്ക് വിസ മാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പ്രൊഫഷന്‍, ദേശം, ലിംഗം നിയന്ത്രണങ്ങള്‍ നേരത്തേ നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള ഏതാനും രാജ്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീങ്ങിയത്. ഇപ്പോള്‍ പ്രൊജക്ട് വിസകളുള്‍പ്പെടെ നിയന്ത്രണങ്ങളില്ലാത്ത വിസ മാറ്റമാണ് നടക്കുന്നത്. അതേസമയം, വീട്ടു വിസയിലുള്ളവര്‍ക്ക് കമ്പനി വിസയിലേക്കു മാറുന്നതിനുള്ള വിലക്ക് തുടരുന്നുണ്ട്. രാജ്യത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ ആധിക്യം നിയന്ത്രിക്കുന്നതിനും സന്തുലിതാവസ്ഥ പാലിക്കുന്നതിനുമായാണ് ഏതാനും വര്‍ഷങ്ങളായി ഇന്ത്യ, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിസ മാറ്റം തടഞ്ഞിരുന്നത്. ഇത് ചില കമ്പനികളില്‍ മാത്രമാണ് ബാധകമായിരുന്നത്. പ്രോജക്ട് വിസകളില്‍ വരുന്നവര്‍ മറ്റു തൊഴില്‍ വിസകളിലേക്കു മാറുന്നതും തടഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ വിസമാറ്റങ്ങള്‍ തടസമില്ലാതെ നടക്കുന്നു. പുതിയ  തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്ന ഏതാനും ആഴ്ചകളില്‍ നിബന്ധനകള്‍ യോജിക്കുന്ന വിസ ക്വാട്ടയുണ്ടെങ്കില്‍ മാത്രമേ മാറ്റം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍, രാജ്യത്തേ കമ്പനികള്‍ക്കും ജോലിക്കാര്‍ക്കും പ്രയാസകരമായ നിബന്ധന ഒഴിവാക്കുകയായിരുന്നു. കമ്പനി പൂട്ടിപ്പോയും ജോലിയില്ലാതെയും പ്രൊജക്ട് തീര്‍ന്നും രാജ്യത്ത് തുടരേണ്ടി വരുന്നവര്‍ക്കെല്ലാം ഇളവ് ഗുണകരമായി. ജോലി മാറാന്‍ കഴിയാതെ രാജ്യത്ത് തുടരുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നതും വിസമാറ്റ ചട്ടത്തില്‍ ഇളവ് വരുത്താന്‍ പ്രേരണയായതായി നീരീക്ഷിക്കപ്പെടുന്നു. തൊഴിലാളികള്‍ക്ക് നിലവിലുള്ള പ്രൊഫഷനില്‍ തന്നെ മറ്റു കമ്പനികളിലേക്ക് മാറാം എന്നതും ആശ്വാസമാണ്. പ്രൊഫഷന്‍ മാറ്റുന്നതിന് നേരത്തേയുണ്ടായിരുന്ന നിബന്ധനകളും നടപടികളും തുടരുന്നുമുണ്ട്.വിസ മാറുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ പഴയ സ്‌പോണ്‍സറുടെ അനുമതിയോ രേഖകളോ ഇല്ലാതെയും വിസ മാറ്റാനാകുന്നുണ്ട്. പ്രവര്‍ത്തനം നിര്‍ത്തുകയോ പ്രശ്‌നത്തിലാകുകയോ ചെയ്ത കമ്പനികളില്‍ പ്രവര്‍ത്തിച്ചു വന്ന ജീവനക്കാര്‍ക്ക് ഇതു സഹായകമാണ്. തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ സൗകര്യം. അതേസമയം കാലാവധി കഴിയാത്തവര്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ ഇരു കമ്പനികളുടെയും സമ്മതത്തോടെയും വിസ മാറ്റം നടത്താനാകുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക