|    Jul 20 Fri, 2018 12:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യന്‍ വംശജനായ ഡോക്ടറെ യുഎസില്‍ കുത്തിക്കൊന്നു

Published : 16th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസിലെ കാന്‍സസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രോഗിയായ യുവാവിന്റെ കുത്തേറ്റു മരിച്ചു. തെലങ്കാന നാല്‍ഗൊണ്ട സ്വദേശിയും മനോരോഗ വിദഗ്ധനുമായ അച്യുത റെഡ്ഡിയാണ് (57) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍വംശജന്‍ തന്നെയായ ഉമര്‍ റാഷിദ് ദത്ത് (21) എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു.ഇന്ത്യന്‍ സമയം ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. പ്രശസ്ത യോഗ പരിശീലകനും ഫിറ്റ്‌നസ് വിദഗ്ധനുമാണ് കൊല്ലപ്പെട്ട അച്യുത റെഡ്ഡി. റെഡ്ഡിയുടെ കീഴില്‍ ചികില്‍സയില്‍ കഴിയുന്ന ആളാണ് ഉമര്‍ റാഷിദ് ദത്ത് എന്നു പോലിസ് പറഞ്ഞു. ഡോക്ടറെ കാണാനായി കിഴക്കന്‍വിച്ചിറ്റ സിറ്റിയിലെ ക്ലിനിക്കിലെത്തിയശേഷം കൈയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടറെ പിന്തുടര്‍ന്ന് ദേഹമാസകലം മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ക്ലിനിക്കിനു പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ശബ്ദം കേട്ട് ക്ലിനിക്കിലെ മാനേജര്‍ എത്തിയപ്പോള്‍ ഉമര്‍ അദ്ദേഹത്തെ കുത്തുന്നതാണ് കണ്ടത്. ഉടന്‍ കാറില്‍ രക്ഷപ്പെട്ട ഉമറിനെ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ക്ലബ്ബില്‍ നിന്നാണ് പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തില്‍, വസ്ത്രം നിറയെ രക്തവുമായി ഒരു യുവാവ് കാറിലിരിക്കുന്നത് കണ്ട ചിലര്‍ പോലിസിനെ അറിയിച്ചതാണ് കൊലപാതകിയെ പിടികൂടാന്‍ സഹായക—മായത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഹോളിസ്റ്റിക് സൈക്യാട്രിക് സര്‍വീസ് ക്ലിനിക് എന്ന സ്ഥാപനമാണ് അച്യുത റെഡ്ഡി നടത്തിയിരുന്നത്. ഹൈദരാബാദിലെ ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു അദ്ദേഹം മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് രണ്ടു പതിറ്റാണ്ടിലേറെയായി കന്‍സാസിലാണ് ഇദ്ദേഹവും കുടുംബവും കഴിഞ്ഞിരുന്നത്. ബീന റെഡ്ഡിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഈ വര്‍ഷം അമേരിക്കയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഡോക്ടര്‍ അച്യുത റെഡ്ഡി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss