|    May 27 Sat, 2017 9:20 pm
FLASH NEWS

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ സാര്‍ക്ക് സമ്മേളന കവാടത്തില്‍ തടഞ്ഞു

Published : 8th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സാര്‍ക്ക് ഉച്ചകോടി റിപോര്‍ട്ട് ചെയ്യാന്‍ ഇസ്‌ലാമാബാദിലെത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പാക് ഉദ്യോഗസ്ഥരുടെ കടുത്ത അവഹേളനം നേരിടേണ്ടിവന്നതായി റിപോര്‍ട്ട്. പകയോടെ പെരുമാറിയ പാക് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉദ്ഘാടനച്ചടങ്ങിലേക്കു പ്രവേശനം നിഷേധിച്ചുവെന്നു മാത്രമല്ല സമ്മേളനനഗരിയുടെ കവാടത്തില്‍ നില്‍ക്കുന്നതുപോലും വിലക്കി. പാക് ആഭ്യന്തരമന്ത്രി സമ്മേളന പ്രതിനിധികളെ സ്വീകരിക്കുന്നതിനിടെയുണ്ടായ ഈ വിലക്ക് വാക്ക് തര്‍ക്കത്തിനും ഇടയാക്കി.
ഉച്ചകോടി റിപോര്‍ട്ട് ചെയ്യാന്‍ ആറ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു വിസ അനുവദിച്ചിരുന്നുവെങ്കിലും പാക് പ്രധാനമന്ത്രി നവാസ്ശരീഫ് പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിലേക്കുള്ള പ്രവേശനം നിഷേധിച്ചു.  പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പ്രതിനിധികളെ സ്വീകരിക്കുമ്പോള്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കവാടത്തിനു സമീപം നില്‍ക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എത്തുന്നത് ചിത്രീകരിക്കാന്‍ പാക് മാധ്യമപ്രവര്‍ത്തര്‍ക്കൊപ്പം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും കാമറകളുമായി നിലയുറപ്പിച്ചിരുന്നു. അതിനിടെ, പാക് ഉദ്യോഗസ്ഥരെത്തി കവാടത്തിനു പുറത്തുനില്‍ക്കാന്‍പോലും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതിയില്ലെന്നറിയിക്കുകയും സ്ഥലംവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കാമറകള്‍ മാറ്റാനുള്ള നിര്‍ദേശം ഉയര്‍ന്നതോടെ സംഭവത്തില്‍ ഇടപെട്ട മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പാക് ഉദ്യോഗസ്ഥന്‍ നിലപാട് കടുപ്പിച്ചതോടെ നയതന്ത്ര പ്രതിനിധിയും പാക് ഉദ്യോഗസ്ഥരും തമ്മില്‍ കടുത്ത വാക്ക് തര്‍ക്കമുണ്ടായി. അതിനിടെ, ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കാഴ്ച മറയ്ക്കാന്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പാക് ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കുകവരെയുണ്ടായി. തുടര്‍ന്നു മഫ്തിയിലെത്തിയ പോലിസുകാര്‍ ഉള്‍പ്പെടെ മാധ്യമപ്രതിനിധികളെ വളഞ്ഞതോടെ ചിത്രീകരണം അസാധ്യമായി. ഇതോടെ, ഇന്ത്യാ-പാക് ആഭ്യന്തരമന്ത്രിമാരുടെ ഹസ്തദാനം പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു സാധിച്ചില്ല.  സാര്‍ക്ക് പ്രോട്ടോക്കോള്‍ അനുസരിച്ച് ആതിഥേയ രാഷ്ട്രത്തിന്റെ ഉദ്ഘാടനപ്രസംഗം മാധ്യമങ്ങള്‍ക്ക് മുമ്പിലും മറ്റു ചടങ്ങുകള്‍ കാമറയിലും ചിത്രീകരിക്കുകയാണ് പതിവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day