|    Sep 20 Thu, 2018 8:41 pm
FLASH NEWS
Home   >  Pravasi   >  

ഇന്ത്യന്‍ മാധ്യമങ്ങളുടെ കോര്‍പറേറ്റ്‌വല്‍ക്കരണം ഏറ്റവും വലിയ വെല്ലുവിളി: എം വി നികേഷ്‌കുമാര്‍

Published : 21st January 2017 | Posted By: fsq

 

ജിദ്ദ: ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമങ്ങളുടെ കോര്‍പറേറ്റ്‌വല്‍ക്കരണമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപോര്‍ട്ടര്‍ ചാനല്‍ എം.ഡിയുമായ എം വി നികേഷ്‌കുമാര്‍. പ്രാദേശിക മാധ്യമങ്ങള്‍ പോലും കോര്‍പറേറ്റുകളുടെതായി മാറുന്ന സ്ഥിതിവിശേഷം അപകടകരമാണ്. ഇതിനു പുറമേ മതങ്ങളും മഠങ്ങളും മാധ്യമമേഖലയെ കയ്യടക്കിവച്ചിരിക്കുന്നു. സ്വതന്ത്ര മാധ്യമപ്രവ ര്‍ത്തനം പ്രയാസകരമായി. അധികാര സ്ഥാനത്തുള്ളവര്‍ക്കുവേണ്ടി ഏതു തെറ്റും മറച്ചുവച്ചും കുറ്റകൃത്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയുമുള്ള പ്രവണതക്ക് കോര്‍പറേറ്റ് ആധിപത്യം ആക്കം കൂട്ടും. ഡല്‍ഹി സര്‍വകലാശാലയിലെ സംഭവങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ തെറ്റായി റിപോര്‍ട്ട് ചെയ്ത രീതിയും അദ്ദേഹം ഉദാഹരിച്ചു. ഇക്കാര്യത്തില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരാണ് കുറച്ചെങ്കിലും മാന്യത പുലര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറവുമായുള്ള സൗഹൃദഭാഷണത്തിലാണ് അദ്ദേഹം മനസുതുറന്നത്. ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍ ഇരയെയും അവരുടെ കുഞ്ഞിനെയും അന്ന് ടിവിയില്‍ കാണിച്ചത് തെറ്റായിരുന്നു. അങ്ങനെ കാണിക്കരുതെന്ന് അന്ന് നിയമുണ്ടായിരുന്നില്ലെങ്കിലും ഇരയെ കാണിക്കാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് ഇരയുടെ കുഞ്ഞിനെയെങ്കിലും മറയ്ക്കണമായിരുന്നു. തെറ്റുസംഭവിച്ചതില്‍ ഖേദമുണ്ട്. സോളാര്‍ കേസില്‍ തന്റെ നിലപാടില്‍ ഒരു തെറ്റും ഉണ്ടായിട്ടില്ല. കേരള രാഷ്ട്രീയത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ കേസിനു പിന്നാലെ പോയത്. ഈ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്. അപ്പോള്‍ യാഥാര്‍ഥ്യം ബോധ്യമാവുമെന്നും തന്റെ നിലപാടിലെ ശരി അന്നു മനസിലാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ ഏകപക്ഷീയമായി അതിക്രമം അഴിച്ചിവിട്ടിട്ടും ജനങ്ങളുടെ പിന്തുണ ലഭിക്കാതെ പോയത് മാധ്യമപ്രവര്‍ത്തകരുടെ അഹന്തകൊണ്ടാണ്. പത്രലേഖകരുടെ മുഖവും ഭാവവുമെല്ലാം തങ്ങള്‍ എല്ലാത്തിനും മുകളിലെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് ജനങ്ങളില്‍ മടുപ്പുണ്ടാക്കിയിരുന്നു. അതിന്റെ ഫലമായാണ് വനിതാ പത്രപ്രവര്‍ത്തകര്‍ക്കു നേരെ പോലും ക്രൂരമായ അതിക്രമം ഉണ്ടായിട്ടും ജനങ്ങളേതേറ്റെടുക്കാതിരുന്നത്്. ഇതു തിരിച്ചറിയാന്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറാവണം. വാര്‍ത്തകളെല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് പോകുന്ന കാലം അതിവിദൂരമല്ല. ഡിജിറ്റല്‍ ഫോര്‍മാറ്റെന്നാല്‍ ടെലിവിഷനുകള്‍ പിന്നോട്ടും പത്രം മുന്നോട്ടും പോയുള്ള മാറ്റമാണ്. ടെലിവിഷന്‍ വാര്‍ത്തകളോട് 90 കളില്‍ ഉണ്ടായിരുന്നതുപോലുള്ള ആര്‍ത്തി ഇന്നാര്‍ക്കുമില്ല. ഇന്റര്‍നെറ്റ് പോര്‍ട്ടലുകളിലൂടെയും വാട്‌സ്ആപ് പോലുള്ള പലവിധ മാര്‍ഗങ്ങളിലൂടെയും കാര്യങ്ങള്‍ അറിയാനുള്ള സൗകര്യമുണ്ടായപ്പോഴാണ് ഈ മാറ്റം വന്നത്. നോട്ട് റദ്ദാക്കല്‍ ജനങ്ങളെ വലച്ചുവെങ്കിലും പണത്തിന്റെ വില മനസിലാക്കാന്‍ അതു സഹായിച്ചു. ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ വിലയറിയാതെ കേരളത്തിലുള്ളവര്‍ ധൂര്‍ത്തിലും ആഡംബരത്തിലും അഭിരമിക്കുന്ന പ്രവണത വര്‍ധിക്കുന്നതിനിടെയുണ്ടായ നോട്ട് റദ്ദാക്കല്‍ പണത്തിന്റെ വിലയറിയാന്‍ സഹായിച്ചിട്ടുണ്ട്. സഹജീവികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിലും അതു അധികാരികളുടെ മുന്നില്‍ എത്തിക്കുന്നതിലും കേരളത്തിലെ പത്രപ്രവര്‍ത്തകരേക്കാ ള്‍ ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.വാര്‍ത്താ അവതാരകന്‍ അല്ലെങ്കില്‍ വാര്‍ത്തകള്‍ നിശ്ചയിക്കുന്നയാള്‍ എന്ന നിലയില്‍ ഇനി ടിവിയില്‍ പ്രത്യക്ഷപ്പെടില്ല. അതേസമയം, തന്റെ രാഷ്ട്രീയം ജനങ്ങള്‍ മനസിലാക്കിക്കൊണ്ടുതന്നെ എല്ലാവര്‍ക്കും സ്വീകാര്യമായ ടെലിവിഷന്‍ ഷോകളുമായി താമസിയാതെ രംഗത്തുവരുമെന്നും നികേഷ്‌കുമാര്‍ വെളിപ്പെടുത്തി. മീഡിയ ഫോറം പ്രസിഡന്റ് പി എം മായിന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍, ഖജാഞ്ചി സുല്‍ഫിക്കര്‍ ഒതായി സംസാരിച്ചു. സിറാജ്, ഹാഷിം കോഴിക്കോട് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss