|    Dec 14 Fri, 2018 9:14 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമുള്ളതാക്കും വി.കെ. സിംങ്

Published : 14th August 2018 | Posted By: ke

ദുബയ്: ഒരു കാലത്ത് പുച്ചത്തോടെ കണ്ടിരുന്ന ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ട് അഞ്ച് വര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും ശക്തമായതാകുമെന്നും രാജ്യാന്തര തലത്തില്‍ ഇന്ത്യക്കിത് കൂടുതല്‍ അഭിമാനകരമായ സാഹചര്യം ഒരുക്കുമെന്നും കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.കെ സിംഗ്. വിദേശ പര്യടനത്തിനിടെ ദുബയിലെത്തിയ മന്ത്രി സിംഗിനുള്ള ബഹുമാനാര്‍ത്ഥം ദുബയ്് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇപ്പോള്‍ തന്നെ ശക്തമാവുകയാണ്. ഏതെങ്കിലും രാജ്യങ്ങളില്‍ കുടുങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേകമായി തന്നെ വിദേശകാര്യ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയും യുഎഇയുമായുള്ള സൗഹൃദം ചിന്തകള്‍ക്കതീതമായി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ 50 കോടി ജനങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ‘ആയുഷ്മാന്‍ ഭാരത്’ എന്ന ആരോഗ്യ പദ്ധതി സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നും ഇന്ത്യയിലെ ആരോഗ്യചികില്‍സാ രംഗത്തെ പുരോഗതിയുടെ ഭാഗമായാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് എല്ലാ രംഗങ്ങളിലും ഇന്ത്യ നടത്തിയ കുതിപ്പും മുന്നേറ്റവും ലോകം തിരിച്ചറിയുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ ഇന്ത്യയുമായി നിര്‍ണായക കരാറുകളില്‍ എത്തുന്നത് ഇതിന്റെ ഭാഗമാണ്.
എല്ലാ രംഗത്തും ഇന്ത്യക്കാരുടെ ജീവിത നിലവാരം ഉയര്‍ന്നിട്ടുണ്ട്. സാധാരണ ചെരുപ്പിടുന്നവര്‍ക്ക് പോലും വിമാന യാത്ര നടത്താവുന്ന വിധത്തില്‍ ഇന്ത്യയിലെ ഗതാഗത രംഗം പുരോഗമിച്ചു. ‘ഉഡാന്‍’ പദ്ധതി അനുസരിച്ച് ഇന്ത്യയിലെ ആഭ്യന്തര വ്യോമഗതാഗതം സാധാരണക്കാര്‍ക്ക് ചെലവ് കുറഞ്ഞ വിമാന യാത്ര ഉറപ്പു വരുത്തുന്നുണ്ട്. സാഗര്‍മാല പദ്ധതിയനുസരിച്ച് ഇന്ത്യയുടെ ജലഗതാഗതവും ഏറെ മുന്നേറി. നിരവധി തുറമുഖങ്ങളാണ് ഈ പദ്ധതിയനുസരിച്ച് വികസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒട്ടേറെ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വ്യാപാരവാണിജ്യ രംഗങ്ങളില്‍ ഇന്ത്യയിലുണ്ടായ വിദേശ നിക്ഷേപങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി സംഘടനകള്‍ തമ്മിലടിക്കാതെ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഏറ്റവും മികച്ച നിലയിലാണിപ്പോള്‍. ഇന്ത്യയെ കുറിച്ചും ഇന്ത്യക്കാരെ കുറിച്ചും യുഎഇ ഭരണാധികാരികള്‍ക്ക് മികച്ച അഭിപ്രായമാണുള്ളത്. അഭിമാനകരമായ ആ നേട്ടം നേടിയ ഇന്ത്യന്‍ സമൂഹം അനുമോദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഭാര്യ ഭാരതി സിംഗും ചടങ്ങില്‍ സംബന്ധിച്ചു.
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരി സ്വാഗതം പറഞ്ഞു. ഡോ. ബി.ആര്‍ ഷെട്ടി ആശംസ നേര്‍ന്നു. ആക്ടിംണ് കോണ്‍സല്‍ ജനറല്‍ സുമതി വാസുദേവ് നന്ദി പ്രകാശിപ്പിച്ചു. നേരത്തെ ഔപചാരിക ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് കഥക്, ഭരതനാട്യം എന്നീ കലാപരിപാടികള്‍ അരങ്ങേറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss