|    Dec 15 Sat, 2018 8:00 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഇന്ത്യന്‍ നാഷനല്‍ ലീഗ് പിളരുമ്പോള്‍ സംഭവിക്കുന്നത്

Published : 25th April 2018 | Posted By: kasim kzm

ഇന്ത്യന്‍ നാഷനല്‍ ലീഗ് പിളര്‍ന്ന് ഐഎന്‍എല്‍ (ഡെമോക്രാറ്റിക്) എന്ന പേരില്‍ പുതിയൊരു രാഷ്ട്രീയപ്പാര്‍ട്ടി കൂടി ഉണ്ടായതോടെ മുസ്‌ലിം രാഷ്ട്രീയം ഒരു വിഭജനത്തിനു കൂടി വിധേയമായിരിക്കുകയാണ് എന്നു വേണമെങ്കില്‍ പറയാം. ഒരുകാലത്ത് ഇന്ത്യന്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും അതിശക്തമായി പോരാടിയ ജനപ്രിയനേതാവായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സ്ഥാപിച്ച പാര്‍ട്ടിയാണ് ഐഎന്‍എല്‍. താന്‍ ദേശീയാധ്യക്ഷനായുള്ള മുസ്‌ലിംലീഗ് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നടത്തേണ്ട പോരാട്ടങ്ങളില്‍ പുലര്‍ത്തുന്ന അലംഭാവത്തില്‍ മനംമടുത്താണ് അദ്ദേഹം പുതിയ രാഷ്ട്രീയകക്ഷിയുണ്ടാക്കിയത്.
ബാബരി മസ്ജിദ് പ്രശ്‌നത്തിലുള്‍പ്പെടെ മുസ്‌ലിംലീഗ് അധികാര രാഷ്ട്രീയത്തോടു പുലര്‍ത്തിപ്പോന്ന വിധേയത്വമാണ് സേട്ടുസാഹിബിനെ വ്യഥിതനാക്കിയതും മുസ്‌ലിംകളുടെ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ വേണ്ടി പുതിയൊരു രാഷ്ട്രീയം രൂപപ്പെടുത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയതും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പ്രതീക്ഷിച്ച ജനപിന്തുണ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുണ്ടായില്ല. കൃത്യമായ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുകയും ന്യൂനപക്ഷ പിന്നാക്ക ഐക്യനിര കെട്ടിപ്പടുക്കുന്നതിനു ക്രിയാത്മക നേതൃത്വം നല്‍കുകയും ചെയ്യാന്‍ അദ്ദേഹത്തിനോ ‘സ്‌പെന്റ് ഫോഴ്‌സ്’ ആയിക്കഴിഞ്ഞ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ക്കോ കഴിഞ്ഞതുമില്ല. ആള്‍ബലത്തിന്റെയും ആശയപരമായ ഉള്ളടക്കത്തിന്റെയും അഭാവത്തില്‍പ്പെട്ട്, പല വാതിലുകള്‍ മുട്ടി നിരാശരാവുകയും ചെയ്തശേഷം, കേരളത്തിലെ ഇടതുമുന്നണിയുടെ അടുക്കളത്തിണ്ണയില്‍, അവര്‍ വല്ല എല്ലുതുണ്ടും ഇട്ടുതരുമെന്ന പ്രതീക്ഷയില്‍, വൃഥാ കാത്തുനില്‍ക്കുകയാണ് പാര്‍ട്ടിയിപ്പോള്‍. ഇങ്ങനെയൊരു പാര്‍ട്ടി പിളര്‍ന്നു രണ്ടാവുന്നത് ഒരിടത്തും ഒരു ചലനവും സൃഷ്ടിക്കുകയില്ല. ന്യൂനപക്ഷങ്ങളെ സാമാന്യമായോ മുസ്‌ലിംകളെ സവിശേഷമായോ അത് ഒരു നിലയ്ക്കും ബാധിക്കുകയുമില്ല.
എങ്കിലും മറ്റൊരു നിലയ്ക്ക് ഐഎന്‍എല്ലില്‍ ഉണ്ടായിട്ടുള്ള ഈ പിളര്‍പ്പ് ന്യൂനപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ചില പ്രസക്ത പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരിക്കലും അണയാത്ത കണ്ണുമായി സദാ ജാഗരൂകമായി കഴിയേണ്ട അവസ്ഥയിലൂടെയാണ് മുസ്‌ലിം ന്യൂനപക്ഷം ഇന്ന് കടന്നുപോവുന്നത്. ഈ സമയത്ത് മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികള്‍ എങ്ങനെയാണ് കാര്യങ്ങള്‍ കൊണ്ടുനടത്തുന്നത് എന്നു നാം ആലോചിക്കണം. ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ കേരളത്തിലെങ്കിലും പ്രബലമായ മുസ്‌ലിംലീഗിന് പറ്റുന്ന പിഴവുകള്‍ ഏറെയാണ്. പകരം വരുന്ന രാഷ്ട്രീയകക്ഷികളും അധികാര മല്‍സരങ്ങളുടെ ഫലമായി തകരുകയാണ്.
ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലും പല ഘട്ടങ്ങളിലും പല മുസ്‌ലിം രാഷ്ട്രീയ കൂട്ടായ്മകളും രൂപപ്പെടാറുണ്ട്. പക്ഷേ, നേതാക്കന്‍മാരുടെ അഹംബോധങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തില്‍ മിക്കതും തകര്‍ന്നുപോവാറാണ് പതിവ്. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള ചക്കളത്തിപ്പോരാട്ടത്തിനിടയില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ വിസ്മരിക്കപ്പെടുന്നു. ഈ രീതിയിലാവരുത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സഞ്ചാരം. കൃത്യമായ ആസൂത്രണത്തോടെ മാത്രമായിരിക്കണം അതിന്റെ പ്രവര്‍ത്തനം. കൊതിക്കെറുവു കൊണ്ട് പിളര്‍ന്ന് വേറെ പാര്‍ട്ടിയുണ്ടാക്കുന്ന ‘പേട്ടുതേങ്ങ’കളോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss