|    May 28 Sun, 2017 6:01 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പരാതി ഖത്തറില്‍

Published : 13th August 2016 | Posted By: SMR

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ഇന്ത്യന്‍ എംബസികളില്‍ ലഭിച്ച പരാതികളില്‍ ഏറ്റവും കൂടുതല്‍ ഖത്തറിലെന്ന് റിപോര്‍ട്ട്. ലോക്‌സഭയില്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2014നും 2016 ജൂലൈക്കുമിടയില്‍ 55,119 പരാതികളാണ് തൊഴില്‍ സംബന്ധമായി ലഭിച്ചത്.
ഗള്‍ഫിലെയും മലേസ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെയും ഒമ്പത് എംബസികളിലാണ് ഇത്രയും പരാതികള്‍ കിട്ടിയത്. ഇതില്‍ പകുതിയോളം സൗദി അറേബ്യയില്‍ നിന്നും ഖത്തറില്‍ നിന്നുമാണ്.
ബാക്കി ഗള്‍ഫ് രാജ്യങ്ങളായ ബഹ്‌റയ്ന്‍, കുവൈത്ത്, ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ എംബസികളിലാണ് ലഭിച്ചത്.
ആകെ ലഭിച്ച 55,119 പരാതികളില്‍ ഖത്തറില്‍ 13,624 പരാതികള്‍ ഉള്‍പ്പെടുന്നതായി റിപോര്‍ട്ട് പറയു്‌നനു. സൗദി അറേബ്യ 11,195, കുവൈത്ത് 11,103, മലേസ്യ 6,346 എന്നിങ്ങനെയാണ് മറ്റിടങ്ങിലെ കണക്കുകള്‍. ഖത്തറില്‍ 2013ല്‍ 3558, 2014ല്‍ 3943, 2015ല്‍ 3868, 2016 ജൂണ്‍ വരെ 2273 എന്നിങ്ങനെയാണ് ലഭിച്ച പരാതികളുടെ എണ്ണം. പരാതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലോക്‌സഭാ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശമ്പളം വൈകല്‍, ലഭിക്കാതിരിക്കല്‍, കൂടുതല്‍ സമയം തൊഴിലെടുപ്പിക്കല്‍, മോശമായ ജീവിത സാഹചര്യം, ശാരീരിക പീഢനം, വിസയും ലേബര്‍ കാര്‍ഡും സമയത്ത് പുതുക്കാതിരിക്കല്‍ തുടങ്ങിയവ പരാതികളില്‍ ഉള്‍പ്പെടുന്നതായി ക്വിന്റ് എന്ന പ്രസിദ്ധീകരണത്തെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ചികില്‍സാ ചെലവ് നിഷേധിക്കുക, കരാര്‍ കാലാവധി കഴിഞ്ഞിട്ടും ലീവും നാട്ടിലേക്കുള്ള ടിക്കറ്റും നിഷേധിക്കുക, പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുക, എക്‌സിറ്റ് പെര്‍മിറ്റ് നല്‍കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ ഉള്‍പ്പെടുന്നതായി റിപോര്‍ട്ടില്‍  പറയുന്നു. ഇതു സംബന്ധമായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രതികരിക്കാന്‍ വിസമ്മതിച്ചതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ എംബസി വെബ്‌സൈറ്റിലെ കണക്കു പ്രകാരം ഈ വര്‍ഷം ജൂലൈ വരെ 2,419 പരാതികളാണ് ലഭിച്ചിട്ടുള്ളത്. 2015ല്‍ ആകെ 4,132 പരാതികളാണ് ലഭിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ഈ വര്‍ഷവും അത്ര തന്നെ പരാതികള്‍ ലഭിക്കനാണ് സാധ്യത.
പരാതികള്‍ ലഭിക്കുന്ന മുറയ്ക്കനുസരിച്ച് ബന്ധപ്പെട്ട രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി യോജിച്ച് പരാതികള്‍ക്ക് പരിഹാരം കാണാറുണ്ടെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day