|    Nov 17 Sat, 2018 2:21 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യമടുത്തുവോ?

Published : 6th November 2018 | Posted By: kasim kzm

ശംസുല്‍ ഇസ്‌ലാം

സമൂഹത്തിലെ ജനാധിപത്യവും ഉദാരവാദവും സമത്വവും ഹിന്ദുത്വരഥം ചവിട്ടിമെതിക്കുന്നതിന്റെ ദുഃഖകരമായ ദൃശ്യങ്ങള്‍ക്കു സാക്ഷിയാവുകയാണ് രാജ്യം. രഥമോടിക്കുന്ന ആര്‍എസ്എസ് വിഷംനിറഞ്ഞ ഈ പ്രചാരണത്തില്‍ ഒട്ടും ലജ്ജിക്കുന്നവരല്ല; പകരമതില്‍ അഭിമാനിക്കുകയാണവര്‍. കുറച്ചു മുമ്പുവരെ ആര്‍എസ്എസ് തങ്ങളൊരു അരാഷ്ട്രീയപ്രസ്ഥാനമാണെന്നാണ് അവകാശപ്പെട്ടുകൊണ്ടിരുന്നത്. ആര്‍എസ്എസുകാരായ വാജ്‌പേയിയും അഡ്വാനിയും രാജ്യത്തിന്റെ ഭരണകര്‍ത്താക്കളായിരുന്നപ്പോള്‍പോലും അവര്‍, തങ്ങള്‍ വെറുമൊരു സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനമാണെന്നും തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ ഒട്ടും താല്‍പര്യമില്ലെന്നുമാണ് പറഞ്ഞിരുന്നത്. 2000 ഫെബ്രുവരി ആറിന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അതിന്റെ മുഖപ്രസംഗത്തില്‍, ആര്‍എസ്എസ് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്ന് ഉറപ്പിച്ചുപറയുന്നു: ”അതു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ അതിന്റെ ഭാരവാഹികള്‍ ഏതെങ്കിലും കക്ഷിയുടെ ഭാരവാഹികളാവുകയോ ചെയ്യാറില്ല. ആര്‍എസ്എസിന് തിരഞ്ഞെടുപ്പ് ചിഹ്നമില്ല. അതിന്റെ നേതാക്കളോ അംഗങ്ങളോ അധികാരസ്ഥാനങ്ങള്‍ കാംക്ഷിക്കാറില്ല. ദേശീയകര്‍മത്തിന് പ്രചോദനം നല്‍കുന്ന ഒരു സാമൂഹിക-സാംസ്‌കാരിക സംഘടന മാത്രമാണത്.” യഥാര്‍ഥത്തില്‍ ആര്‍എസ്എസിന്റെ നിരോധനം പിന്‍വലിക്കുന്നതിന്റെ നിബന്ധനയായി സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പും അതായിരുന്നു.
ഹിന്ദു ദേശീയവാദി എന്നു സ്വയം നിര്‍വചിക്കുന്ന നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ അവസ്ഥയില്‍ വലിയ മാറ്റമുണ്ടായി. ഇപ്പോള്‍ ആര്‍എസ്എസ് ആണ് കാര്യപരിപാടികള്‍ നിശ്ചയിക്കുന്നതും ജനാധിപത്യ-മതേതര വ്യവസ്ഥയെ വെന്റിലേറ്ററിലാക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്നതും. അതുപോലെ വെന്റിലേറ്ററിലായ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും ബ്യൂറോക്രസിയും പാര്‍ലമെന്റും പ്രസിഡന്റിന്റെ ഓഫിസും നമ്മുടെ ജനാധിപത്യ വ്യവസ്ഥ സംരക്ഷിക്കുക എന്ന ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.
പ്രസിഡന്റോ പ്രധാനമന്ത്രിയോ ഇപ്പോള്‍ മാധ്യമങ്ങളെ കാണുകയോ രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ എന്തെന്നു വിശദീകരിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ആര്‍എസ്എസ് തലവനായ മോഹന്‍ ഭാഗവത്, സര്‍ക്കാര്‍ ഏതു വഴി സ്വീകരിക്കണമെന്നു വിശദീകരിക്കുന്ന പ്രസ്താവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ ഭാഗവതാണ് ഭരണാധികാരി. അദ്ദേഹം വലിയ യോഗങ്ങള്‍ വിളിച്ച് ധ്രുവീകരണത്തെ സഹായിക്കുന്ന തന്റെ ഹിന്ദുത്വ ദേശീയതയുടെ പരിപാടി അവതരിപ്പിക്കുന്നു. വേദിയായി സര്‍ക്കാര്‍ ഉടമയിലുള്ള വിജ്ഞാന്‍ ഭവന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കായിരുന്നു വിജ്ഞാന്‍ ഭവന്‍ മുമ്പ് ഉപയോഗിച്ചിരുന്നത്. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ വച്ച് വീണ്ടും ഭാഗവത് വിളംബരം നടത്തി.
ഭരണഘടനാ വ്യവസ്ഥയോ നീതിന്യായ പ്രക്രിയകളോ തിരസ്‌കരിച്ചുകൊണ്ട് നാഗ്പൂര്‍ വിളംബരത്തില്‍ ഭാഗവത്, 1992 ഡിസംബര്‍ ആറിന് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയാന്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് നിര്‍ദേശിച്ചു. ദാരിദ്ര്യം, വിശപ്പ്, തൊഴിലില്ലായ്മ, ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും സ്ത്രീകള്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ തുടങ്ങിയ എല്ലാ ദേശീയപ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്നും ഇനി രാമക്ഷേത്രം മാത്രമാണ് ബാക്കിനില്‍ക്കുന്നതെന്നുമുള്ള മട്ടിലായിരുന്നു സര്‍സംഘ ചാലക്.
ആര്‍എസ്എസിന്റെ അഭിപ്രായത്തില്‍ 1528-29 കാലത്ത് ബാബര്‍ ചക്രവര്‍ത്തിയുടെ പടത്തലവന്‍ രാമക്ഷേത്രം തകര്‍ത്ത് പണിതതാണ് ബാബരി മസ്ജിദ്. പാര്‍ലമെന്റിനും സുപ്രിംകോടതിക്കും പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനും ആര്‍എസ്എസ് നേതാക്കള്‍ മസ്ജിദിന് ഒരു അപകടവും വരുത്തില്ലെന്ന് 92ല്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ ഭാഗവത് പറയുന്നത് ഹിന്ദുത്വാഭിമാനത്തിനായി ക്ഷേത്രം പണിയണമെന്നാണ്; എങ്കിലേ രാജ്യത്ത് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷമുണ്ടാവൂ.
എന്നാല്‍, 1881നു മുമ്പ് രാമക്ഷേത്രത്തെപ്പറ്റി ആരും ഒന്നും പറഞ്ഞിരുന്നില്ല. 1949ലാണ് ആര്‍എസ്എസ് തന്നെ അതിനെക്കുറിച്ച് സംസാരിക്കുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് അവരത് സംബന്ധിച്ചു നിശ്ശബ്ദത പാലിച്ചു. രാമചരിതമാനസ് എന്ന രാമായണം രചിച്ച തുളസീദാസ് (1532-1623) അങ്ങനെയൊരു ക്ഷേത്രം തകര്‍ത്തതിനെപ്പറ്റി ഒന്നും സൂചിപ്പിക്കുന്നില്ല. അവധി ഭാഷയില്‍ തുളസീദാസ് രചിച്ച കൃതിയാണ് ഉത്തരേന്ത്യയില്‍ രാമാവതാരം ജനകീയമാക്കിയത്. ഇപ്പോള്‍ രാമക്ഷേത്രത്തെപ്പറ്റി ഭാഗവത് പറയുന്നത് തികഞ്ഞ കോടതിയലക്ഷ്യവുമാണ്. കാരണം, സുപ്രിംകോടതി അതുസംബന്ധിച്ച് അലഹബാദ് ഹൈക്കോടതി നല്‍കിയ ഉത്തരവില്‍ മേല്‍വിചാരണ നടത്താനിരിക്കുന്നു.
രസകരമായ കാര്യം, ന്യൂനപക്ഷങ്ങളുടെ ആചാരങ്ങള്‍ വിലക്കുന്ന കോടതി ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കണമെന്ന ശാഠ്യമേ ആര്‍എസ്എസിനുള്ളൂ. സമൂഹം ദീര്‍ഘകാലമായി ആചരിച്ചുവരുന്ന ഒന്നും തടയരുതെന്ന നിലപാടാണ് സംഘപരിവാരത്തിനുള്ളത്. സതി, വിധവാവിവാഹ നിരോധനം, അയിത്തം, ശൈശവവിവാഹം, അടിമവേല തുടങ്ങി എല്ലാം അതില്‍പ്പെടും. അതുകൊണ്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധിക്കെതിരേ തെരുവിലിറങ്ങിയതും ഹിംസാത്മകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതും. ബിജെപി അധ്യക്ഷന്‍ കേരളത്തിലെത്തി ശബരിമല സ്ത്രീപ്രവേശനം ഹിന്ദുക്കള്‍ക്കെതിരേ കമ്മ്യൂണിസ്റ്റുകള്‍ നടത്തുന്ന യുദ്ധമായി വിശദീകരിക്കാന്‍ ശ്രമിച്ചു. എന്‍ഡിടിവിയുടെ റിപോര്‍ട്ട് പ്രകാരം, അമിത് ഷാ ഒരു സ്‌കൂള്‍ ഗുണ്ടയെപ്പോലെയാണ് പ്രസംഗിച്ചത്.
അത് സുപ്രിംകോടതിക്കെതിരായ ഒരാക്രമണം കൂടിയായിരുന്നു. കേരള സര്‍ക്കാര്‍ ആകെ ചെയ്തത് അറിയപ്പെടുന്ന ഹിന്ദു ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ബെഞ്ച് നല്‍കിയ വിധി നടപ്പാക്കാന്‍ ശ്രമിക്കുക മാത്രമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ, ബിജെപിയുടെയും ആര്‍എസ്എസിന്റെയും ലക്ഷ്യം കുറച്ചു വോട്ടുകള്‍ക്ക് വേണ്ടിയുള്ള സാമുദായിക ധ്രുവീകരണം മാത്രമാണ്. ”അത്തരം പൈശാചികതന്ത്രങ്ങള്‍ സ്വീകരിക്കുന്നതിന്റെ ദീര്‍ഘചരിത്രം സംഘപരിവാരത്തിനുണ്ട്. അയ്യപ്പന്റെ ഇരിപ്പിടം തന്നെ സാമൂഹികവിരുദ്ധരുടെയും കുറ്റവാളികളുടെയും താവളമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു”- പിണറായി വിജയന്റെ വാക്കുകള്‍. ആര്‍എസ്എസ് ജനിതകപരമായി തന്നെ ലിംഗവിവേചനത്തില്‍ വിശ്വസിക്കുന്നവരാണ്. സംഘപരിവാരത്തില്‍പ്പെട്ട രാഷ്ട്രസേവികാ സമിതിയിലെ അംഗങ്ങളെ അവര്‍ സേവകരായാണ് കണക്കാക്കുന്നത്; സ്വയംസേവകരായല്ല. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss