|    Sep 22 Fri, 2017 2:51 am

ഇന്ത്യന്‍ കോഫി ഹൗസിനെ തകര്‍ക്കാന്‍ സര്‍ക്കാരും സിഐടിയുവും ശ്രമിക്കുന്നുവെന്ന്

Published : 21st March 2017 | Posted By: fsq

 

തൃശൂര്‍: ഇന്ത്യന്‍ കോഫിഹൗസിനെ തകര്‍ക്കാന്‍ സര്‍ക്കാറും സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയും ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ—ഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സൊസൈറ്റി ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. ജീവനക്കാര്‍ രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുത്ത സൊസൈറ്റി ഭരണസമിതിയെ നോക്കുകുത്തിയാക്കി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അത് ജീവനക്കാര്‍ തടയുക തന്നെ ചെയ്യും.
തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ സൊസൈറ്റി ആസ്ഥാനത്ത് കോടതി ഉത്തരവ് പോലും ലംഘിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ് ബിന്ദുവിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഇതംഗീകരിക്കാനാകില്ല.
സൊസൈറ്റിക്ക് കീഴില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 58 കോഫിഹൗസ് യൂനിറ്റുകളും ജീവനക്കാരുടെ കൂട്ടായ്മയോടെ നല്ല നിലയിലാണ് നടക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഭരണസമിതിയാണ് ഇവിടുള്ളത്.എന്നാല്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അസാന്നിധ്യത്തില്‍ അസി. സെക്രട്ടറി മാത്രമുള്ളപ്പോള്‍ എത്തിയാണ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ചുമതല ഏറ്റെടുക്കാന്‍ ശ്രമിച്ചത്. ഇത് തടഞ്ഞുകൊണ്ടുള്ള ഹൈകോടതി ഉത്തരവും നിലവിലുണ്ട്. എന്നാല്‍ അത് ലംഘിച്ച് ഭരണം പിടിച്ചെടുക്കാനുള്ള ശ്രമഫലമായാണ് സൊസൈറ്റി ആസ്ഥാനത്തുണ്ടായ അതിക്രമങ്ങള്‍.
മുമ്പ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫീസറായിരുന്ന ഈ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ്. മുമ്പ് ഇവിടെ നിന്നും സ്ഥലംമാറ്റപ്പെട്ട അവര്‍ ഭരണം മാറിയപ്പോള്‍ വീണ്ടും ആ സ്ഥാനത്ത് മടങ്ങിയെത്തിയിരിക്കുകയാണ്. ഇതിന് സര്‍ക്കാറിന്റെയും സി.ഐ.ടി.യു സംഘടനയുടേയും പിന്തുണയുണ്ട്. 58 വര്‍ഷത്തോളമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സംവിധാനത്തെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക