|    Mar 20 Tue, 2018 3:38 pm
FLASH NEWS

ഇന്ത്യന്‍ കമ്മ്യൂണിസത്തിന് പറ്റിയതെന്ത്

Published : 7th May 2016 | Posted By: mi.ptk

book

വായന

അംബിക

ടത്തുനിന്നു വലത്തോട്ട് എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ തകര്‍ച്ച വിശകലനം ചെയ്യാനാണ് ടി ജി ജേക്കബ് ശ്രമിക്കുന്നത്. മാര്‍ക്‌സിസത്തെക്കുറിച്ചും ആ സിദ്ധാന്തത്തെ പിന്തുടര്‍ന്നു ലെനിന്‍, സ്റ്റാലിന്‍, മാവോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലോകത്താകമാനം രൂപംകൊണ്ട പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളും ഇന്നും വളരെ പ്രസക്തമാണെന്നു പറഞ്ഞുകൊണ്ടാണ് ഗ്രസ്ഥകാരന്‍ ഈ ചരിത്രാവലോകനത്തിലേക്കു കടക്കുന്നത്.

മുതലാളിത്ത സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധികളിലേക്കു കൂപ്പുകുത്തുമ്പോള്‍ ലോകത്താകമാനമുള്ള സാമ്പത്തിക വിദഗ്ധര്‍ മാര്‍ക്‌സിന്റെ ‘മൂലധന’ത്തിന്റെ പ്രാധാന്യം ഓരോതവണയും തിരിച്ചറിയുന്നു എന്നതുതന്നെയാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം. യൂറോപ്യന്‍ പ്രബുദ്ധതയുടെ ഉല്‍പന്നമായാണ് മാര്‍ക്‌സിസത്തെ ജേക്കബ് കാണുന്നത്. രണ്ടു ലോകയുദ്ധങ്ങളിലൂടെ കടന്നുവന്ന് ലോകത്തെ കമ്മ്യൂണിസ്റ്റ് ചേരിയും മുതലാളിത്ത ചേരിയുമായി വിഭജിച്ച് അമേരിക്കയും സോവിയറ്റ് യൂനിയനും ലോകത്തിന്റെ രണ്ടു കേന്ദ്രങ്ങളായി മാറി. പിന്നീട് സോവിയറ്റ് തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ മൂലധനശക്തിയും ലോകത്താകമാനം യുദ്ധങ്ങളും സംഘര്‍ഷങ്ങളും മനുഷ്യക്കുരുതിയും സാമ്പത്തിക കൊള്ളയടികളും നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനെതിരേ വളരെ ശക്തമായ ചെറുത്തുനില്‍പുകള്‍ പരിസ്ഥിതി, സ്ത്രീ പ്രസ്ഥാനങ്ങളും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുമൊക്കെയായി ഉയര്‍ന്നുവരുന്നുണ്ട്. ഈ ചെറുത്തുനില്‍പുകളെ വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു കഴിയുന്നില്ലെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.  വിപരീതങ്ങളുടെ സംഘട്ടനത്തിലൂടെയാണ് മാനവസമൂഹം ഒരു ഘട്ടത്തില്‍നിന്നു മറ്റൊന്നിലേക്ക് മുന്നേറുന്നതെന്ന വൈരുധ്യാത്മക നിലപാടാണ് മാര്‍ക്‌സിസത്തിന്റേത്. അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുധ്യത്തിന് മുതലാളിത്തം ജന്മമേകുമെന്നും ഈ വൈരുധ്യങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗം ഉല്‍പാദനോപാധികളുടെ സാമൂഹിക വല്‍ക്കരണമാണെന്നും മാര്‍ക്‌സും ഏംഗല്‍സും ഉറച്ചുവിശ്വസിച്ചു.

പക്ഷേ, വര്‍ഗസംഘട്ടനം മൂലം മുതലാളിത്തം നശിച്ച് സോഷ്യലിസം പിറവിയെടുക്കുമെന്ന അനിവാര്യത യാഥാര്‍ഥ്യമായില്ല. മാത്രവുമല്ല, വികസിത മുതലാളിത്ത രാജ്യങ്ങളിലല്ല വിപ്ലവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 1917ലെ റഷ്യന്‍ വിപ്ലവവും പിന്നീട് റഷ്യയേക്കാള്‍ അവികസിതമായ ചൈനയിലെ വിപ്ലവവും ഇതിനുദാഹരണങ്ങളാണ്. ഈ രണ്ടു വിപ്ലവമുന്നേറ്റങ്ങളും ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ കണക്കുകൂട്ടലുകള്‍ക്ക് അനുസൃതമായിരുന്നില്ലെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ പാര്‍ലമെന്ററി ഇടതുപക്ഷം തൊട്ട് സായുധവിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുക്കാന്‍ തുനിയുന്നവര്‍ വരെയുള്ള എല്ലാ വിഭാഗം കമ്മ്യൂണിസ്റ്റുകളും ചരിത്രത്തിലുടനീളം വരട്ടുതത്ത്വവാദത്തിന്റെ ശാപം ബാധിച്ചവരാണെന്ന വിലയിരുത്തലും ലേഖകന്‍ നടത്തുന്നു.

1919ല്‍ രൂപീകൃതമായ മൂന്നാം ഇന്റര്‍നാഷനലിന്റെ ഒന്നാം കോണ്‍ഗ്രസ് ഇന്ത്യയിലെയും ലോകത്താകമാനവുമുള്ള കോളനി വാഴ്ചയ്‌ക്കെതിരായ പ്രമേയം പാസാക്കുന്നുണ്ട്. ലെനിനും റോസാ ലക്‌സംബര്‍ഗും ലോകവിപ്ലവമെന്നും ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ആഹ്വാനം ചെയ്തപ്പോള്‍ അതില്‍ ആവേശം കൊണ്ട് റഷ്യയിലെത്തിയ എം എന്‍ റോയ് അടക്കമുള്ളവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ മോചനത്തിനായി സായുധസഹായത്തോടെതന്നെ ഇടപെടണമെന്ന താല്‍പര്യം 1919ല്‍ തന്നെ ലെനിന്‍ മുന്നോട്ടുവച്ചിരുന്നു. 1920ല്‍ താഷ്‌കന്റില്‍ വച്ച് രൂപീകരിക്കപ്പെടുകയും പിന്നീട് 1925ല്‍ ഇന്ത്യയില്‍ വച്ച് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോമിന്റേണില്‍ സജീവമായിരുന്ന ഇന്ത്യക്കാരുടെ നേതൃത്വത്തിലായിരുന്നു. കോമിന്റേണിന്റെയും റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ബ്രിട്ടിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നയസമീപനങ്ങള്‍ തന്നെയാണ്  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തെയും ദേശീയ പ്രസ്ഥാനത്തെയും വഞ്ചിച്ചവര്‍ എന്ന പേര് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായി. കൊളോണിയല്‍ സര്‍ക്കാരിന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. യുദ്ധമുഖത്തേക്ക് ഇന്ത്യന്‍ യുവാക്കള്‍ തള്ളിക്കയറാത്തതിലും വീരമൃത്യു വരിക്കാത്തതിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കടുത്ത ദുഃഖത്തിലായിരുന്നെന്നും ടി ജി ജേക്കബ് ആക്ഷേപഹാസ്യസ്വരത്തില്‍ പാര്‍ട്ടിനയത്തെ വിലയിരുത്തുന്നുണ്ട്.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ സുപ്രധാന കാരണങ്ങളിലൊന്നായി അദ്ദേഹം വിലയിരുത്തുന്നത് ഇന്ത്യക്ക് അനുയോജ്യമായ വിപ്ലവപാത കണ്ടെത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നതാണ്. റഷ്യന്‍ പാതയ്ക്കും ചൈനീസ് പാതയ്ക്കും പിറകെ സഞ്ചരിക്കുകയാണ് അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് അതില്‍നിന്നു കലഹിച്ച് പുറത്തിറങ്ങിയ നക്‌സലൈറ്റുകളും ചെയ്തത്. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ഘടനയുടെ സങ്കീര്‍ണതകള്‍ കാണാനും വിശദാംശങ്ങള്‍ പഠിച്ചെടുക്കാനും അവയെ അടിസ്ഥാനമാക്കി ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടുത്താനും കഴിയാതെ പോയതിന്റെ ദുരന്തം ഇപ്പോഴും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ പ്രശ്‌നത്തെ സൂക്ഷ്മമായി വിലയിരുത്താനുള്ള ശ്രമമാണ് ഈ കൃതി.യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്നു തെലങ്കാന കാര്‍ഷിക കലാപം. ഇന്ത്യയിലെ ഫ്യൂഡലിസത്തിനെതിരേ നടന്ന ഏറ്റവും സാഹസികമായ വിപ്ലവപ്രവര്‍ത്തനമായിരുന്നു അത്. ഹൈദരാബാദ് നൈസാമിനെതിരേ തുടക്കം കുറിക്കുകയും സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യവാദിയായി തെറ്റിദ്ധരിക്കപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പട്ടാളവുമായി മുഖാമുഖം നില്‍ക്കുകയും ചെയ്ത തെലങ്കാന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ചാഞ്ചാട്ടങ്ങളും ഭീരുത്വവും അവസരവാദ സമീപനവും മൂലം തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയിലെ പില്‍ക്കാല കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ചെറുതും വലുതുമായ എല്ലാ പിളര്‍പ്പുകളും തെലങ്കാനയിലെ വിപ്ലവശ്രമങ്ങളുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇന്ത്യയിലെ യനാന്‍ ആയി വികസിക്കേണ്ടിയിരുന്ന രാഷ്ട്രീയ കലാപത്തെ നേതൃത്വത്തിന്റെ വഞ്ചനാപരമായ സമീപനം എങ്ങനെ തകര്‍ത്തു എന്നതിന്റെ വിശദമായ അവലോകനം ഈ കൃതിയിലുണ്ട്. ജനകീയാടിത്തറയില്‍ വികസിച്ചുവന്ന തെലങ്കാന കാര്‍ഷിക കലാപത്തെ രാഷ്ട്രീയമായി വികസിപ്പിക്കുന്നതില്‍ പാര്‍ട്ടിനേതൃത്വം പരാജയപ്പെട്ടതാണ് ആത്യന്തികമായി ഇവിടുത്തെ വിപ്ലവ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തിയതെന്നു സമര്‍ഥിക്കാന്‍ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. ആയിരക്കണക്കിനു കര്‍ഷകര്‍ പങ്കെടുക്കുകയും വര്‍ഷങ്ങളോളം തുടരുകയും മൂവായിരത്തിലേറെ ഗ്രാമങ്ങള്‍ വിമോചിപ്പിക്കപ്പെടുകയും ചെയ്ത ഈ കാര്‍ഷിക കലാപം ഇന്ത്യാ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരധ്യായമാണ്. വിശാലമായ ഒരു പ്രദേശത്തേക്ക് വ്യാപിപ്പിക്കുകയും ഗറില്ലാസമരത്തിന്റെ ഉയര്‍ന്ന ഘട്ടത്തിലേക്ക് വികസിക്കുകയും ചെയ്ത മുന്നേറ്റത്തെ നെഹ്‌റു ഗവണ്‍മെന്റ് പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു.രണ്ടായിരത്തിലേറെ കമ്മ്യൂണിസ്റ്റുകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കായ കര്‍ഷകര്‍ അതി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത തെലങ്കാനയോട് ഇന്ത്യന്‍ നഗരങ്ങളിലെ ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങള്‍ പുലര്‍ത്തിയ നിസ്സംഗത വിപ്ലവരാഷ്ട്രീയത്തെ സംബന്ധിച്ചേടത്തോളം പൊറുക്കാവുന്നതല്ല. കര്‍ഷക-തൊഴിലാളി ഐക്യം എന്ന വിപ്ലവതന്ത്രത്തിന്റെ പരാജയമായിരുന്നു അത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ അവസരവാദ സമീപനത്തിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ തെലങ്കാന കലാപവുമായി ബന്ധപ്പെടുത്തി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. വമ്പിച്ച ജനകീയ പിന്‍ബലമുണ്ടായിട്ടും ഉറച്ച നിലപാടെടുക്കുന്നതില്‍ പരാജയപ്പെട്ട രവിനാരായണ റെഡ്ഡിയെപ്പോലുള്ള നേതാക്കളെ തുറന്നു കാട്ടുന്നു. 1951ല്‍ തെലങ്കാന സമരം പിന്‍വലിച്ചതിനു ശേഷവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അതു സംബന്ധിച്ച തര്‍ക്കങ്ങള്‍ ശക്തമായിത്തന്നെ തുടര്‍ന്നു. 1964ല്‍ സിപിഐഎം എന്നു പിന്നീട് അറിയപ്പെട്ട വിഭാഗം രൂപപ്പെടുന്നതില്‍ ഈ തര്‍ക്കങ്ങള്‍ വലിയ   പങ്കുവഹിച്ചിട്ടുണ്ട്. 1967നുശേഷം ചാരുമജുംദാരുടെ നേതൃത്വത്തില്‍ പിറവിയെടുത്ത ആദ്യകാല നക്‌സല്‍ പ്രസ്ഥാനവും 2004ല്‍ രൂപംകൊണ്ടു പ്രവര്‍ത്തിക്കുന്ന സിപിഐ(മാവോയിസ്റ്റ്) പ്രസ്ഥാനവും ഗ്രന്ഥകാരന്റെ സവിശേഷമായ വിശകലനത്തിന് വിധേയമായിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളെയും വര്‍ഗഘടനയെയും കൃത്യമായി വിശകലനം ചെയ്യുന്നതില്‍ സംഭവിച്ച പിഴവുകളാല്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങുന്നവരായി മാവോവാദി പ്രസ്ഥാനത്തെയും ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നുണ്ട്. ഇന്ത്യ ജനാധിപത്യ വിപ്ലവത്തിനുവേണ്ടി സായുധസമരം തുടങ്ങുന്നതിന് പാകമായിട്ടുണ്ടെന്നു മാവോവാദികള്‍ വിശ്വസിച്ചു. ഇതൊരു അപക്വമായ വിലയിരുത്തലായിരുന്നു. മാവോവാദി പ്രസ്ഥാനത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ എത്തിച്ചേരുന്ന നിഗമനം ശ്രദ്ധേയമാണ്. ‘ചരിത്രപരമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എക്കാലത്തും ബാധിച്ചിരുന്ന ആശ്രിത മനോഭാവത്തില്‍ നിന്ന് മാവോവാദി പ്രസ്ഥാനവും മുക്തമല്ല.’ ‘ചൈനീസ് ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍’ എന്ന മുദ്രാവാക്യം മുതല്‍ നിരവധി ഘടകങ്ങള്‍ ഈ ആശ്രിതമനോഭാവത്തിന്റെ സൂചനകളായുണ്ട്. എഴുപതുകളെ ഇന്ത്യന്‍ വിപ്ലവത്തിന്റെ യുഗമായി പ്രഖ്യാപിച്ച സമീപനം അമിതമായ ശുഭാപ്തിവിശ്വാസത്തിന്റെയും അതിലളിതവല്‍ക്കരണത്തിന്റെയും പ്രതിഫലനമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. എഴുപതുകളിലെ മാവോവാദി രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ പരാജയകാരണങ്ങള്‍ ഈ കൃതിയില്‍ വിശകലനവിധേയമാക്കുന്നുണ്ട്. നിലനില്‍ക്കുന്ന സങ്കീര്‍ണ സാമൂഹിക യാഥാര്‍ഥ്യങ്ങളെ ലളിതവും സാര്‍വത്രികവുമായ സമവാക്യത്തിലേക്ക് ചുരുക്കി അതിന്റെയടിസ്ഥാനത്തില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്തതാണ് പരാജയകാരണമെന്ന് സിപിഐഎംഎല്‍ നേതൃത്വത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനത്തെ ഗ്രന്ഥകാരനും ശരിവയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ലക്ഷണമൊത്ത സോഷ്യല്‍ ഡെമോക്രാറ്റുകളായി മാറിക്കഴിഞ്ഞ സിപിഎമ്മിനെ മുന്‍നിര്‍ത്തി പശ്ചിമബംഗാളില്‍ മാവോവാദികള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെയും ഗ്രന്ഥകാരന്‍ പരിശോധിക്കുന്നു. പൊതുവില്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്യാറുള്ള മാവോവാദികള്‍ പശ്ചിമബംഗാളില്‍ സിപിഎമ്മിനെ പരാജയപ്പെടുത്താനും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കാനുമുള്ള തന്ത്രങ്ങളാണ് സ്വീകരിച്ചത്. ഇതിനെ തിരഞ്ഞെടുപ്പു സംബന്ധിച്ച നിലപാടുകളില്‍ മാവോവാദികള്‍ മാറ്റംവരുത്തുന്നതിന്റെ സൂചനയായാണ് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ഇവിടുത്തെ സവിശേഷമായ ജാതി വ്യവസ്ഥയെയും ദേശീയപ്രശ്‌നത്തെയും മതവിഭജനങ്ങളെയും അതര്‍ഹിക്കുന്ന രീതിയില്‍ വിശകലനം ചെയ്യുകയോ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന വിമര്‍ശനം ഗ്രന്ഥകര്‍ത്താവ് ഉയര്‍ത്തുന്നുണ്ട്. ഇതോടൊപ്പംതന്നെ പരിസ്ഥിതി പ്രശ്‌നം, സ്ത്രീകളുടെ സാമൂഹിക പദവിയുടെ പ്രശ്‌നം തുടങ്ങിയവയും കമ്മ്യൂണിസ്റ്റുകാര്‍ പരിഗണിച്ചിട്ടില്ല. ആധുനിക ജീവിതവ്യവസ്ഥയില്‍ മുതലാളിത്തം വരുത്തിയിട്ടുള്ള മാറ്റങ്ങളെ വേഗത്തിലും ആഴത്തിലും പിന്തുടരാനും തിരിച്ചറിയാനും ബദല്‍ മാതൃകകള്‍ രൂപപ്പെടുത്താനുമുള്ള സന്നദ്ധതയില്ലായ്മ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ മുന്നേറ്റത്തിന് തടസ്സമാണെന്നാണ് ജേക്കബ് നിരീക്ഷിക്കുന്നത്. എല്ലാ വിഭാഗത്തിലും പെടുന്ന കമ്മ്യൂണിസ്റ്റുകളെ നിര്‍ദയമായ ആത്മവിചാരണയ്ക്ക് പ്രേരിപ്പിക്കുന്നതാണ് ഈ വിമര്‍ശനങ്ങള്‍. ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss