|    Jan 17 Tue, 2017 12:54 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യന്‍ എംബസി മാറ്റുന്നതിനെതിരേ പ്രധാനമന്ത്രിക്ക് പരാതി

Published : 8th June 2016 | Posted By: sdq

New embassy

ദോഹ: ഖത്തറില്‍ നിലവിലുള്ള ഇന്ത്യന്‍ എംബസി സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള കൂടുതല്‍ ഇടുങ്ങിയ സ്ഥലത്തേക്ക് മാറ്റുന്നതിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ്-ഖത്തര്‍(സിഐഎക്യു) ആണ് പരാതി അയച്ചത്. നിലവിലുള്ള എംബസിയെ അപേക്ഷിച്ച് പുതുതായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്തിന്റെ അപര്യാപ്തതകളും ഇക്കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്നുണ്ടായ ഏകപക്ഷീയ നിലപാടും ഇമെയില്‍ വിശദീകരിക്കുന്നുണ്ട്.
ഹിലാലില്‍ നിലവിലുള്ള എംബസി ഈ മാസം വെസ്റ്റ് ബേയിലെ കെട്ടിടത്തിലേക്കു മാറ്റുമെന്ന് അംബാസഡര്‍ ഈയിടെ വിളിച്ചു ചേര്‍ത്ത പ്രവാസി സംഘടനകളുടെ യോഗത്തില്‍ അറിയിച്ചിരുന്നു. അതേ യോഗത്തില്‍ വച്ചു തന്നെ സംഘടനകള്‍ സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പ്രശ്‌നം പരോക്ഷമായി അംഗീകരിച്ച അംബാസഡര്‍ പാസ്‌പോര്‍ട്ട് സര്‍വീസുകള്‍ക്ക് പുറം കരാര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍, പുറംകരാര്‍ നല്‍കുന്നതിന് കമ്പനികളെ ക്ഷണിക്കുന്നതിനുള്ള ടെന്‍ഡറിന്റെ പ്രാഥമിക നടപടികള്‍ പോലും ആയില്ലെന്നാണ് അറിയുന്നതെന്ന് ഇമെയിലില്‍ പറയുന്നു. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ തന്നെ എടുത്തേക്കും.
പുതിയ എംബസി കെട്ടിത്തിന് ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ 100 പാര്‍ക്കിങ് വേണമെന്നായിരുന്നു നിബന്ധന. എന്നാല്‍, നിര്‍ദിഷ്ട കെട്ടിടത്തിനു പുറത്ത് ഒരു വാഹനം ഇടാന്‍ പോലുമുള്ള സ്ഥലമില്ലെന്ന് ഇമെയിലില്‍ പറയുന്നു. പൊതു ഗതാഗത സൗകര്യത്തിന്റെ അഭാവമാണ് മറ്റൊരു പ്രധാന പ്രശ്‌നം. തൊട്ടടുത്ത ബസ് സ്റ്റോപ്പ് 2 കിലോമീറ്റര്‍ അകലെയാണ്.
50 ഡിഗ്രിയോളം താപനില ഉയരുന്ന ചൂട് കാലത്ത് ഇത്രയും ദൂരം നടന്നു പോവേണ്ടി വരും. മറ്റൊരു മാര്‍ഗം മെട്രോ റെയിലാണ്. ഇത് പൂര്‍ത്തിയാവാന്‍ 2019 വരെ കാത്തിരിക്കണം. പൊതു പാര്‍ക്കിങ് സ്ഥലത്ത്(സിറ്റി സെന്റര്‍ പാര്‍ക്കിങ്) നിന്ന് എംബസിയിലേക്ക് 25 മിനിറ്റ് നടക്കേണ്ടി വരും. തിരക്കേറിയ പാര്‍പ്പിട കേന്ദ്രവും, ലബ്‌നീസ് സ്‌കൂള്‍, ഫ്രഞ്ച് സ്‌കൂള്‍ തുടങ്ങിയ കമ്യൂണിറ്റി സ്‌കൂളുകള്‍ നില്‍ക്കുന്ന സ്ഥലവും ആയതിനാല്‍ ഉച്ചയ്ക്കു ശേഷവും വൈകുന്നേരങ്ങളിലും ടാക്‌സികള്‍ ലഭിക്കാന്‍ പോലും പ്രയാസമായിരിക്കും.
ഹിലാലിലെ വില്ല നമ്പര്‍ 19ല്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ ഇന്ത്യന്‍ എംബസി സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമുള്ള സ്ഥലത്താണ്. ബസ് സ്റ്റോപ്പ് തൊട്ടടുത്ത് തന്നെയുണ്ട്. ആവശ്യത്തിന് പാര്‍ക്കിങും തിരക്കുള്ള സമയത്ത് വിശ്രമിക്കാന്‍ തൊട്ടടുത്ത് പാര്‍ക്കും ഉണ്ട്. ഭക്ഷണവും വെള്ളവും കിട്ടുന്ന കടകളും സമീപത്തുണ്ട്. മാത്രമല്ല സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയെത്തുന്ന തൊഴിലാളികള്‍ക്ക് ഇതിന് തൊട്ടടുത്തുള്ള കാര്‍ ഷെഡ്ഡ് ആശ്രയമാവാറുണ്ട്.
2015 ഒക്ടോബറില്‍ പുതിയ എംബസി കെട്ടിടത്തിന് വേണ്ടി കണ്ടെത്തിയ സ്ഥലം വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്നുള്ള സംഘമെത്തി പരിശോധിച്ചിരുന്നു.
അഡീഷനല്‍ സെക്രട്ടറിയും ഇന്‍സ്‌പെക്ഷന്‍സ് ഡയറക്ടര്‍ ജനറലുമായ എ എം ഗൊണ്ടാനെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പുതിയ സ്ഥലത്ത് സാധാരണക്കാര്‍ക്ക് എത്തിപ്പെടാനുള്ള പ്രയാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയിരുന്നതായി ഇമെയിലില്‍ പറയുന്നു.
നിലവിലുള്ള അംബാസഡര്‍ സഞ്ജീവ് അറോറയുടെ കാലാവധി അവസാനിക്കാനിരിക്കേ പുതിയ അംബാസഡര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വരെ എംബസി മാറ്റുന്ന നടപടി നിര്‍ത്തിവയ്ക്കണമെന്നാണ് ഇമെയിലിലെ അഭ്യര്‍ഥന.
ഖത്തറിലെ വിവിധ സംഘടനകളിലുള്ളവരും ഇന്ത്യന്‍ കമ്യൂണിറ്റിയിലെ പ്രമുഖരും ഉള്‍പ്പെടുന്നതാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് കൂട്ടായ്മ. ദോഹയിലത്തെിയ പ്രധാനമന്ത്രിക്ക് നേരിട്ടും പരാതി കൈമാറിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക