|    Jan 21 Sat, 2017 4:31 pm
FLASH NEWS

ഇന്ത്യന്‍ അശ്വമേധം; ദക്ഷിണാഫ്രിക്കയെ 124 റണ്‍സിന് തകര്‍ത്ത് ഇന്ത്യക്ക് ടെസ്റ്റ് പരമ്പര, അശ്വിന് ഏഴു വിക്കറ്റ്

Published : 28th November 2015 | Posted By: SMR

നാഗ്പൂര്‍: ഇന്ത്യന്‍ അശ്വമേധം തടുക്കാ ന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. ആര്‍ അശ്വിനൊരുക്കിയ സ്പിന്‍ കെണിയില്‍ ആഫ്രിക്കന്‍ പട തകര്‍ന്നടിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 124 റണ്‍സിന്റെ ഗംഭീര വിജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. ഇതോടെ ഒരു മല്‍സരം ബാക്കിനില്‍ക്കെ നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0ന് കൈക്കലാക്കുകയും ചെയ്തു.
ഒന്നാം ടെസ്റ്റില്‍ ഇന്ത്യ വന്‍ ജയം കൊയ്തപ്പോള്‍ രണ്ടാം ടെസ്റ്റ് മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇന്നലത്തെ ജയത്തോടെ ഇന്ത്യ പുതിയൊരു നേട്ടം കൈവരിക്കുകയും ചെയ്തു. 10 വര്‍ഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്. അതേസമയം, കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ വിദേശത്ത് ദക്ഷിണാഫ്രിക്കയ്ക്കു നേരിട്ട ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയാണിത്.
രണ്ടു ദിനം ബാക്കിനില്‍ക്കെയാണ് ഇന്ത്യ സന്ദര്‍ശകരെ നിലംപരിശാക്കിയത്. 310 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ കേവലം 185 റണ്‍സില്‍ വരിഞ്ഞുകെട്ടി.
ഇന്നലെ മല്‍സരം പുനരാരംഭിക്കുമ്പോള്‍ എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 278 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ വിദര്‍ഭയിലെ സ്പിന്‍ ചുഴിയില്‍ ദക്ഷിണാഫ്രിക്ക തലകറങ്ങി വീഴുകയായിരുന്നു.
അശ്വിന്‍ ഏറക്കുറെ ഒറ്റയ്ക്കാണ് സന്ദര്‍ശകരുടെ കഥകഴിച്ചത്. ഏഴു വിക്കറ്റുകളാണ് അശ്വിന്‍ കടപുഴക്കിയത്. ശേഷിക്കുന്ന മൂന്നു വിക്കറ്റ് അമിത് മിശ്ര പോക്കറ്റിലാക്കിയപ്പോള്‍ ഇന്ത്യന്‍ ജയം പൂര്‍ണമായി. 39 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ ഹാഷിം അംലയ്ക്കും ഫഫ് ഡു പ്ലെസിസിനും മാത്രമേ ഇന്ത്യന്‍ സ്പിന്നിനെതിരേ കുറച്ചു സമയമെങ്കിലും പൊരുതിനില്‍ക്കാനായുള്ളൂ. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് (9) ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി മാറി.
ടീം സ്‌കോര്‍ 40ല്‍ നില്‍ക്കെ എല്‍ഗറിനെ (18) വിക്കറ്റിനു മുന്നില്‍ കുരുക്കി അശ്വിനാണ് ഇന്നലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഡിവില്ലിയേഴ്‌സിനെയും അശ്വിന്‍ എല്‍ബിഡബ്ല്യുവാക്കിയതോടെ ദക്ഷിണാഫ്രിക്ക നാലിന് 58 റണ്‍സിലേക്ക് വീണു.
അഞ്ചാം വിക്കറ്റില്‍ അംല-ഡുപ്ലെസിസ് സഖ്യം ക്രീസില്‍ ഒന്നിച്ചതോടെ ദക്ഷിണാഫ്രിക്ക കരകയറി. 72 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും മിശ്ര ഇന്ത്യക്കു നിര്‍ണായക ബ്രേക്ത്രൂ നല്‍കി. 39 റണ്‍സെടുത്ത അംലയെ മിശ്ര ക്യാപ്റ്റന്‍ കോഹ്‌ലിക്കു സമ്മാനിച്ചു (5-130). അഞ്ചു റണ്‍സ് കൂടി നേടുന്നതിനിടെ ഡുപ്ലെസിസിനെ അശ്വിന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ പിടിമുറുക്കി. ശേഷിക്കുന്ന നാലു വിക്കറ്റും പിഴുത് അശ്വിന്‍ നാഗ്പൂരില്‍ ഇന്ത്യന്‍ വിജയക്കൊടി നാട്ടി.
രണ്ടിന്നിങ്‌സുകളിലായി 12 വിക്കറ്റുകള്‍ നേടിയ അശ്വിനാണ് ഇന്ത്യന്‍ ഹീറോ. ആദ്യ ഇന്നിങ്‌സില്‍ താരം അഞ്ചു വിക്കറ്റുമായി മിന്നിയിരുന്നു. അശ്വിനാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മല്‍സരം അടുത്ത മാസം മൂന്നിനു ഡല്‍ഹിയില്‍ ആരംഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക