|    Jan 18 Wed, 2017 4:01 pm
FLASH NEWS

ഇന്ത്യക്ക് വേണം പുതിയ കായിക നയം

Published : 28th August 2016 | Posted By: SMR

slug-enikku-thonnunnathuഡോ. ഗിന്നസ് മാടസാമി, പീരുമേട്

മുപ്പത്തൊന്നാമത് ഒളിംപിക്‌സ് മാമാങ്കത്തിന്റെ തിരശ്ശീല വീണപ്പോള്‍ ഇന്ത്യക്ക് ഒന്നോ രണ്ടോ മെഡലുകള്‍ കിട്ടി. 120 അംഗ ഇന്ത്യന്‍ ഒളിംപിക് സംഘം കായികപ്രേമികള്‍ക്കും രാജ്യത്തെ പൗരന്‍മാര്‍ക്കും വളരെ നിരാശയാണ് നേടിത്തന്നത്.
ഷൂട്ടിങില്‍ രാജ്യത്തിനു വീണ്ടും തിരിച്ചടി നല്‍കി ബെയ്ജിങ് ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ് ബിന്ദ്ര റിയോയില്‍ നിന്നു പുറത്തായി. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ ജേതാവായിരുന്ന ഗഗന്‍ നാരംഗ് യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായി. വനിതാ ഹോക്കി വന്‍ പരാജയത്തിലേക്കാണ് കലാശിച്ചത്. അത്‌ലറ്റിക്‌സിലും ഇന്ത്യ മോശമായിരുന്നു.
സാമ്പത്തികമായും മറ്റ് വികസനത്തിന്റെ കാര്യത്തിലും വളരെ പിന്നാക്കം നില്‍ക്കുന്ന എത്യോപ്യ അത്‌ലറ്റിക്‌സില്‍ സ്വര്‍ണമെഡല്‍ നേടുമ്പോഴായിരുന്നു ഈ ദുരവസ്ഥ. ഈ നേട്ടം ഇന്ത്യന്‍ താരങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. വളരെ പിന്നാക്കം നില്‍ക്കുന്ന മംഗോളിയ, എസ്‌തോണിയ പോലുള്ള ചെറിയ രാജ്യങ്ങളും മെഡല്‍പട്ടികയില്‍ സ്ഥാനം നേടി. ഒളിംപിക്‌സില്‍ ആദ്യമായി കടന്നുകൂടിയ കൊസോവയ്ക്കു പോലും കിട്ടി ഒരു സ്വര്‍ണം.
1900ല്‍ പാരിസില്‍ നടന്ന ഒളിംപിക്‌സില്‍ ആദ്യമായി ചുവടുവച്ച ഇന്ത്യക്ക് നാളിതുവരെ ആറു സ്വര്‍ണമെഡലുകള്‍ക്കപ്പുറം നേടാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. 1960ലെ ഒളിംപിക്‌സില്‍ പങ്കെടുത്ത പറക്കുംസിങ് എന്നറിയപ്പെടുന്ന മില്‍ഖാസിങ് കായികരംഗത്തെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ കെടുകാര്യസ്ഥതയെപ്പറ്റി ഈയിടെ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു.
റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ കായികതാരങ്ങളുടെ പ്രകടനം ഒരു തലത്തിലും വിലയിരുത്തപ്പെടാന്‍ സാധ്യതയില്ല. നിരവധി ഒളിംപിക്‌സുകളില്‍ ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് പ്രതീക്ഷിച്ച നിലവാരം പ്രകടിപ്പിക്കാനാവാതെ മടങ്ങേണ്ടിവന്നതെന്ന ചോദ്യം ആരും ഉന്നയിച്ചിട്ടില്ല. ആരോടും വിശദീകരണം തേടിയിട്ടില്ല. ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. പ്രകടനം മോശമാവാനിടയായ സാഹചര്യങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കാനും കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള ഒരു ശ്രമവും ഒരു ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നതും ഉറപ്പ്.
പ്രാഥമിക അവലോകനങ്ങളില്‍ പുറത്തുവന്ന പല വിവരങ്ങളുമുണ്ട്. സ്വന്തക്കാരെയും ബന്ധുക്കളെയും പരിശീലകരാക്കുന്നതിനു നല്‍കിയ അനുമതി, പരിശീലനരംഗത്തെ അപാകതകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഷൂട്ടിങിലും ഗുസ്തിയിലും അത്‌ലറ്റിക്‌സിലുമെല്ലാം പരിശീലകരുടെ നിലവാരമില്ലായ്മയെക്കുറിച്ച പരാമര്‍ശങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്നു. ദീര്‍ഘദൂര ഓട്ടത്തില്‍ മല്‍സരിച്ച ഒ പി ജയ്ഷയ്ക്ക് ഇന്ത്യന്‍ ഡെസ്‌കില്‍ നിന്നു മല്‍സരത്തിനിടെ കുടിവെള്ളം പോലും ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു. മുഖ്യ കോച്ചും താരവും മറ്റ് അധികൃതരും പരസ്പരം ആരോപണം ഉന്നയിക്കുമ്പോള്‍ വ്യക്തമാവുന്നത് മേധാവികളുടെ ഉദാസീനതയും വീഴ്ചയുമല്ലാതെ മറ്റൊന്നുമല്ല.
ഇന്ത്യക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റിന് രാജ്യം നല്‍കിവരുന്ന പ്രാധാന്യത്തിന്റെ പകുതിയെങ്കിലും മറ്റ് ഇനങ്ങള്‍ക്കു നല്‍കിയാല്‍ ഒളിംപിക്‌സില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കും. അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, മോശപ്പെട്ട ആരോഗ്യം, ദാരിദ്ര്യം, പെണ്‍കുട്ടികളെ കായികരംഗത്തു കൊണ്ടുവരാനായി നടത്തുന്ന ശ്രമങ്ങളുടെ പോരായ്മ, യുവാക്കളെ കായികരംഗത്ത് കടന്നുവരാന്‍ പ്രോല്‍സാഹിപ്പിക്കാത്ത പ്രവണത, ഫണ്ടിന്റെ അപര്യാപ്തത എന്നിവയാണ് ഇന്ത്യയുടെ ഒളിംപിക് മെഡല്‍ സാധ്യതയ്ക്ക് മങ്ങലേല്‍പിക്കുന്നത്.
ഇന്ത്യക്കും വേണം ഒരു പുതിയ കായികനയം. അതിനു വേണ്ടിയുള്ള മുറവിളിയാണ് ഉയരേണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക