|    Feb 21 Tue, 2017 3:43 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യക്ക് വീരോചിത വിജയം

Published : 22nd November 2016 | Posted By: SMR

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 246 റ ണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരായ ഇംഗ്ലീഷ്പടയെ മുട്ടുകുത്തിച്ചത്. കറങ്ങിത്തിരിയുന്ന വിശാഖപട്ടണത്തെ മൈതാനത്ത് രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവുമെല്ലാം കളംനിറഞ്ഞാടിയപ്പോള്‍ മുട്ടുമടക്കുകയല്ലാതെ ഇംഗ്ലണ്ടിന് വേറെ വഴിയില്ലായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ 158 റണ്‍സിന് ഇന്ത്യ കൂടാരംകയറ്റി. യാദവും അശ്വിനും മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജ രണ്ടു വിക്കറ്റ് സ്വന്തമാക്കി.
വീരോചിതമായിരുന്നു ഇന്ത്യന്‍ ജയം. മികച്ച താരത്തിനുമപ്പുറം മികച്ച ക്യാപ്റ്റനെന്ന വിശേഷണത്തിലേക്ക് തന്നിലെ പ്രതിഭയെ മാറ്റിയെടുത്ത വിരാട് കോഹ്‌ലിക്ക് തന്നെയാണ് ഇന്ത്യന്‍ ജയത്തിന്റെ  ഫുള്‍ ക്രെഡിറ്റ്. ബാറ്റിങില്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ചതിനപ്പുറം ഓരോ നിമിഷവും ടീമിന് ഉത്തേജകമേകി ഗ്രൗണ്ടില്‍ ഓടിനടന്ന് കോഹ്‌ലി വിതറിയ ആവേശത്തെ സ്പിന്നര്‍മാര്‍ കൈകളിലേക്ക് ആവാഹിച്ചപ്പോള്‍ ഇംഗ്ലീഷ് പതനം വേഗത്തിലായി.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് മോശം ഇല്ലാത്ത തുടക്കം തന്നെയാണ് ഓപണര്‍മാരായ അലെസ്റ്റര്‍ കുക്കും ഹസീബ് ഹമീദും സമ്മാനിച്ചത്. എന്നാല്‍ നാലാം ദിനം പിരിയും മുമ്പേ ഇരു ഓപണര്‍മാരെയും മടക്കിയ ഇന്ത്യ കളിയില്‍ ആധിപത്യം സ്ഥാപിച്ചു.
അവസാനദിനം ഇന്ത്യന്‍ ബൗളര്‍മാരുടെ തേരോട്ടമാണ് മൈതാനത്ത് കണ്ടെത്. ഇന്ത്യന്‍ ബൗളര്‍മാര്‍ തീര്‍ത്ത മാസ്മരിക ബൗളില്‍ എട്ട് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ മടങ്ങിയത്.  158 റണ്‍സില്‍  കൂടാരം കയറി ഇംഗ്ലണ്ട് മുട്ടുമടക്കിയപ്പോള്‍ ഇന്ത്യന്‍ 246 റണ്‍സിന്റ കൂറ്റന്‍ ജയവും സ്വന്തമാക്കി. കോഹ്‌ലിയാണ് മാന്‍ ഓഫ്ദി മാച്ച്. മൂന്നാം ടെസ്റ്റ് 26ന് മൊഹാലിയില്‍ നടക്കും.
ആദ്യ ടെസ്റ്റിലെ ടീമില്‍ ചെറിയ വ്യത്യാസങ്ങളുമായാണ് ഇന്ത്യ രണ്ടാമങ്കത്തിനിറങ്ങിയത്. ഓഫ്‌സ്പിന്നര്‍ അമിത് മിശ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ യുവതാരം ജയന്ത് യാദവിന് ടീമില്‍ അവസരം ലഭിച്ചു. പരിക്കുഭേദമായി ലേകേഷ് രാഹുല്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഗൗതം ഗംഭീറിനു പുറത്തിരിക്കേണ്ടി വന്നു.
വിശാഖപട്ടണത്ത് ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകളെ താളം തെറ്റിച്ച് ഓപണര്‍ ലോകേഷ് രാഹുല്‍ രണ്ടാം ഓവറില്‍ പൂജ്യനായി മടങ്ങി. പരിക്ക് ഭേദമായി ഇംഗ്ലണ്ട് നിരയില്‍ തിരിച്ചെത്തിയ ജെയിംസ് ആന്‍ഡേഴ്‌സനാണ് വിക്കറ്റ്. നിലയുറപ്പിക്കും മുമ്പ് മുരളി വിജയിയും മടങ്ങിയതോടെ  ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒകൂടിയ ചേതേശ്വര്‍പുജാരയും കോഹ്‌ലിയും ഇന്ത്യന്‍ ഇന്നിങ്‌സിന് വന്‍മതിലായപ്പോള്‍ സ്‌കോര്‍ബോര്‍ഡിന് ജീവന്‍വച്ചു.
രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനത്ത് ഇന്ത്യ കണ്ടെത്തിയ താരമായ പുജാര പേരിനൊത്ത പ്രകടനത്തോടെ തന്നെ ടീമിന്റെ നട്ടെല്ലായി. മൂന്നാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടോടെ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 455 എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തി.
മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ടിനു തൊട്ടതെല്ലാം പിഴച്ചു. തുടക്കം മുതലേ സ്പിന്‍ ആനുകൂല്യം മുതലെടുത്ത്  അശ്വിന്‍ തീര്‍ത്ത സ്പിന്‍ വലയില്‍  ഇംഗ്ലീഷ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
എക്‌സ്ട്രാ ബൗണ്‍സുകള്‍ നിറഞ്ഞ അശ്വിന്റെ ക്യാരം ബോളുകളില്‍ എവിടെ ബാറ്റുവയ്ക്കണമെന്നു മനസിലാവാതെ പകച്ച ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 255 റണ്‍സില്‍ കൂടാരംകയറി. അഞ്ച് മുന്‍നിര വിക്കറ്റുകളാണ്  അശ്വന്‍ സ്വന്തമാക്കിയത്.
ഒന്നാമിന്നിങ്‌സില്‍ ലഭിച്ച 200 റണ്‍സ് ലീഡിന്റെ കരുത്തി ല്‍ രണ്ടാമിന്നിങ്‌സിനിറങ്ങിയ ഇന്ത്യയ്ക്കു സ്പിന്‍ കുരുക്കുവീണു. ആദില്‍ റഷീദും സ്റ്റുവര്‍ട്ട് ബ്രോഡും നാലു വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ഇന്ത്യ 204ന് ഓള്‍ ഔട്ടായി.
രണ്ടാമിന്നിങ്‌സില്‍ പേരു കേട്ട ഇന്ത്യന്‍ പട ഒന്നൊന്നായി വിക്കറ്റ് തുലച്ചപ്പോള്‍ അര്‍ധസെഞ്ച്വറിയോടെ പൊരുതിനിന്ന കോഹ്‌ലി തന്നെയാണ് രണ്ടാമിന്ന്ങിസിലും ഇന്ത്യയെ രക്ഷിച്ചത്.  ആദ്യ ഇന്നിങ്‌സില്‍ നേടിയെടുത്ത മികച്ച ലീഡിന്റെ കരുത്തില്‍ ഇന്ത്യ 405 എന്ന മികച്ച വിജയലക്ഷ്യവും ഇംഗ്ലണ്ടിന് സമ്മാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക