|    Aug 21 Mon, 2017 8:09 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ ; ശ്രീലങ്ക കിതയ്ക്കുന്നു

Published : 5th August 2017 | Posted By: fsq

 

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ചേതേശ്വര്‍ പുജാരയുടെയും (133) അജിന്‍ക്യ രഹാനെയുടെയും (132) സെഞ്ച്വറി കരുത്തില്‍  ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 50 റണ്‍സെന്ന നിലയിലാണുള്ളത്. രവിചന്ദ്ര അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.രണ്ടാം ദിനം മൂന്ന് വിക്കറ്റിന് 344 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തന്നെ പുജാരയുടെ വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം ആറ് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പുജാരയെ കരുണരത്‌ന എല്‍ബിയില്‍ കുടുക്കുകയായിരുന്നു. മധ്യനിരയില്‍ തന്റെ ബാറ്റിങ് മികവ് രവിചന്ദ്ര അശ്വിന്‍ (54) ഒരിക്കല്‍ കൂടി പുറത്തെടുത്തപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചു. നിര്‍ണായക സമയത്ത് പിറന്ന വൃധിമാന്‍ സാഹയുടെയും (67) രവീന്ദ്ര ജഡേജയുടെയും (70*) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് കരുത്തേകി. ഒരു വശത്ത് വെടിക്കെട്ട് ബാറ്റിങ്ങോടെ കളിക്കളം കീഴടക്കിയ ജഡേജ മൂന്ന് പടുകൂറ്റന്‍ സിക്‌സറുകളും നാല് ബൗണ്ടറികളുമാണ് പായിച്ചത്. 158 ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 622 എന്ന മികച്ച സ്‌കോറില്‍ നില്‍ക്കവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.ശ്രീലങ്കന്‍ നിരയില്‍ രങ്കണ ഹരാത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പുഷ്പകുമാര രണ്ടും കരുണരത്‌ന, ദില്‍റൂവന്‍ പെരേര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടി പറയാനിറങ്ങിയ ശ്രീലങ്കയ്ക്ക് അക്കൗണ്ട് തുറക്കും മുമ്പേ ഓപണര്‍ ഉപുല്‍ തരംഗയെ നഷ്ടമായി. അശ്വിന്റെ മാന്ത്രിക സ്പിന്‍ കെണിയില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് തരംഗ പുറത്തായത്. ഓപണര്‍ കരുണരത്‌നയും (25) കുശാല്‍ മെന്‍ഡിസും (16*) ചേര്‍ന്ന് രണ്ടാം ദിനം കൂടുതല്‍ അപകടം വരുത്താതെ അവസാനിപ്പിക്കാമെന്ന് കരുതിയെങ്കിലും അശ്വിന്‍ വീണ്ടും അന്തകനായി. കരുണരത്‌നയെ അശ്വിന്‍ രഹാനെയുടെ കൈകളിലെത്തിച്ചു. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മെന്‍ഡിസിനൊപ്പം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാലാണ് (8*) ക്രീസിലുള്ളത്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 572 റണ്‍സ് പിന്നിലാണ് ശ്രീലങ്കയുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക