|    May 26 Fri, 2017 3:28 am
FLASH NEWS

ഇന്ത്യക്ക് ഇന്ന് സുവര്‍ണ വെള്ളി

Published : 19th August 2016 | Posted By: SMR

റിയോ ഒളിംപിക്‌സില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ പി വി സിന്ധു വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ കടന്നു. ചരിത്ര നേട്ടം സുവര്‍ണ ചിരിയാക്കാന്‍ സിന്ധുവിന് ഇനി വേണ്ടത് ഒരു വിജയം മാത്രം.
വനിതാ സിംഗിള്‍സില്‍ മെഡലുറപ്പിച്ച സിന്ധു ഇന്ത്യയുടെ അഭിമാന താരമാവാനുറച്ച് ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരിയായ സ്‌പെയിനിന്റെ കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി. ഇന്ന് രാത്രി 7.30നാണ് ഫൈനല്‍.
സെമിയില്‍ ലോക റാങ്കിങില്‍ ആറാമതുള്ള ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് ലോക 10ാം റാങ്കുകാരിയായ സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. സ്‌കോര്‍: 21-19, 21-10. ഒളിംപിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമെന്ന നേട്ടവും സിന്ധു ഇന്നലെ തന്റെ പേരിലാക്കി.
മികച്ച തുടക്കമായിരുന്നു സിന്ധുവിന്റേത്. ആദ്യം മുതല്‍ എതിരാളിക്കു മേല്‍ ലീഡ് നേടിയ ഹൈദരാബാദുകാരി ഒരുഘട്ടത്തില്‍ 10-6ന് മുന്നിലെത്തി. പിന്നീട് ഒകുഹാര തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും നിര്‍ണായക പോയിന്റുകള്‍ നേടി സിന്ധു ഒന്നാം ഗെയിം 21-19ന് കൈക്കലാക്കുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാടിയ ഒന്നാം സെറ്റ് 27 മിനിറ്റ് നീണ്ടുനിന്നു.
ആദ്യ ഗെയിമിന് സമാനമായി രണ്ടാം ഗെയിമിലും സിന്ധുവിന് മികച്ച തുടക്കമാണ് ലഭിച്ചത്. രണ്ടാം ഗെയിമില്‍ മൂന്ന് പോയിന്റ് നേടിയതിനു ശേഷമാണ് ജപ്പാന്‍ താരത്തെ അക്കൗണ്ട് തുറക്കാന്‍ സിന്ധു അനുവദിച്ചത്. പിന്നീട് നൊസോമി 5-3ന്റെ ലീഡാക്കി. ഈ ഘട്ടത്തില്‍ നിന്ന് തിരിച്ചടിച്ച സിന്ധു സ്‌കോര്‍ 8-8 എന്നാക്കി. എന്നാല്‍, പിന്നീട്  വ്യക്തമായ ലീഡിലേക്ക് മുന്നേറിയ സിന്ധു രണ്ടാം ഗെയിം അനായാസം സ്വന്തമാക്കുകയായിരുന്നു.
വനിതകളുടെ 53 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യന്‍ താരം ബബിതാ കുമാരി പ്രീക്വാര്‍ട്ടറില്‍ തോറ്റു. ഗ്രീസിന്റെ മരിയ പ്രവോലരാക്കിനോടാണ് 5-1 എന്ന സ്‌കോറിന് ബബിത തോല്‍വിയേറ്റുവാങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day