|    Nov 22 Thu, 2018 5:02 pm
FLASH NEWS
Home   >  Sports  >  Cricket  >  

ലങ്ക മുക്കുവോ ഇന്ത്യയെ? രോഹിതിനും ഇന്ത്യക്കും നിര്‍ണായകം

Published : 12th December 2017 | Posted By: vishnu vis

മൊഹാലി:  ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് (13-12-017) മൊഹാലിയില്‍. ആദ്യ മല്‍സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ഷോക്കുമായി ഇന്ത്യ ഇറങ്ങുമ്പോള്‍  12 തുടര്‍തോല്‍വികള്‍ക്ക് ശേഷം ഇന്ത്യയില്‍ ചരിത്ര ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഇറങ്ങുന്നത്.

ജയിക്കണം ഇന്ത്യക്ക്
വിരാട് കോഹ്‌ലി എന്ന നായകന് കീഴില്‍ നേട്ടം മാത്രം ശീലിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ ജയം അഭിമാന പ്രശ്‌നമാണ്. ലങ്കയെ അവരുടെ നാട്ടില്‍ ചുട്ടെരിച്ച കളിക്കരുത്ത് സ്വന്തം തട്ടകത്തില്‍ പുറത്തെടുക്കാനാവാതെ ഇന്ത്യ മുട്ടുമടക്കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അത് നാണക്കേടിന്റെ ചരിത്രമാവും.വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മക്ക് ടീമിനെ വിജയത്തിലേക്കെത്തിക്കേണ്ടത് അനിവാര്യമാണ്.  ധര്‍മശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ബാറ്റിങിലാണ് ഇന്ത്യക്ക് കാലിടറിയത്. വെടിക്കെട്ട് ഓപണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നിലയുറപ്പിക്കും മുമ്പേ മടങ്ങിയതും മധ്യനിരയിലെ പരീക്ഷണങ്ങളുമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. അക്കൗണ്ട് തുറക്കാനാവാതെ നാല് ഇന്ത്യന്‍ താരങ്ങളാണ് ആദ്യ മല്‍സരത്തില്‍ കൂടാരം കയറിയത്. മധ്യനിരയില്‍ എംഎസ് ധോണിയുടെ ഒറ്റയാള്‍ പോരാട്ടം കൂടി ഇല്ലായിരുന്നെങ്കില്‍ ധര്‍മശാലയില്‍ ഇന്ത്യ ചരിത്ര തോല്‍വിയെ നേരിടേണ്ടി വരുമായിരുന്നു. ദിനേഷ് കാര്‍ത്തികും മനീഷ് പാണ്ഡെയും ആദ്യ ഏകദിനത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരും മധ്യനിരയില്‍ ഇന്നും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കില്‍ മൊഹാലിയിലും ഇന്ത്യക്ക് നാണം കെടേണ്ടി വരും.ബൗളിങ് നിര ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനം തന്നെയാണ് ആദ്യ മല്‍സരത്തില്‍ പുറത്തെടുത്തത്.

പരമ്പര പിടിക്കാന്‍ ശ്രീലങ്ക
തിസാര പെരേര എന്ന പുതിയ നായകന്റെ കീഴില്‍ സ്വപ്‌നതുല്യ തുടക്കം ലഭിച്ച ശ്രീലങ്ക ജയം തുടരാനുറച്ചാവും മൊഹാലിയില്‍ ഇറങ്ങുക. ബൗൡങ് മികവില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ലങ്ക തന്ത്രം മെനയുന്നത്. ടെസ്റ്റില്‍ ഇന്ത്യയെ പലതവണ വിറപ്പിച്ച സുരങ്ക ലക്മാലിന്റെ ഫാസ്റ്റ് ബൗളിങാണ് ലങ്കയുടെ തുറുപ്പുചീട്ട്. നുവാന്‍ പ്രതീപും തിസാര പെരേരയും മികച്ച പിന്തുണയോടെ പന്തെറിഞ്ഞാല്‍ ഇന്ത്യക്ക് നന്നായി ബുദ്ധിമുട്ടേണ്ടി വരും. സ്പിന്‍കെണി ഒരുക്കാന്‍ അഖില ധനഞ്ജയെയാവും  ലങ്ക ഏല്‍പ്പിക്കുക. ബാറ്റിങില്‍ ഉപുല്‍ തരംഗ, ഏയ്ഞ്ചലോ മാത്യൂസ്, ലഹിരു തിരിമന എന്നിവരെയാവും ലങ്കന്‍ നിര കൂടുതല്‍ ആശ്രയിക്കുക. അസീല ഗുണരത്‌ന, നിരോഷന്‍ ഡിക്ക്‌വെല്ല എന്നിവരും ബാറ്റുകൊണ്ട് സംഭാവനചെയ്യാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. മൂന്ന് മല്‍സരത്തില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ലങ്ക ജയത്തോടെ പരമ്പര സ്വന്തമാക്കാനുറച്ചാവും ഇറങ്ങുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss