|    Jan 23 Mon, 2017 8:35 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യക്കാരിയുടെ നോവലിന് പ്രചോദനം ഖത്തറിലെ രണ്ട് കൊലപാതകങ്ങള്‍

Published : 23rd August 2016 | Posted By: SMR

എം ടി പി റഫീക്ക്

ദോഹ: തമിഴ്‌നാട് സ്വദേശിയായ മോഹന ലക്ഷ്മി രാജ്കുമാറിന്റെ ഏറ്റവും പുതിയ ക്രൈം നോവലിന് പ്രചോദനമായത് ഖത്തറില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍. 2012ല്‍ കൊല്ലപ്പെട്ട അമേരിക്കന്‍ അധ്യാപിക ജെനിഫര്‍ ബ്രൗണ്‍, 2013ല്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് അധ്യാപിക ലോറന്‍ പാറ്റേഴ്‌സണ്‍ എന്നിവരുടെ കൊലപാതകങ്ങള്‍ നൊ പ്ലേസ് ഫോര്‍ വുമണ്‍ എന്ന തന്റെ നോവലിനെ സ്വാധീനിച്ചതായി മോഹനലക്ഷ്മി പറയുന്നു.
ഒരു വര്‍ഷത്തെ ഇടവേളയില്‍ നടന്ന ഈ രണ്ട് കൊലപാതകങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഗള്‍ഫില്‍ ഇങ്ങനെയൊന്ന് സംഭവിക്കുമോയെന്ന് പലരും അമ്പരന്നിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഖത്തറില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരത്വമുള്ള മോഹനലക്ഷ്മിയുടെ 2013ല്‍ പുറത്തിറങ്ങിയ ലൗ കംസ് ലേറ്റര്‍ എന്ന നോവല്‍ ആ വര്‍ഷത്തെ ബെസ്റ്റ് ഇന്‍ഡീ ബുക്ക് അവാര്‍ഡ് നേടിയിരുന്നു. ഖത്തര്‍ പശ്ചാത്തലമാക്കിയുള്ള ആദ്യ ഇംഗ്ലീഷ് നോവലാണ് ഇതെന്ന് കരുതപ്പെടുന്നു. ഗള്‍ഫിലെ ഒരു അജ്ഞാത നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് നോ പ്ലേസ് ഫോര്‍ വുമണില്‍. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ ഫിക്ഷനാണ് തന്റെ പുതിയ പുസ്തകം. പ്രവാസി അധ്യാപികയുടെ കൊലപാതകം അന്വേഷിക്കാന്‍ വരുന്ന ഡിറ്റക്ടീവ് അലിയാണ് പ്രധാന കഥാപാത്രം. രണ്ടാമതൊരു യുവതിയുടെ ജഡം കൂടി മരുഭൂമിയില്‍ നിന്ന് കത്തിക്കരിഞ്ഞ(ലോറന്‍ പാറ്റേഴ്‌സന്റെ മൃതദേഹം ഇതേ രീതിയിലാണ് കണ്ടെത്തിയത്) നിലയില്‍ കണ്ടെത്തിയതോടെയാണ് ഒരു സീരിയല്‍ കില്ലര്‍ ഇതിന് പിന്നിലുണ്ടാകാമെന്ന തോന്നല്‍ അലിയിലുണ്ടാവുന്നത്.
ക്രൈം ഇന്‍ അറേബ്യ എന്ന സീരിസിലെ മോഹനലക്ഷ്മിയുടെ രണ്ടാമത്തെ പുസ്തകമാണ് നോ പ്ലേസ് ഫോര്‍ വുമണ്‍. സ്‌കാന്റിനേവിയന്‍ കുറ്റാന്വേഷണ എഴുത്തുകാരായ സ്റ്റീഗ് ലാര്‍സന്‍, ജോ നെസ്‌ബോ എന്നിവര്‍ തന്റെ രചനയില്‍ സ്വാധീനിച്ചതായി അവര്‍ പറയുന്നു. ദി മൈഗ്രന്റ് റിപോര്‍ട്ട് എന്നതാണ് ഈ സീരിസിലെ ആദ്യ പുസ്തകം. നിര്‍മാണ തൊഴിലാളികളുടെ പുറം ലോകമറിയാത്ത ജീവിതമാണ് ഈ പുസ്തകത്തില്‍. നിരവധി തൊഴിലാളികളുടെ മരണവും അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് അലി നടത്തുന്ന അന്വേഷണവും ഉദ്വേഗം നിറഞ്ഞ സംഭവ വികാസങ്ങളിലൂടെ കഥയില്‍ ചുരുള്‍ നിവരുന്നു. ഐഎസ് തീവ്രവാദികളുടെ ഭീഷണിയെ അടിസ്ഥാനമാക്കിയുള്ളതാണ് സീരീസിലെ അടുത്ത പുസ്തകം.
ഫിക്ഷന്‍ വിഭാഗത്തില്‍ മോഹനലക്ഷ്മിയുടെ ഒമ്പതാത്തെ പുസ്തകമാണ് നോ പ്ലേസ് ഫോര്‍ വുമണ്‍. നിരവധി നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളും ഇവര്‍ എഴുതിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ജനിച്ച മോഹനലക്ഷ്മി 11ാം വയസിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 2005ല്‍ ഖത്തറിലെത്തിയ അവര്‍ എജുക്കേഷന്‍ സിറ്റിയില്‍ അധ്യാപികയും ഗവേഷകയുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക