|    Dec 14 Fri, 2018 7:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യക്കാരനായ വീട്ടു ഡ്രൈവര്‍ക്ക് സൗദിയില്‍ വധശിക്ഷ

Published : 22nd November 2018 | Posted By: AAK

ദമ്മാം: തമിഴ്‌നാട് തിരുവഞ്ചൂര്‍ സ്വദേശി മുഹമ്മദലി മുഹമ്മദ് ഷരീഫിന് (45) ദമ്മാം ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. മൂന്നു വര്‍ഷം മുമ്പ് തന്റെ സ്‌പോണ്‍സറുടെ ഭാര്യയെ ദമ്മാമിലെ വീട്ടില്‍ നിന്നും കോബാറിലെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോവുന്നതിനിടയില്‍ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. അമിത വേഗതയില്‍ വാഹനമോടിച്ച് വിജനമായ സ്ഥലത്ത് കൊണ്ടുപോയി ഡോര്‍ ലോക്ക് ചെയ്ത് 33 വയസ്സുകാരിയായ യുവതിയെ കാറിനകത്തു വച്ച് മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളിലുള്‍പ്പെടെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കരഞ്ഞുവിളിക്കുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ റേഡിയോ പ്രവര്‍ത്തിപ്പിച്ചായിരുന്നു പ്രതി കൃത്യം നിര്‍വഹിച്ചതെന്ന് കോടതി കണ്ടെത്തി. അമിത രക്തസ്രാവത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയും മാസങ്ങള്‍ നീണ്ട വിശ്രമത്തിനുമൊടുവിലാണ് യുവതി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ദഹ്‌റാന്‍ പോലിസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും യുവതിക്കേറ്റ പരിക്കിന് കാരണക്കാരന്‍ മുഹമ്മദലി തന്നെയായിരുന്നുവെന്ന് തെളിവുകളുടെ പിന്‍ബലത്തില്‍ കോടതി കണ്ടെത്തുകയായിരുന്നു.

ദമ്മാം ക്രിമിനല്‍ കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിധിക്കെതിരേ മേല്‍കോടതിയില്‍ അപ്പീലില്‍ പോവുന്നതിന് പ്രതിക്ക് ഒരു മാസം സാവകാശം നല്‍കി. രണ്ടു വര്‍ഷം മുമ്പ് ദമ്മാമിലെ ക്രിമിനല്‍ കോടതിയുടെ തന്നെ വിധി (4 വര്‍ഷം തടവ്) ദുര്‍ബലപ്പെടുത്തിയാണ് മേല്‍കോടതിയുടെ നിര്‍ദേശത്തോടെ ദമ്മാം ക്രിമിനല്‍ കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ച് പുനര്‍വിചാരണ നടത്തി വിധി പ്രസ്താവിച്ചത്. വിധി കേട്ട പ്രതി പൊട്ടിക്കരഞ്ഞതായി കോടതി പരിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ മുഹമ്മദ് നജാത്തി പറഞ്ഞു.

സുപ്രിം കോടതിയടക്കമുള്ള മേല്‍കോടതികളും ആഭ്യന്തര മന്ത്രാലയവും രാജാവിന്റെ കാര്യാലയവും (ദിവാനുല്‍ മലകി) സ്ഥിരീകരിച്ചെങ്കില്‍ മാത്രമെ വിധി നടപ്പിലാകുകയുള്ളൂ.
മുഹമ്മദാലിക്ക് ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്. നാലു വര്‍ഷം മുമ്പ് സൗദിയിലെത്തിയ ഇയാള്‍ കേസില്‍ പിടിയിലായി കഴിഞ്ഞ മൂന്നു വര്‍ഷമായി ദമ്മാം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss