|    Jun 29 Thu, 2017 9:29 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്തോനീസ്യന്‍ ഓപണ്‍: ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് കെ ശ്രീകാന്ത് ഫൈനലില്‍

Published : 17th June 2017 | Posted By: ev sports

ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരം
– സെമിയില്‍ പ്രണോയ് പുറത്ത്

ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മെന്‍സ് സിംഗില്‍സില്‍ കെ ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചു. ലോക ഒന്നാംനമ്പര്‍ താരം വാന്‍ ഹോ സോനിനെ തോല്‍പിച്ചാണ് ശ്രീകാന്തിന്റെ ഫൈനല്‍ പ്രവേശനം. ഇതോടെ, ഇന്തോനീസ്യന്‍ ഓപണിന്റെ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ശ്രീകാന്ത് സ്വന്തമാക്കി. സൂപ്പര്‍ സീരിസ് ഇവന്റ്‌സില്‍ തുടര്‍ച്ചയായി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡും ശ്രീകാന്ത് നേടി.
21-15, 14-21, 24-22 എന്ന സ്‌കോറിലാണ് ശ്രീകാന്തിന്റെ ജയം. സ്വതസിദ്ധമായ സ്മാഷസിലൂടെ അക്രമിച്ച് കളിച്ച ശ്രീകാന്തിന്റെ മുന്നേറ്റമായിരുന്നു ആദ്യ സെറ്റില്‍. ആദ്യ ഏഴ് പോയിന്റിലെ മൂന്ന് പോയിന്റും ക്രോസ് കോര്‍ട്ടിലൂടെയും ബോഡി സ്മാഷസിലൂടെയും സ്വന്തമാക്കിയ ശ്രീകാന്ത് 11-6ന്റെ ലീഡ് പിടിച്ചപ്പോള്‍ പിഴവുകള്‍ ആവര്‍ത്തിച്ചത് ലോക ചാംപ്യന്‍ സോനിന് വിനയായി. 17 മിനിറ്റിനകം ശ്രീകാന്തിന് മുന്നില്‍ സോന്‍ കീഴടങ്ങിയിരുന്നു.
എന്നാല്‍, രണ്ടാം ഗെയിമില്‍ കനത്ത ചെറുത്തുനില്‍പ്പിലൂടെ മുന്നേറിയ സോന്‍ ബാക് ഹാന്‍ഡിന്റെ കരുത്തില്‍ സെറ്റ് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, ആദ്യ സെറ്റിലെ അതേ തന്ത്രം തന്നെ പയറ്റിയത് ശ്രീകാന്തിന് നഷ്ടമായി. 6-2ല്‍ ലീഡില്‍ നില്‍ക്കെ മല്‍സരം കൈവിട്ടുവെങ്കിലും 11-10ല്‍ ശ്രീകാന്ത് തിരിച്ചുപിടിച്ചു. പിന്നീട് സമ്മര്‍ദത്തിനടിപ്പെട്ട ശ്രീകാന്തില്‍ നിന്ന് സെറ്റ് പിടിച്ചെടുക്കാന്‍ സോനിന് അധികം സമയം വേണ്ടിവന്നില്ല.
ഏറെ നിര്‍ണായകമായ മൂന്നാംസെറ്റില്‍ വാശിയേറിയ പോരാട്ടത്തിലൂടെ ഇരുവരും ആധിപത്യം കൈമാറി കൊണ്ടിരുന്നു. ഒടുവില്‍ 19-19ല്‍ നില്‍ക്കെ മാച്ച് പോയിന്റ് സോന്‍ സ്വന്തമാക്കിയതോടെ മല്‍സരം നീണ്ടു. ഒരു മണിക്കൂര്‍ 12 മിനിറ്റ്് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ശ്രീകാന്തിന്റെ പരിശ്രമം വിജയം കണ്ടു. ജയത്തോടെ സോനിനെതിരേ 3-4ന്റെ വിജയ നേട്ടം എന്ന റെക്കോഡും ശ്രീകാന്ത് സ്വന്തം പേരിനൊപ്പം ചേര്‍ത്തു. പ്രണോയിയെ തോല്‍പിച്ച 47ാം റാങ്കുകാരന്‍ ജപ്പാന്റെ കസുമാസ സക്കായിക്കെതിരേയാണ് ശ്രീകാന്ത് ഫൈനല്‍ പോരിനിറങ്ങുക. ലോക 22ാം റാങ്കായ ശ്രീകാന്തിന്റെ നാലാം സൂപ്പര്‍ സീരിസ് ഫൈനലാണിത്.

കലാശത്തിലെത്താതെ പ്രണോയ് മടങ്ങി
ഇന്തോനീസ്യന്‍ ഓപണില്‍ മലയാളി താരം എച്ച് എസ് പ്രണോയിയുടെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി. സെമിഫൈനലില്‍ ജപ്പാന്റെ കസുമാസ സക്കായിയുടെ കരുത്തിന് മുന്നില്‍ പ്രണോയ് അടിയറവ് പറഞ്ഞു. സ്‌കോര്‍: 21-17, 26-28, 18-21. ഒളിംപിക് ചാംപ്യന്‍ ചെന്‍ ലോങിനെ തോല്‍പിച്ച് സെമിയിലെത്തിയ പ്രണോയിക്ക് പക്ഷേ, ആദ്യ സെറ്റില്‍ മാത്രമേ ലീഡ് നേടാനായുള്ളൂ. കിരീട പ്രതീക്ഷകളുമായി ഇറങ്ങിയ മലയാളി താരം 77 മിനിറ്റ് നീണ്ടു നിന്ന വാശിയേറിയ പോരാട്ടത്തില്‍ സകായിക്കു മുന്നില്‍ പൊരുതി തോല്‍ക്കുകയായിരുന്നു. ആദ്യ സെറ്റില്‍ 11-6ന് ലീഡ് നേടിയ പ്രണോയ് പിന്നീട് സക്കായിക്ക് മുന്‍തൂക്കം നല്‍കിയില്ല. എന്നാല്‍, രണ്ടാം സെറ്റില്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ സക്കായിക്ക് 18-18 ഗെയിം പോയിന്റില്‍ മല്‍സരം കൈവിട്ടു. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫലം സക്കായി പ്രണോയിയെ മറികടക്കുകയായിരുന്നു. മൂന്നാം സെറ്റില്‍ അതിവേഗം ലീഡ് പിടിച്ചെടുത്ത സക്കായ് പ്രണോയിയെ മുന്നേറാന്‍ അനുവദിച്ചില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക