|    Apr 26 Thu, 2018 8:49 am
FLASH NEWS
Home   >  Life  >  Real Life  >  

ഇനി സൂര്യയാനം

Published : 4th September 2015 | Posted By: admin

.

soorya

.
പ്തംബര്‍ 24ലെ ഉദ്വേഗത്തിന്റെയും പ്രാര്‍ഥനയുടെയും പ്രഭാതം. മംഗള്‍യാന്‍ വിജയം എത്തിപ്പിടിച്ച സുന്ദരമുഹൂര്‍ത്തത്തിനു സാക്ഷ്യംവഹിക്കാന്‍ പീനിയ ഇസ്ട്രാക്കിലെ മിഷന്‍ ഓപറേഷനല്‍ കോംപ്ലക്‌സ് രണ്ടില്‍ ഭരണകര്‍ത്താക്കളും ശാസ്ത്രജ്ഞരും ഉല്‍ക്കണ്ഠയോടെ കാത്തിരിക്കുമ്പോള്‍ ഇങ്ങു ദൂരെ കോപ്പുള്ളില്‍ തറവാട്ടിലും ആകാംക്ഷയ്ക്കു കുറവുണ്ടായിരുന്നില്ല. രാവിലെ 7.45ഓടെ ‘മംഗള്‍യാന്‍’ ചുവന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയെന്ന അനൗദ്യോഗിക പ്രഖ്യാപനം. എല്ലാവരുടെയും മുഖത്ത് അഭിമാനത്തിന്റെ പുഞ്ചിരി. ഒപ്പം നിലയ്ക്കാത്ത കൈയടിയും. ഇതിനിടെ ബാംഗ്ലൂരില്‍നിന്ന് ഒരു ഫോണ്‍ കോള്‍. കല്യാണിക്കുട്ടി ടീച്ചര്‍ ഫോണെടുത്തു. ”ഹലോ… കൊച്ചുവാവ ചേച്ചീ… ഇതു ഞാനാ…. ടി.വി. കാണുന്നുണ്ടോ?””ഉവ്വല്ലോ മോനേ… കണ്ടോണ്ടിരിക്കുകയാ…” ”നമ്മള്‍ വിജയിച്ചൂട്ടാ…” ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണനായിരുന്നു അങ്ങേതലയ്ക്കല്‍. മാതൃസഹോദരഭാര്യ കല്യാണിക്കുട്ടി ഇപ്പുറത്തും.

ജീവിതത്തിലെ ആഹ്ലാദമുഹൂര്‍ത്തങ്ങളെല്ലാം തറവാടുമായി പങ്കുവയ്ക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല കോപ്പുള്ളില്‍ വീട്ടിലെ ഈ ശാസ്ത്രജ്ഞന്‍. മംഗള്‍യാന്‍ ദൗത്യത്തിന്റെ ചരിത്രവിജയത്തിനു തൊട്ടുപിന്നാലെയായിരുന്നു രാധാകൃഷ്ണന്റെ വിളിയെത്തിയത്. തിരക്കു മൂലം ഏതാനും വാചകങ്ങളില്‍ സംഭാഷണം അവസാനിപ്പിക്കേണ്ടിവന്നെങ്കിലും ഇവിടെ ആഹ്ലാദാരവങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡിലാണ് കോപ്പുള്ളില്‍ തറവാട്. രാധാകൃഷ്ണന്റെ അധ്യാപിക കൂടിയായ കല്യാണിക്കുട്ടിയും കുടുംബവും ഇപ്പോള്‍ കഴിയുന്നതും ഈ വീട്ടില്‍ തന്നെ. കുടുംബത്തിന്റെ നെടുംതൂണായ അമ്മായിയുമായി ആത്മബന്ധമായിരുന്നു രാധാകൃഷ്ണനുണ്ടായിരുന്നത്. ‘കൊച്ചുവാവ ചേച്ചീ’ എന്ന് രാധാകൃഷ്ണന്‍ സ്‌നേഹത്തോടെ നീട്ടിവിളിക്കും. എല്ലാ ഞായറാഴ്ചകളിലും രാത്രി കല്യാണിക്കുട്ടിയമ്മയ്ക്കു ഫോണ്‍ ചെയ്യും. കേള്‍വിക്ക് തകരാറുണ്ടെങ്കിലും രാധാകൃഷ്ണന്‍ പറയുന്നതു കേള്‍ക്കാന്‍ തനിക്കു ബുദ്ധിമുട്ടില്ലെന്നാണ് ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്‌കൂളിലെ  പ്രധാനാധ്യാപികയായി വിരമിച്ച ടീച്ചര്‍ പറയുന്നത്. എസ്.ബി.ടിയില്‍ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ പത്മിനിക്കൊപ്പം ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന രാധാകൃഷ്ണന്‍ തന്നെ കാണണമെന്ന് തോന്നുമ്പോഴെല്ലാം കോപ്പുള്ളില്‍ വീട്ടില്‍ എത്താറുണ്ടെന്നും ടീച്ചര്‍ പറയുന്നു.

രണ്ടു വര്‍ഷത്തിനകം സൂര്യപഠനമാരംഭിക്കും

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറായിരുന്ന ഡോ. കെ. രാധാകൃഷ്ണന്‍, 2009 ഒക്ടോബര്‍ 31നാണ് ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാനായി നിയമിതനായത്. എറണാകുളം ഡപ്യൂട്ടി കലക്ടറായിരുന്ന കുരിയാക്കാട്ടില്‍ കൃഷ്ണന്‍കുട്ടി മേനോന്റെയും കോപ്പുള്ളില്‍ അമ്മിണിയമ്മയുടെയും മകനായ രാധാകൃഷ്ണന്‍ തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍നിന്ന് ഇലക്‌ട്രോണിക്‌സില്‍ ബിരുദം നേടി 1971ല്‍ തിരുവനന്തപുരം വി.എസ്.എസ്.സിയില്‍ എന്‍ജിനീയറായി. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു ഡോക്ടറേറ്റും നേടി. ചാന്ദ്രയാന്‍ക എന്ന ചാന്ദ്രദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു.

ശാസ്ത്രത്തിനും എന്‍ജിനീയറിങ് മേഖലയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു. മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ വിജയിച്ചതോടെ സൂര്യപഠനമാണ് ഐ.എസ്.ആര്‍.ഒയുടെ അടുത്ത ലക്ഷ്യമെന്ന് രാധാകൃഷ്ണന്‍ പറയുന്നു.

2017 ഓടെ സൂര്യനെ ലക്ഷ്യം വച്ചുള്ള മറ്റൊരു ചരിത്രദൗത്യം ഐ.എസ്.ആര്‍.ഒ. ഏറ്റെടുക്കും. മംഗള്‍യാന്‍ പൂര്‍ണമായും തദ്ദേശീയമാണെന്ന് പറയുന്ന രാധാകൃഷ്ണന്‍ ഈ ദൗത്യത്തില്‍ നാസയ്ക്ക് ഒരു പങ്കുമില്ലന്നും വ്യക്തമാക്കുന്നു. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ മുഴുവന്‍ അംഗീകാരവും രാജ്യത്തിന് സ്വന്തമാണ്.

ചാന്ദ്രയാന്‍കക പദ്ധതി ഉപേക്ഷിച്ചിട്ടില്ല. മൂന്നു വര്‍ഷത്തിനകം അത് നടപ്പാക്കും. ഇതുവരെയുള്ള ചൊവ്വാദൗത്യങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞ ദൗത്യമായിരുന്നു മംഗള്‍യാനെന്ന് മാസങ്ങള്‍ക്കു മുമ്പ് കോപ്പുള്ളില്‍ വീട്ടില്‍ ഈ ലേഖകന്‍ ചെന്നപ്പോള്‍ തന്നെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ജലത്തിന്റെ ലഭ്യത, ഹൈഡ്രജന്‍, മീഥൈന്‍, മണ്ണിന്റെ ഘടന, അന്തരീക്ഷം എന്നിവയെക്കുറിച്ച് ലോകത്തിനുതന്നെ നിര്‍ണായകവിവരങ്ങള്‍ നല്‍കാനായി പഞ്ചരത്‌നങ്ങളെന്നറിയപ്പെടുന്ന അഞ്ച് ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. ചൊവ്വാ ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ. അനാവശ്യ തിടുക്കം കാണിച്ചെന്ന വിമര്‍ശനം അദ്ദേഹം നിഷേധിച്ചു. ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഏറെ ചെലവുകുറഞ്ഞതാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യമെങ്കിലും ബഹിരാകാശപഠനരംഗത്ത് നിര്‍ണായകമായ വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതികവിദ്യ മംഗള്‍യാനുണ്ട്. താമസിയാതെ അത് ബോധ്യമാവുമെന്ന് അദ്ദേഹത്തിന്   ഉറപ്പാണ്.

ഇന്നസെന്റിന്റെസഹപാഠി

ഇരിങ്ങാലക്കുട സംഗമേശ്വര വിലാസം സ്‌കൂളില്‍ ഒരേ ക്ലാസില്‍ ഒരേ ബെഞ്ചിലിരുന്നായിരുന്നു നടനും എം.പിയുമായ ഇന്നസെന്റിന്റെയും രാധാകൃഷ്ണന്റെയും പഠനം. ഒരു ഫഌഷ്ബാക്ക് പോലെ ഇന്നസെന്റ് അത് ഓര്‍ത്തെടുക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ ജ്യേഷ്ഠ സഹോദരന്‍ ശിവദാസനായിരുന്നു ആദ്യ ക്ലാസ്‌മേറ്റ്. നാലു വര്‍ഷം ഒപ്പം പഠിച്ചിരുന്നവരാണവര്‍. ഇന്നസെന്റ്  തോറ്റപ്പോള്‍ ക്ലാസുകയറ്റം കിട്ടിയ രാധാകൃഷ്ണന്‍ ഇന്നസെന്റിന്റെ ഒപ്പമെത്തി. ഇന്നസെന്റിന്റെ കുസൃതികളറിയാവുന്ന ശിവദാസന്‍ പറഞ്ഞു: ”എന്റെ അനിയന്‍ രാധാകൃഷ്ണന്‍ ഈ ക്ലാസില്‍ വരുന്നുണ്ട്. നീയവനെ ചീത്തയാക്കരുത്.” അംബുജം ടീച്ചറുടെ ക്ലാസില്‍ ഒരുമിച്ചുപഠിക്കുമ്പോള്‍ രാധാകൃഷ്ണനെ തന്റെ കൂട്ടത്തിലേക്ക് കൊണ്ടുവരാന്‍ പലതവണ ഉള്‍പ്രേരണ ഉണ്ടായിട്ടും ശിവദാസനു കൊടുത്ത വാക്ക് പാലിക്കാന്‍ ശ്രമിച്ചു!

ശാസ്ത്രജ്ഞനായകലാകാരന്‍

‘കലാകാരനായ ശാസ്ത്രജ്ഞന്‍, അല്ലെങ്കില്‍ ശാസ്ത്രജ്ഞനായ കലാകാരന്‍’ ഡോ. കെ. രാധാകൃഷ്ണനെ അങ്ങനെയും വിശേഷിപ്പിക്കാം. സാഹിത്യത്തില്‍ ആനന്ദും സച്ചിദാനന്ദനും സംഗീതത്തില്‍ പി. ജയചന്ദ്രനും അഭിനയരംഗത്ത് ഇന്നസെന്റും തിളങ്ങിനില്‍ക്കുന്ന ഇരിങ്ങാലക്കുടയില്‍ കഥകളിയും കര്‍ണാടക സംഗീതവും വേണ്ടി വന്നാല്‍ നൃത്തവും വഴങ്ങുന്ന കലാകാരനായ ശാസ്ത്രകാരനായിരുന്നു ഡോ. കെ. രാധാകൃഷ്ണന്‍.

മാനസഗുരുവായി കലാമണ്ഡലം ഗോപിയാശാനെയും നൂറ്റാണ്ടിന്റെ മേളപ്രമാണിയായി പെരുവനം കുട്ടന്‍ മാരാരെയും ആരാധിക്കുന്ന ഈ കലാകാരന്റെ വളര്‍ച്ച ഇരിങ്ങാലക്കുടയുടെ കൂടെ വളര്‍ച്ചയായിരുന്നു. തൃപ്പൂണിത്തുറ വിജയഭാനു മഹിളാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നൃത്തക്ലാസില്‍ നൃത്തം പഠിച്ച്, നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ കേരളനടനത്തിലൂടെയാണ് കുഞ്ഞു രാധാകൃഷ്ണന്‍ കലാരംഗത്തേക്കുള്ള ചുവടുറപ്പിക്കുന്നത്.

വീടിന്റെ കിഴക്കുഭാഗത്തെ അമ്മന്നൂര്‍ കളരിയുടെ ചിട്ടവട്ടത്തില്‍ കൂത്തും കൂടിയാട്ടവും തെക്കുഭാഗത്ത് ഉണ്ണായിവാര്യരുടെ പുറത്തറയിലെ കഥകളി, പടിഞ്ഞാറുഭാഗത്ത് ബ്രാഹ്മണിപ്പാട്ടിന്റെ താളം, വടക്കുഭാഗത്ത് നന്തുണിപ്പാട്ട്, കലാകാരന് വളരാന്‍ പറ്റിയ മണ്ണ്. പഠനത്തോടൊപ്പം കലാരംഗത്തും രാധാകൃഷ്ണന്‍ പറന്നിറങ്ങി. കലാനിലയം രാഘവന്‍, പള്ളിപ്പുറം ഗോപാലനാശാന്‍, എം.എന്‍. കരുണാകരന്‍ പിള്ള എന്നിവരുടെ കീഴില്‍ കഥകളി അഭ്യാസനം.

നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തിയായിരുന്നു ആദ്യ വേഷം. തുടര്‍ന്ന് നിരവധി വേഷങ്ങള്‍. 1981ല്‍ ബാംഗ്ലൂരിലും കഥകളിവേഷങ്ങള്‍ ചെയ്തു. 1982ല്‍ ‘കൂടല്‍മാണിക്യ’ത്തില്‍ പരശുരാമനായി വേഷം കെട്ടി. തുടര്‍ന്ന് കല്യാണസൗഗന്ധികം, ദക്ഷയാഗം, ഉത്തരാസ്വയംവരം, സന്താനഗോപാലം എന്നിവയില്‍ വിവിധ വേഷങ്ങള്‍. 1975ല്‍ കര്‍ണാടകസംഗീതത്തിലേക്കു തിരിഞ്ഞു. ഗുരുവായൂരും മമ്മിയൂരും കൂടല്‍മാണിക്യവുമടക്കമുള്ള ക്ഷേത്രങ്ങളില്‍ കീര്‍ത്തനങ്ങളുടെ പെരുമഴയായിരുന്നു പിന്നെ.

മലയാളത്തിന്റെ കയ്യൊപ്പ്

മംഗള്‍യാന്റെ ചൊവ്വാദൗത്യം നിയന്ത്രിച്ച പതിനൊന്നു പേരില്‍ ആറും മലയാളികളായിരുന്നു.  ഡോ. കെ. രാധാകൃഷ്ണനു പുറമെ ദ്രവഎന്‍ജിന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എസ്. രാമകൃഷ്ണന്‍, പി.എസ്.എല്‍.വി. പ്രോഗ്രാം പ്രൊജക്റ്റ്ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണന്‍, മംഗള്‍യാന്റെ രൂപകല്‍പ്പനയ്ക്കു നേതൃത്വം നല്‍കിയ വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ എം. ചന്ദ്രദത്തന്‍, പേടകത്തിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച മാര്‍സ് ഓര്‍ബിറ്റ് മിഷന്റെ പ്രൊജക്റ്റ് ഡയറക്ടര്‍ എസ്. അരുണന്‍, പി.എസ്.എല്‍.വി. പ്രൊജക്റ്റിന്റെ അസോഷ്യേറ്റ് ഡയറക്ടര്‍ ബി. ജയകുമാര്‍, യുവ ശാസ്ത്രജ്ഞന്‍ ജയകുമാര്‍ എന്നിവരായിരുന്നു പതിനൊന്നംഗ സംഘത്തിലെ മലയാളികള്‍. ഇവര്‍ക്കു പുറമെ പി.എസ്.എല്‍.വി. പ്രൊജക്റ്റിലും പേലോഡ്  നിര്‍മാണത്തിലുമായി നിരവധി പേര്‍ വേറെയുമുണ്ട്. വേളിയിലുള്ള വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റര്‍, പൊന്‍മുടിക്കടുത്തു വലിയമലയില്‍                    ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍, തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷന്‍, വലിയമലയില്‍ തന്നെയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജി എന്നിങ്ങനെ അഭിമാനകേന്ദ്രങ്ങള്‍ കേരളത്തിലുള്ളപ്പോള്‍ ഈ മലയാള സമൃദ്ധിയില്‍ അത്ഭുതമില്ലെങ്കിലും ഏതു പ്രതിസന്ധിഘട്ടത്തിലും ധൈര്യം വിടാതെ നില്‍ക്കുന്ന ഡോ. രാധാകൃഷ്ണന്റെ ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും തന്നെയായിരുന്നു ചൊവ്വാദൗത്യത്തിന്റെ മൂലധനം. ദൗത്യത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ചെലവു കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു.

ഇരിങ്ങാലക്കുടയില്‍നിന്ന് അനുരാധയും

അനുരാധ എസ്. പ്രകാശ് എന്ന ബഹിരാകാശ ശാസ്ത്രജ്ഞയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇന്ന് സ്വപ്‌നതുല്യമാണ്. കുഞ്ഞുനാളില്‍ കഥയും കവിതകളും വായിച്ച് രാത്രി നക്ഷത്രങ്ങളെ നോക്കിയിരുന്ന കാലം. വലുതായപ്പോള്‍ കണക്കിലും ശാസ്ത്രത്തിലുമായിരുന്നു കമ്പം. ഇരിങ്ങാലക്കുട കോലോത്തുംപടിയിലെ വീട്ടുമുറ്റത്തിരുന്ന് സ്വപ്‌നംകണ്ട കാലത്തേക്ക് തിരിച്ചുപോകുമ്പോള്‍ അനുരാധയ്ക്ക് കുറേ നല്ല ഓര്‍മകള്‍ മാത്രം. മംഗള്‍യാന്റെ പ്രൊജക്റ്റിന്റെ പുരോഗതി പുറംലോകത്തെ അറിയിക്കാന്‍ ഐ.എസ്.ആര്‍.ഒ. നിയോഗിച്ചത് അനുരാധയെയായിരുന്നു.

ഒപ്പം ആലോക് കുമാര്‍ ശ്രീവാസ്തവയും. ഐ.എസ്.ആര്‍.ഒ. ടെലിമെന്ററി ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ്്‌വര്‍ക്ക് ഇസ്ട്രാക്റ്റിന്റെ കേന്ദ്രത്തില്‍നിന്നായിരുന്നു ഇരുവരും ചൊവ്വാ ദൗത്യവിജയം ലോകത്തെ അറിയിച്ചത്.  മുമ്പ് ജി.എസ്.എല്‍.വി- 12 പ്രൊജക്റ്റിലെ മൂന്ന് വനിതാഓപറേഷന്‍ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു അനുരാധ.  ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രിക്കടുത്ത് മാരുതി കല്‍പ്പത്തിലെ ഡോ. എന്‍.എ. കൃഷ്ണന്റെയും ജയലക്ഷമിയുടെയും മകളായ അവര്‍ 2001ല്‍  ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നു.

ബംഗാളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സെന്റ് ജോസഫ്‌സ് കോളജില്‍ പ്രീഡിഗ്രിയും ക്രൈസ്റ്റ് കോളജില്‍ ഡിഗ്രിയും കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയില്‍ എം.എസ്‌സിയും പൂര്‍ത്തിയാക്കി. ചുരുങ്ങിയ കാലം സെന്റ് ജോസഫ്‌സ് കോളജില്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു. അനുരാധ ഇപ്പോള്‍ സീനിയര്‍ സയന്റിസ്റ്റ് ആണ്. ബാംഗ്ലൂര്‍ യൂനിസിസില്‍ സീനിയര്‍ പ്രൊജക്റ്റ്മാനേജരായ സ്വയംപ്രകാശ് ആണ് ഭര്‍ത്താവ്.               ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss