|    Jun 18 Mon, 2018 5:49 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇനി മണിച്ചേട്ടനില്ലാത്ത ചാലക്കുടി

Published : 7th March 2016 | Posted By: SMR

റഫീഖ് റമദാന്‍

കോഴിക്കോട് :ചലച്ചിത്ര ലോകത്തിന് നഷ്ടങ്ങളുടെ വര്‍ഷമാണിത്. ഒഎന്‍വിയും സംവിധായകന്‍ രാജേഷ് പിള്ളയും മരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുന്നതേയുള്ളൂ. ഇപ്പോഴിതാ മണിയും! രാജേഷ് പിള്ള മരിച്ചതും കരള്‍രോഗം ബാധിച്ചു തന്നെ. ചാലക്കുടിക്കാരന്‍ ചങ്ങാതിയായി മലയാളികളുടെ നെഞ്ചകത്തു കൂടുകൂട്ടിയ മണി ഒരുമണി അരിയില്ലാതെ പട്ടിണികിടന്ന ജീവിതത്തില്‍ നിന്ന് കൈനിറയെ കാശുള്ള സിനിമാക്കാരനായപ്പോഴും നാട്ടുകാരെ മറന്നില്ല. ഒരുകാലത്ത് ചാലക്കുടിയിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മണി കന്നി സിനിമയായ അക്ഷരത്തിലും ഓട്ടോക്കാരനായിരുന്നു. നാട്ടുകാര്‍ക്ക് സേവനംചെയ്തും പൊതുപ്രവര്‍ത്തകനായും മണി തിളങ്ങി. ചാലക്കുടിയില്‍ മണിയുടെ സഹായം എപ്പോഴെങ്കിലും ലഭിക്കാത്ത ഒരാളുമില്ല എന്നതാണ് വാസ്തവം. മധ്യസ്ഥനായും സുഹൃത്തായും കാരണവരായുമൊക്കെ ആ യുവാവ് എല്ലാവര്‍ക്കും സുസമ്മതനായിരുന്നു. 2009ലെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്റെ അമരക്കാരന്‍ മണിയായിരുന്നു.
45 വയസ്സിനുള്ളില്‍ ഇരുനൂറിലേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നായകനെ വെല്ലുന്ന വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ യന്തിരന്‍, വിക്രം നായകനായ ജെമിനി, അന്ന്യന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു മണിയുടെത്. ജെമിനിയിലെ തേജ എന്ന കഥാപാത്രം മണിയിലെ മിമിക്രി കലാകാരന്റെ കഴിവു വിളിച്ചറിയിക്കുന്നതായിരുന്നു. നായകനെക്കാള്‍ കൈയടി നേടി ആ കഥാപാത്രം. ഈ സിനിമയിലെ അഭിനയത്തിന് 2002ല്‍ തമിഴിലെ മികച്ച പ്രതിനായകനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും ലഭിച്ചു.
1971ലെ ഒരു പുതുവല്‍സര രാവില്‍ കൂലിപ്പണിക്കാരനായ ചാലക്കുടിക്കാരന്‍ രാമന്റെയും അമ്മിണിയുടെയും മകനായി ജനിച്ച മണി മഴപെയ്യുമ്പോള്‍ ഓലയ്ക്കിടയിലൂടെ വീട്ടിനകത്തേക്കു വീഴുന്ന മഴത്തുള്ളികള്‍ ശേഖരിക്കാന്‍ വീട്ടിലെ പാത്രങ്ങള്‍ മതിയാവാതെ വന്നതിനെക്കുറിച്ച് പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അരിച്ചാക്കുകള്‍ സര്‍ക്കാര്‍ വണ്ടിയില്‍ നിന്ന് ചുമലിലേറ്റി സ്‌കൂളിന്റെ ഉമ്മറത്തേക്ക് കൊണ്ടുവന്നിട്ടതിന് കഞ്ഞിയുണ്ടാക്കുന്ന രാധചേച്ചി കഞ്ഞിക്കും പയറിനുമൊപ്പം 25 പൈസയുടെ അച്ചാറും മണിക്കു നല്‍കിയിരുന്നു. പഠനത്തില്‍ പിന്നിലായിരുന്നെങ്കിലും ഓട്ടം, ചാട്ടം, മിമിക്രി, പദ്യപാരായണം എന്നിവയിലെല്ലാം ഒന്നാമനായിരുന്നു മണി.
കൂലിപ്പണിക്കാരനായ പിതാവ് ജോലികഴിഞ്ഞു വിയര്‍ത്ത് വീട്ടില്‍ വരുമ്പോള്‍ വിയര്‍പ്പ് ആറാനായി ഇരിക്കുമ്പോള്‍ നാടന്‍പാട്ടു പാടും. അതു കേട്ടുപഠിച്ച് മണി നാടന്‍പാട്ടുകളുടെ വീണ്ടെടുപ്പുകാരനായി. അട്ടപ്പാടിയിലെ ആദിവാസി കോളനിയിലായിരുന്നു ഒരു ഓണത്തിന്. അപ്പോള്‍ ആ ഊരിലെ എല്ലാവര്‍ക്കും മുണ്ടും ഷര്‍ട്ടും നല്‍കി. ഒരാള്‍ക്കു മാത്രം കിട്ടിയില്ലെന്നറിഞ്ഞപ്പോള്‍ തന്റെ ഓണക്കോടി ഊരി അയാള്‍ക്കു നല്‍കി. അയാളുടെ ഷര്‍ട്ട് മണിയും അണിഞ്ഞു. അപ്പോള്‍ കിട്ടിയ വിയര്‍പ്പിന്റെ മണത്തിലൂടെ തന്റെ പിതാവിന്റെ അധ്വാനത്തിന്റെ ഗന്ധം ആസ്വദിച്ചതായി മണി പിന്നീട് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അവിടെനിന്നു തിരിച്ചുപോരുമ്പോള്‍ മണിയുടെ വയറു നിറഞ്ഞിരുന്നു, ഒരുനുള്ള് ചോറ് ഉള്ളിലെത്തിയിട്ടില്ലെങ്കിലും.
നാടന്‍പാട്ടിന് ജനകീയത വരുത്തിയ കലാകാരനാണ് മണി. വരാന്നു പറഞ്ഞിട്ട് ചേട്ടന്‍ വരാതിരിക്കരുതേ, ഓടേണ്ട ഓടേണ്ടാ ഓടിത്തളരേണ്ട, പകലു മുഴുവന്‍ പണിയെടുത്തു കിട്ടണ കാശിനു കള്ളു കുടിച്ചു… തുടങ്ങി മണി ആലപിച്ച നാടന്‍പാട്ടുകള്‍ ഓരോന്നും കേള്‍വിക്കാരുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നവയാണ്. മലയാള സിനിമയില്‍ ഇതുപോലെ ഒരു പച്ച മനുഷ്യന്‍ വേറെ കാണില്ല. ആ ചിരിയും പാട്ടും മലയാളിയുടെ മനസ്സില്‍ തങ്ങിനില്‍ക്കുകതന്നെ ചെയ്യും, നാടന്‍പാട്ടുകള്‍ നിലനില്‍ക്കുന്ന കാലത്തോളം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss