|    Nov 21 Wed, 2018 1:15 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഇനി ജനങ്ങള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കാം

Published : 10th November 2017 | Posted By: fsq

ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച, സമരപരമ്പരകള്‍ക്കു വഴിവച്ച സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് ഇംഗ്ലീഷിലും പച്ചമലയാളത്തിലും പുറത്തുവന്നു. ആയിരത്തിലധികം പേജുള്ള റിപോര്‍ട്ട് പൊതുജനങ്ങള്‍ക്ക് വായിച്ചുപഠിക്കാന്‍ സൗകര്യം ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം. കാരണം, കേരള ചരിത്രത്തില്‍ ഇദംപ്രഥമമായാണ് ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതും അതു മലയാളത്തില്‍ പരിഭാഷപ്പെടുത്തി നിയമസഭാംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യുന്നതും. ഇതിനു മുമ്പ് ലക്ഷങ്ങളും കോടികളും ചെലവഴിച്ചു തയ്യാറാക്കപ്പെട്ട 134 ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ അലമാരകളില്‍ പൊടിപിടിച്ചു കിടക്കുകയാണ്. അതുകൊണ്ടുതന്നെ സോളാര്‍ റിപോര്‍ട്ടിനു പ്രത്യേകമായ തിളക്കം അവകാശപ്പെടാം. ഒന്നൊന്നരവര്‍ഷം രാഷ്ട്രീയകോലാഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ റിപോര്‍ട്ട് പുറത്തുവന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പ്രതിപക്ഷനേതാക്കള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടിവരുമെന്നു പറഞ്ഞത് ഭരണപക്ഷമാണ്. റിപോര്‍ട്ട് പരസ്യമായാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാക്കളും മറുപടി നല്‍കി. റിപോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പു തന്നെ പുതുപുത്തന്‍ മുണ്ടുകള്‍ സജ്ജമാക്കി തുണിക്കടക്കാര്‍ ഒരുങ്ങിനിന്നിരുന്നു. പലതരം തലകള്‍ മൂടുന്ന മുണ്ടുകളാണ് തയ്യാറാക്കിവച്ചിരുന്നത്. റിപോര്‍ട്ട് പുറത്തുവന്നിട്ടും ആരും തലയില്‍ ഇടാനുള്ള മുണ്ട് വാങ്ങാന്‍ വന്നില്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും മുണ്ടിനെപ്പറ്റി ഒരക്ഷരം ഉരിയാടുന്നുമില്ല. തല പുറത്തു കാണിച്ചുകൊണ്ടു തന്നെ നേതാക്കള്‍ അന്തസ്സോടെ നടക്കുന്നു. റിപോര്‍ട്ടിലെ ഉള്ളടക്കവും ആരോപണപ്രത്യാരോപണങ്ങളുമൊക്കെ കേട്ടപ്പോള്‍ വാസ്തവത്തില്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടത് പ്രബുദ്ധരായ കേരളത്തിലെ പൊതുജനങ്ങളാണ്. പൊതുജനങ്ങളുടെ കോടിക്കണക്കായ നികുതിപ്പണമാണ് ഇതിനു വേണ്ടി ചെലവഴിക്കപ്പെട്ടത്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് റിപോര്‍ട്ട് തയ്യാറാക്കുന്നതിനു തന്നെ ഏഴരക്കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചു എന്നതാണ് അനുബന്ധമായി പുറത്തുവന്ന വിവരം. പ്രത്യേക നിയമസഭ കൂടാനും ഭീമമായ റിപോര്‍ട്ട് മാതൃഭാഷയിലാക്കാനും കോപ്പികള്‍ അച്ചടിക്കാനും കോടികളുടെ ചെലവ് വേറെയും ഉണ്ടായി. റിപോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചശേഷം മുന്തിയ അഭിഭാഷകരില്‍ നിന്ന് നിയമസഹായം തേടിയതിനുള്ള ചെലവ് വരാനിരിക്കുന്നതേയുള്ളൂ. റിപോര്‍ട്ടിന്റെ മേല്‍ തുടര്‍ന്നുള്ള അന്വേഷണങ്ങളും കോടതി നടപടികളും വലിയതോതില്‍ ചെലവു വരുന്നതായിരിക്കും. അങ്ങനെ ജനങ്ങളുടെ പണം വാരിക്കോരി ചെലവഴിക്കപ്പെടുന്ന സ്ഥിതി സംജാതമാവും. കുറേക്കാലമായി സോളാറും സരിതയും അഴിമതിയും ലൈംഗികാരോപണങ്ങളും നിരന്തരം ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഉപകാരപ്രദമായ നല്ല കാര്യങ്ങള്‍ കേള്‍ക്കാനുള്ള വിലപ്പെട്ട സമയമാണു ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. മാത്രമല്ല, സാംസ്‌കാരികമായ അധപ്പതനത്തിലേക്കു ജനങ്ങളെ തള്ളിവിടാനും ഇതു സഹായകമായി. നമ്മുടെ സംസ്ഥാനത്തു മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഇത്തരം ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ക്ക് യാതൊരു ക്ഷാമവുമില്ല. വിവാദമായ സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനു പിറകെ ഇത്തരം അന്വേഷണ റിപോര്‍ട്ടുകളും വരാറുണ്ട്. അതില്‍ പലതും ആരും കാണാറില്ല. കാണുന്നതു തന്നെ നടപടികള്‍ക്കു വിധേയമാവാറുമില്ല. ഓരോ സംസ്ഥാനങ്ങളിലും ഏതെങ്കിലും സംഭവങ്ങളില്‍ പ്രക്ഷോഭങ്ങളും മറ്റും നടക്കുമ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഭരണക്കാര്‍ തടി ഊരും. അതുകൊണ്ട് ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോവാനുള്ള നല്ലൊരു മരുന്നാണ് ഈ അന്വേഷണവും റിപോര്‍ട്ടുകളും. റിട്ടയേര്‍ഡ് ജസ്റ്റിസുമാരായതിനാല്‍ ജുഡീഷ്യല്‍ പവര്‍ ഇല്ലല്ലോ. നേരിട്ട് നടപടികള്‍ ഉണ്ടാവില്ല. ഒരു സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമ്പോള്‍ അതിനു കൃത്യമായ ടേംസ് ഓഫ് റഫറന്‍സ് ഉണ്ടാവണമെന്നു നിര്‍ബന്ധമാണ്. ഒരു വട്ടംവരച്ച് അതിനുള്ളില്‍ മാത്രമാണ് അന്വേഷണം ഒതുക്കേണ്ടത്. ആ വട്ടമാണ് ടേംസ് ഓഫ് റഫറന്‍സ്. ഏതു കാര്യത്തിലാണ് അന്വേഷണം, അത് ഏതുവരെ പോവാം എന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ കമ്മീഷനു നല്‍കും. അതനുസരിച്ചു മാത്രമേ കമ്മീഷന് അന്വേഷണം നടത്താന്‍ കഴിയുകയുള്ളൂ. കമ്മീഷന്‍ സര്‍ക്കാര്‍ നല്‍കുന്ന ടേംസ് ഓഫ് റഫറന്‍സിനു പുറത്തുപോയി അന്വേഷിച്ച് റിപോര്‍ട്ടില്‍ അതൊക്കെ ഉള്‍പ്പെടുത്തിയാല്‍ ആ റിപോര്‍ട്ട് നിയമസാധുത ഇല്ലാത്തതായിത്തീരും. അങ്ങനെ പല ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുകളും ഹൈക്കോടതികളും സുപ്രിംകോടതിയും തള്ളിയിട്ടുണ്ട്. വളരെ ഗൗരവമേറിയ പ്രശ്‌നമാണിത്. നമ്മുടെ സംസ്ഥാനത്തു തന്നെ കൂത്തുപറമ്പ് വെടിവയ്പില്‍ അന്നത്തെ മന്ത്രിയായിരുന്ന എം വി രാഘവനെതിരേയുള്ള ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് സുപ്രിംകോടതി തള്ളിയ കാര്യം ഇത്തരുണത്തില്‍ ഓര്‍മിക്കേണ്ടതാണ്. അതുകൊണ്ട് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് അധികാരപരിധി കടന്ന റിപോര്‍ട്ടാണോ അല്ലയോ എന്ന ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് അധികാരപരിധി മറികടന്നു എന്ന ആരോപണം റിപോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. അതാണെങ്കില്‍ വളരെ ഗുരുതരമായ ആരോപണമാണ്. അതോടെ കോടതികളിലേക്ക് റിപോര്‍ട്ട് പോവാനുള്ള സാധ്യത ഉണ്ടെന്നാണു മനസ്സിലാക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ റിപോര്‍ട്ടിന്റെ നിലനില്‍പ്പാണ് ചോദ്യംചെയ്യപ്പെടുന്നത്. അക്കാര്യത്തില്‍ നിയമപരമായ തീര്‍പ്പ് ഉണ്ടായിക്കഴിഞ്ഞിട്ടു മതി ഇക്കാര്യത്തിലുള്ള ചര്‍ച്ചകളും ആരോപണ-പ്രത്യാരോപണങ്ങളും. വീണ്ടും ജനങ്ങള്‍ സോളാറിന്റെ പേരില്‍ വിഡ്ഢികളാവുന്ന സ്ഥിതി ഉണ്ടായിക്കൂടാ. റിപോര്‍ട്ട് തന്നെ നിലനില്‍ക്കാത്ത സാഹചര്യമാണെങ്കില്‍ വെറുതെ എന്തിന് ഇക്കാര്യത്തില്‍ വിയര്‍പ്പൊഴുക്കണം?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss