|    Nov 18 Sun, 2018 3:28 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇനി കൊടുക്കേണ്ടത് വോട്ടോ ആട്ടോ?

Published : 11th November 2018 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം – നിരീക്ഷകന്‍

കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന സൂചന ഗുരുതരമാണ്. അഞ്ചു മണ്ഡലങ്ങളില്‍ നാലിലും ബിജെപി തോറ്റു. ബെല്ലാരിയില്‍ തോല്‍വി രണ്ടര ലക്ഷം വോട്ടിനാണ്. പഴയ ബെല്ലാരി രാജാവ് ജനാര്‍ദന റെഡ്ഡി മുങ്ങിയിരിക്കുകയാണ്. കോടികളുടെ വെട്ടിപ്പിനു കക്ഷി കേസില്‍ പെട്ടുകിടക്കുകയാണ്.
കര്‍ണാടകയിലെ തോല്‍വി ഭാരതീയ പശുവാദി സംഘത്തിന് എന്തെങ്കിലും സൂചനകള്‍ നല്‍കുന്നുണ്ടോ എന്നറിയാന്‍ ഒരു വഴിയുമില്ല. അവരുടെ നേതൃത്വം അതേക്കുറിച്ചൊന്നും കാര്യമായി ചിന്തിക്കുന്നതായി തന്നെ തോന്നുന്നില്ല. അല്ലെങ്കില്‍ ഇന്നു പാര്‍ട്ടിയില്‍ ആകെ നേതൃതലത്തില്‍ ബാക്കിയുള്ളത് രണ്ടേരണ്ടു മഹാരഥന്‍മാര്‍ മാത്രമാണ്. പാര്‍ട്ടി അധ്യക്ഷന്‍ അമിട്ടുഷാജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അവര്‍ എല്ലായ്‌പ്പോഴും രാമലക്ഷ്മണന്‍മാരെ പോലെയാണ്. പണ്ട് മോദി ഒന്നാമനും മറ്റേ കക്ഷി രണ്ടാമനും എന്നായിരുന്നു അവസ്ഥ. ഇപ്പോള്‍ മറ്റേ കക്ഷി ഒന്നാമനും മോദിയാശാന്‍ രണ്ടാമനും എന്ന മട്ടിലാണ് കാര്യങ്ങളുടെ കിടപ്പെന്നു കാര്യവിവരമുള്ള ചിലര്‍ പറയുന്നു.
കുറേക്കാലമായി മോദിയെ പഴയ ഊര്‍ജവും ശക്തിയുമുള്ള ആളായി കണ്ടിട്ട്. അങ്ങേരുടെ നാക്കിനു ബലം ഇപ്പോള്‍ പഴയപോലെയില്ല. രാഹുല്‍ ഗാന്ധിയെ പണ്ട് പപ്പുവെന്നു വിളിച്ചു കളിയാക്കിയ കക്ഷി രാഹുല്‍ജിയുടെ കടുത്ത മിന്നലാക്രമണങ്ങളുടെ മുന്നില്‍ പതറുകയാണ്. റഫേല്‍ യുദ്ധവിമാന കച്ചവടവിഷയത്തില്‍ രാഹുല്‍ജി നടത്തിയ കടന്നാക്രമണം ഐതിഹാസികം തന്നെയായിരുന്നു. മോദിക്കു വേണ്ടി മറുപടി പറയാന്‍ ഭരണപക്ഷത്തുതന്നെ കാര്യമായി ആരെയും കണ്ടില്ല; ഫീസ് കിട്ടിയാല്‍ ആരുടെ കേസും ഏറ്റെടുക്കുന്ന അരുണ്‍ ജയ്റ്റ്‌ലി ഒഴികെ.
ഈ മന്ത്രിസഭയില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്ന അപൂര്‍വം കക്ഷികളിലൊരാളാണ് ജയ്റ്റ്‌ലി. അതിനു കാരണമുണ്ട്. ഒരു തിരഞ്ഞെടുപ്പിലും ജയ്റ്റ്‌ലി ജയിക്കില്ല. അതിനാല്‍, മോദിക്ക് ഒരു ഭീഷണിയാവും അദ്ദേഹം എന്ന ഭീതി വേണ്ട. അതല്ല രാജ്‌നാഥ് സിങ് മുതല്‍ സുഷമ സ്വരാജ് വരെയുള്ള മറ്റു സീനിയര്‍ നേതാക്കളുടെയും മന്ത്രിമാരുടെയും സ്ഥിതി. അവര്‍ക്കൊക്കെ ജനപിന്തുണയുണ്ട്. ഭരണപാടവവും ധാരാളം. അതിനാല്‍, മോദി ഭരണത്തില്‍ അവരെയെല്ലാം ഒതുക്കി. അഞ്ചു വര്‍ഷം തികയാറാവുന്ന ഈ മന്ത്രിസഭയില്‍ മോദിയും ജയ്റ്റ്‌ലിയും കഴിഞ്ഞാല്‍ വേറെ എത്ര പേരുണ്ടെന്നോ എന്തൊക്കെ ചുമതലകളാണ് അവര്‍ നിര്‍വഹിക്കുന്നതെന്നോ ചോദിച്ചാല്‍ ഉത്തരം പറയാന്‍ ആരും ബുദ്ധിമുട്ടും. കാരണം, ബാക്കിയെല്ലാം മുഖമില്ലാത്ത കുറേ രൂപങ്ങള്‍ മാത്രമാണ്.
അങ്ങനെ അഞ്ചു കൊല്ലം ഭരിച്ചാല്‍ നാടു കുട്ടിച്ചോറാവുമെന്നു തിരിച്ചറിയാന്‍ അധികം ബുദ്ധിയൊന്നും വേണ്ട. ഭരണരംഗത്ത് അതിനാല്‍ കാര്യമായൊരു നേട്ടവും എടുത്തുകാണിക്കാനില്ലാതെ പരിഭ്രമത്തിലാണ് മോദിയും സംഘവും. ജനങ്ങളുടെ വോട്ട് ചോദിച്ച് ഏതാനും മാസത്തിനകം നാട്ടിലേക്ക് ഇറങ്ങണം. എന്തു പറഞ്ഞാണ് വോട്ടു ചോദിക്കേണ്ടത്? അതൊരു വലിയ പ്രതിസന്ധി തന്നെയാണ്. ഭരണനേട്ടം എന്നു പറയാന്‍ പ്രധാനമായുള്ളത് ഗുജറാത്തില്‍ അറബിക്കടലില്‍ ഒരു പട്ടേലരുടെ പ്രതിമ സ്ഥാപിച്ചതും ഉത്തരേന്ത്യയിലെ കുറേ റെയില്‍വേ സ്റ്റേഷനുകളുടെ പേരുവിവരം അടങ്ങുന്ന ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചതുമാണ്.
അതുകൊണ്ട് വോട്ടു കിട്ടുമോ? പ്രയാസം. അതിനാല്‍, രാമക്ഷേത്രം ഉടനെ നിര്‍മിക്കുമെന്നും പറയുന്നുണ്ട്. കാലം കുറേയായി തിരഞ്ഞെടുപ്പുകാലത്ത് രാമന്‍ ഉയിര്‍ത്തെഴുന്നേറ്റു വരുന്നത് പതിവാണ്. ഇത്തവണയും പതിവുപോലെ അദ്ദേഹം രംഗത്തുണ്ട്. പക്ഷേ, ജനം ചോദിക്കുന്നത് അരിയെവിടെ സര്‍ക്കാരേ, തുണിയെവിടെ സര്‍ക്കാരേ, പണിയെവിടെ സര്‍ക്കാരേ എന്നുതന്നെയാണ്. ഈ രംഗങ്ങളില്‍ ഇത്രമേല്‍ പരാജയപ്പെട്ട മറ്റൊരു സര്‍ക്കാരും സമീപകാലത്ത് ഓര്‍മയിലില്ല.
പണിയുടെ കാര്യത്തിലാണ് ഏറ്റവും പ്രയാസം. പ്രതിവര്‍ഷം രണ്ടു കോടി വീതം അഞ്ചു കൊല്ലം കൊണ്ട് 10 കോടി പുത്തന്‍ തൊഴില്‍ എന്നു പറഞ്ഞാണ് ഭരണം തുടങ്ങിയത്. എത്ര പേര്‍ക്ക് തൊഴില്‍ കിട്ടിയെന്നു സര്‍ക്കാരിനു തന്നെ അറിയില്ല. ആകെ അറിയുന്ന ഒരു കണക്ക് സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമി എന്ന സ്ഥാപനത്തിന്റേതാണ്.
രണ്ടു വര്‍ഷം മുമ്പ് നോട്ട് റദ്ദാക്കിയതിന്റെ ഫലമായി ഒന്നര കോടിയോളം തൊഴിലുകള്‍ ആഴ്ചകള്‍ക്കകം അപ്രത്യക്ഷമായി എന്നാണ് അവര്‍ കണ്ടെത്തിയത്. മോദി വോട്ടു തേടി അരയും തലയും മുറുക്കി വീണ്ടും രംഗത്തെത്തുകയും ചെയ്തിരിക്കുന്നു. വോട്ട് കൊടുക്കണോ ആട്ടു കൊടുക്കണോ എന്നു നിശ്ചയിക്കേണ്ടത് വോട്ടര്‍മാര്‍. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss