|    Aug 18 Sat, 2018 4:11 am
FLASH NEWS

ഇനി കുന്നംകുളത്തിനും സ്വന്തം പാട്ട്; റിലീസിങ് നടത്തി

Published : 12th August 2018 | Posted By: kasim kzm

കുന്നംകുളം: ഇനി കുന്നംകുളത്തിനും സ്വന്തം പാട്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഒന്നിച്ച സൗഹൃദ കൂട്ടായ്മയാണ് അച്ചടിയുടെയും വ്യാപാരത്തിന്റെ നഗരമായ കുന്നംകുളത്തിനായി പാട്ട് ഒരുക്കിയത്. കേരളത്തിലെ പ്രധാന നഗരമായി ഒരു നൂറ്റാണ്ടിന് മുന്‍പ് തന്നെ രൂപപ്പെട്ട കുന്നംകുളം, വ്യാപാര പെരുമ കൊണ്ടും സാംസ്‌ക്കാരിക തനിമ കൊണ്ടും ശ്രദ്ധേയമായ പട്ടണമാണ്.
കലാമണ്ഡലത്തിന് ആരംഭം കുറിച്ചതും തിരുവിതാംകൂറില്‍ നിരോധിച്ച മനോരമ പത്രം അച്ചടിച്ചതുമുള്‍പ്പെടെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ നഗരം കൂടിയാണ് കുന്നംകുളം. കുന്നംകുളത്തിന് സ്വന്തമായൊരു പാട്ട് എന്ന ആശയം പൊതുപ്രവര്‍ത്തകനായ ലെബീബ് ഹസ്സനാണ് ആദ്യം മുന്നോട്ട് വച്ചത്. സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കളുമായി ആശയം പങ്കുവച്ചപ്പോള്‍ ആവേശപൂര്‍വ്വം അതേറ്റെടുക്കുകയും ഏകദേശം രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പൂര്‍ത്തിയാക്കുകയും ചെയ്ത പാട്ട് പുറത്തിറക്കി.
ഹോട്ടല്‍ ടേസ്റ്റ് മന്ത്രയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, കുന്നംകുളത്തിന്റെ സാംസ്‌ക്കാരിക മുഖങ്ങളായ വി കെ ശ്രീരാമന്‍, റഫീഖ് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പുറത്തിറക്കിയത്. കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല നിര്‍വ്വാഹക സമിതി അംഗം ടി കെ വാസു, ഫാ. പത്രോസ് ഒഐസി, ഗാനരചന നടത്തിയ അര്‍ഷാദ് കെ റഹീം, സംഗീത സംവിധായകരായ ഷെഫീഖ്, റിയാസ്, ഗാനം ആലപിച്ച വിനോദ് നമ്പലാട്ട്, ജോജോ മണി, ദൃശ്യാവിഷ്‌ക്കാരം നടത്തിയ ഗാവിന്‍ വിദ്യാധരന്‍ സംസാരിച്ചു. കണ്ണന്‍ദാസ്, വിഷ്ണു ശശീന്ദ്രന്‍, സുജിത് സുബ്രഹ്മണ്യന്‍ എന്നിവര്‍ ഛായഗ്രഹണം നിര്‍വ്വഹിക്കുകയും ഹരിലാല്‍ കെ രാജീവ് ചിത്രസംയോജനം നടത്തുകയും ചെയ്ത ഗാനം കുന്നംകുളത്തിന്റെ സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്നതാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss