|    Mar 25 Sun, 2018 4:54 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇനി കാത്തിരിക്കുന്നത് അഗ്നിപരീക്ഷകള്‍

Published : 8th August 2017 | Posted By: fsq

 

നിഖില്‍  എസ്   ബാലകൃഷ്ണന്‍

കൊച്ചി: ശ്രീശാന്തിനെ സംബന്ധിച്ച് ഹൈക്കോടതി വിധി ആശ്വാസമാണെങ്കിലും പഴയ പോലെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ ചില ആശങ്കകള്‍ ഇപ്പോഴും അവശേഷിക്കുന്നു. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കാണ് ഹൈക്കോടതി ഇടപ്പെട്ട് നീക്കിയത്. ബിസിസിഐയെ പോലെ ശക്തമായ സംഘടനയ്‌ക്കെതിരേ വിധി സമ്പാദിച്ചെങ്കിലും ശ്രീശാന്ത് ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം കോഴ വിവാദത്തില്‍ 2015 ജൂലൈ മാസം പാട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയപ്പോള്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചവരാണ് ക്രിക്കറ്റ് പ്രേമികളിലേറെയും. എന്നാല്‍, കോടതിയുടെ ഗുഡ്‌സര്‍ട്ടിഫിക്കറ്റുകളൊന്നും ബാധകമല്ലെന്ന മട്ടില്‍ ബിസിസിഐ ആജീവനാന്ത വിലക്ക് കൊണ്ടുവന്നാണ് ശ്രീശാന്തിനേയും ആരാധകരേയും ഞെട്ടിച്ചത്. പിന്നീട് ആഭ്യന്തരലീഗിലും സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലും കളിപ്പിക്കാന്‍ അനുവദിക്കാതെ ബിസിസിഐ തനിസ്വരൂപം കാട്ടിയതോടെയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.  അതുകൊണ്ടു തന്നെ കേരള ഹൈക്കോടതി വിധിയെ മറികടക്കുവാന്‍ ബിസിസിഐ എന്ത് തന്ത്രം പയറ്റുമെന്ന് കണ്ടറിയണം. നേരത്തെ കോഴ വിവാദത്തില്‍പെട്ട് ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ട മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജയ്ക്കുമെല്ലാം അതത് കോടതികള്‍ വിലക്ക് നീക്കി നല്‍കിയിരുന്നു. എന്നാല്‍, ബിസിസിഐയെ കവച്ചുവച്ച് ഇരുവര്‍ക്കും പിന്നീട് ക്രിക്കറ്റില്‍ ഒരു ജീവിതമുണ്ടായില്ല. അജയ് ജഡേജ കുറച്ചുകാലം കൂടി കളിച്ചെങ്കിലും അതെല്ലാം രഞ്ജി ട്രോഫിയിലെ നാമമാത്ര പ്രകടനത്തില്‍ ഒതുങ്ങി.ഇവിടെ ശ്രീശാന്തിന് ഗുണകരമാവുന്ന ഘടകം കെസിഎയുടെ പിന്തുണയാണ്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെസിഎ പ്രതികരിച്ചുകഴിഞ്ഞു. ഒക്‌ടോബര്‍ ആറിന് രഞ്ജി ട്രോഫി സീസണ് തുടക്കമാവുമ്പോള്‍ മികച്ച ഫിറ്റ്‌നസുണ്ടെങ്കില്‍ കെസിഎ ശ്രീശാന്തിന് അവസരം നല്‍കിയേക്കും. എന്നാല്‍ ബിസിസിഐയുടെ സമ്മര്‍ദം അതിജീവിച്ച് കെസിഎയ്ക്ക് അത് സാധിക്കുമോയെന്ന് കണ്ടറിയണം. ശ്രീശാന്തിന് തിരിച്ചെത്തണമെങ്കില്‍ ഏറെ അധ്വാനിക്കേണ്ടി വരുമെന്ന് ചുരുക്കം. യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള ടീമിനെയാണ് ആവശ്യമെന്ന് കോച്ച് ഡേവ് വാട്‌മോര്‍ പലവട്ടം വ്യക്തമാക്കിയ സഹാചര്യത്തില്‍ 34 പിന്നിട്ട ശ്രീശാന്തിനെ പ്രായമടക്കമുള്ള പലകാരണങ്ങള്‍ കൊണ്ട് കെസിഎയ്ക്കും ബിസിസിഐയ്ക്കും വേണമെങ്കില്‍ മാറ്റിനിര്‍ത്താം. ഇന്ത്യന്‍ ടീമില്‍ കളിക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ പോലും അത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ലെന്ന് ശ്രീശാന്തിന് തന്നെ അറിയാം. പിന്നെയുള്ള ലക്ഷ്യം കേരള ക്രിക്കറ്റിലേക്കുള്ള മടക്കമാണ്. അസോസിയേഷന്‍ പരസ്യമായി ശ്രീശാന്തിനെ പിന്തുണയ്ക്കുമ്പോള്‍ ഉള്ളറകളിലെ കളികള്‍ അവ്യക്തമാണ്. രാജ്യത്തിന് പുറത്ത് നടക്കുന്ന മറ്റ് ലീഗുകളില്‍ ശ്രീശാന്തിന് കളിക്കുവാനുള്ള അവസരം നല്‍കി ആര്‍ക്കും പരിക്കില്ലാത്ത ഒത്തുതീര്‍പ്പിനായിരിക്കും ബിസിസിഐ ശ്രമിക്കുക.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss