|    Apr 23 Mon, 2018 2:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇനി ഒരുമാസം; കൊടുംചൂടില്‍ പ്രചാരണരംഗം

Published : 17th April 2016 | Posted By: SMR

എച്ച് സുധീര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടില്‍ പോരാട്ടവീര്യവുമായി സ്ഥാനാര്‍ഥികളും അണികളും കളംനിറഞ്ഞതോടെ പ്രചാരണരംഗത്തിനു ചൂടുപിടിച്ചു. 40 ഡിഗ്രിക്ക് മുകളില്‍പ്പോയ കൊടുംചൂടിനെയും വെല്ലുന്ന രാഷ്ട്രീയ ചൂടാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും അനുഭവപ്പെടുന്നത്.
തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കേ പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളുമായി അരയും തലയും മുറുക്കി മുന്നണികള്‍ സജീവമായി. ഇവര്‍ക്കു വെല്ലുവിളിയുമായി വിമതന്‍മാരും നവരാഷ്ട്രീയ പ്രസ്ഥാനങ്ങളും സാന്നിധ്യമറിയിച്ച് അങ്കത്തട്ടിലുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കു പുറമെ ബിജെപിയും ബിഡിജെഎസും നേതൃത്വം നല്‍കുന്ന എന്‍ഡിഎയും എസ്ഡിപിഐ, സമാജ്‌വാദി പാര്‍ട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍എംപി തുടങ്ങിയ പാര്‍ട്ടികളുമാണ് മല്‍സരരംഗത്ത് മുന്‍നിരയിലുള്ളത്.
മെയ് 16ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയതലത്തില്‍ നിന്നുള്ള വമ്പന്‍മാരെ രംഗത്തിറക്കി പ്രചാരണരംഗത്ത് മുന്നേറ്റം നടത്താനാണ് പാര്‍ട്ടികളുടെ തീരുമാനം. യുഡിഎഫിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും എത്തും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി എന്നിവരെയാവും എല്‍ഡിഎഫ് രംഗത്തിറക്കുക.
കൂടാതെ, പട്ടാമ്പിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹ്‌സിന്റെ പ്രചാരണത്തിനായി ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍െപ്പടെയുള്ളവരും എത്തിയേക്കും. കഴിഞ്ഞ 12ന് കനയ്യകുമാര്‍ കേരളത്തിലെത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കി പ്രചാരണരംഗം ഇളക്കിമറിക്കാനാണ് ബിജെപിയുടെ എന്‍ഡിഎ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ബിഡിജെഎസ് മല്‍സരിക്കുന്ന അഞ്ചു സ്ഥലങ്ങളിലെ റാലിയിലും മോദി പങ്കെടുക്കും. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ പ്രചാരണത്തിനെത്തും.
മെയ് ആദ്യവാരത്തോടെ ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി കേരളത്തിലേക്ക് എത്തിത്തുടങ്ങുമെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ തവണ ശ്രദ്ധേയമായ മല്‍സരം കാഴ്ചവച്ച എസ്ഡിപിഐ ഇത്തവണ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് 95 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് പുറമെ എസ്പിയുടെ ദേശീയ നേതാക്കളായ മുലായംസിങും അഖിലേഷ് യാദവും പ്രചാരണത്തിനായി കേരളത്തില്‍ എത്തിയേക്കും.
സിപിഎം പിബി അംഗം പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമാണ് എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക. ഇന്നലെ ധര്‍മടത്ത് ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ ഇന്നുമുതല്‍ സംസ്ഥാനതലത്തില്‍ പ്രചാരണത്തിനിറങ്ങും. ധര്‍മടത്തെ രണ്ടാംഘട്ട പര്യടനം അടുത്തമാസം ഏഴിനാണ് ആരംഭിക്കുക.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് യുഡിഎഫ് ക്യാംപിലെ തന്ത്രങ്ങള്‍ മെനയുക. ഇന്നുമുതല്‍ മെയ് ആറുവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രചാരണരംഗത്ത് സജീവമാവും. 26 മുതല്‍ മെയ് ഏഴുവരെയാണ് ചെന്നിത്തല പ്രചാരണത്തിന് ഇറങ്ങുക.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ 20ന് കാസര്‍കോട് നിന്നു പ്രചാരണം ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിബി അംഗങ്ങളും എല്ലാ ജില്ലകളിലും പ്രചാരണത്തിനെത്തും.
കൊല്ലം, പത്തനാപുരം, തിരുവനന്തപുരം, നെടുമങ്ങാട് തുടങ്ങിയ താരപോരാട്ടത്തിനു വേദിയാവുന്ന മണ്ഡലങ്ങളില്‍ സിനിമാ രംഗത്തുനിന്നുള്ള വന്‍താരനിരയും പ്രചാരണത്തിനിറങ്ങും.
തിരുവനന്തപുരത്ത് മല്‍സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ശ്രീശാന്തിന്റെ പ്രചാരണത്തിന് എത്തുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറും അറിയിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss