|    Jan 19 Thu, 2017 10:43 pm
FLASH NEWS

ഇനി ഇസ്മായിലുമാര്‍ മരിക്കാന്‍ ഇടവരരുത്

Published : 12th October 2016 | Posted By: SMR

ഹവാല ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയായ ഒരു യുവാവ് ജീവനൊടുക്കിയ സംഭവം, നമ്മുടെ പൊതുബോധത്തെ ഇളക്കിമറിക്കാന്‍ സാധ്യത കമ്മിയാണ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇമ്മാതിരി ദുര്‍മരണങ്ങളും കൊല്ലും കൊലയും സംഘട്ടനങ്ങളുമുണ്ടാവുന്നതു പതിവാണ് എന്നതത്രെ അതിനു കാരണം. കുറച്ചു മുമ്പ് കോഴിക്കോട്ട് വച്ച് ഒരു യുവാവ് ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയായതിനു പിന്നിലും ഹവാല ഇടപാടുകളായിരുന്നു. പണമിടപാടുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ നിത്യസംഭവവുമാണ്. ഒട്ടേറെ ചെറുപ്പക്കാരുടെ ജീവിതം ഹവാലമൂലം സംഘര്‍ഷഭരിതമായി മാറിയെന്നു ചുരുക്കം. മുംബൈയിലെ അധോലോകസംഘങ്ങളുടെ കുടിപ്പകകളെയും ഏറ്റുമുട്ടലുകളെയും അനുസ്മരിപ്പിക്കുന്നതരത്തിലാണ് സംഭവപരമ്പരകളുടെ പോക്ക് എന്നുകൂടി പറയണം.
ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന കേസും കൂട്ടവും സംഘര്‍ഷങ്ങളും സാമൂഹിക-രാഷ്ട്രീയ-മത മണ്ഡലങ്ങളുടെ അടിയന്തര ശ്രദ്ധ ആവശ്യമായ ഒരു സംഗതിയാണെന്ന് ഇനിയും നമ്മുടെ പൊതുബോധത്തിനു തോന്നിയിട്ടില്ല. ഹവാല ഇടപാടുകള്‍ പ്രധാനമായും കേന്ദ്രീകരിച്ചുനില്‍ക്കുന്നത് ചില പ്രത്യേക പ്രദേശങ്ങളിലാണ്. ഈ പ്രദേശങ്ങളിലും പരിസരങ്ങളിലുമുള്ള ചെറുപ്പക്കാരാണ് സാമാന്യേന പ്രസ്തുത ഏര്‍പ്പാടില്‍ മുഖ്യ പങ്കുവഹിക്കുന്നത്. ഹവാല ഇടപാടുകള്‍ വഴി സമ്പന്നരായവരില്‍ വലിയൊരു ശതമാനം ആളുകളും ഏറക്കുറേ ഇതേ പ്രദേശങ്ങളിലുള്ളവര്‍ തന്നെ. വിശദമായ ഒരു കണക്കെടുക്കുകയാണെങ്കില്‍ ഈ പ്രദേശങ്ങളിലെ ഒരുപാട് യുവാക്കളുടെ ജീവിതോപാധിയായി മാറിയിരിക്കുന്നു ഇത്തരം ഏര്‍പ്പാടുകള്‍ എന്നു കാണാം. ഒട്ടേറെപേര്‍ ഹവാല പണത്തിന്റെ കാരിയര്‍മാരാണ്. അവരില്‍ കൂടുതലും മുസ്‌ലിം ചെറുപ്പക്കാരുമാണ്. ഒരു ദേശത്തിന്റെ സ്വപ്‌നങ്ങള്‍ ഇമ്മാതിരിയൊരു അവിഹിത വ്യാപാരത്തിനു ചുറ്റും കേന്ദ്രീകരിച്ചു നില്‍ക്കുന്നത് നമ്മെ അസ്വസ്ഥരാക്കേണ്ടതല്ലേ?
തീര്‍ച്ചയായും ഇത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസവും സംരംഭകത്വവും വഴി കേരളത്തിലെ മുസ്‌ലിം യുവാക്കള്‍ സാമാന്യമായി സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ ഉയര്‍ന്നുവരുന്ന കാലമാണിത്. അവര്‍ സൃഷ്ടിക്കുന്ന അദ്ഭുതങ്ങള്‍ അവിശ്വസനീയംപോലുമാണ് പലപ്പോഴും. ഈ സന്ദര്‍ഭത്തിലാണ്, ചില പ്രദേശങ്ങളിലെ, ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കള്‍ പോലിസിന്റെ തല്ലും എതിര്‍സംഘത്തിന്റെ വെട്ടുമേറ്റ് ജീവിതം നഷ്ടപ്പെടുത്തുന്നത്. മാത്രമല്ല, ഹവാല ഇടപാടുമായി ബന്ധപ്പെട്ട് അവരുടെ ജീവിതത്തിന്റെ അച്ചടക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. കുറച്ചുപേര്‍ സമ്പന്നരാവുന്നുണ്ടാവാം. പക്ഷേ, സാമാന്യമായി ദുരന്തമാണ് അന്തിമഫലം.
പൊതുസമൂഹം, വിശേഷിച്ചും മുസ്‌ലിം മത-സാമൂഹിക-രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ ദുരവസ്ഥയെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണം. കേരളത്തിലെ ഗ്രാമീണമേഖലകളില്‍ അധോലോകശൃംഖലകള്‍ സൃഷ്ടിക്കുന്ന ഇത്തരം ഏര്‍പ്പാടുകള്‍ക്ക് എന്തു വിലകൊടുത്തും തടയിട്ടേ മതിയാവുകയുള്ളൂ. ഇനി ഇസ്മായിലുമാര്‍ മരിക്കാന്‍ ഇടവരരുത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 205 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക