|    Oct 22 Mon, 2018 5:10 am
FLASH NEWS
Home   >  Top Stories   >  

ഇനി ഇടത്തരക്കാര്‍ക്കും അന്തസായി പൂസാകാം

Published : 19th August 2016 | Posted By: Navas Ali kn

imthihan-SMALL

അങ്ങനെ എല്‍ ഡി എഫ് സര്‍ക്കാര്‍ വാക്കു പാലിച്ചിരിക്കുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാതെ മദ്യവിരുദ്ധരോടും,യഥേഷ്ടം  മദ്യം ലഭ്യമാക്കി മദ്യപാനികളോടും. അതുകൊണ്ട് മദ്യനയത്തെ സംബന്ധിച്ച് ആര്‍ക്ക് എന്തെതിരഭിപ്രായമുണ്ടെങ്കിലും സര്‍ക്കാര്‍ വഞ്ചിച്ചു എന്നുമാത്രം ആരും പറയരുത്. ഇടതുപക്ഷമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്നെ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയതാണ് മദ്യനിരോധനം തങ്ങളുടെ സര്‍ക്കാരിന്റെ നയമായിരിക്കുകയില്ലെന്ന്. എന്നാല്‍ യഥേഷ്ടം മദ്യം ലഭ്യമാക്കിക്കൊണ്ടു തന്നെ മദ്യവര്‍ജനത്തിനായി സര്‍ക്കാര്‍ പരിശ്രമിക്കുകയും ചെയ്യുമെന്ന്. അതായത് യഥേഷ്ടം മദ്യം സുലഭമാണെങ്കിലും മദ്യത്തെപ്പോലെ എക്കാലവും മനുഷ്യരാശിയെ ഭ്രമിപ്പിച്ചുപോന്ന ഒരു ദ്രാവകം വയറിനുപിടിക്കാത്തതിനാലോ കയ്യില്‍ കാശില്ലാഞ്ഞിട്ടോ,പുത്രകളത്രാദികളുടെ നിസഹകരണം മൂലമോ ഗാന്ധിയിസം പോലത്തെ ഏതെങ്കിലും ‘കാലഹരണപ്പെട്ട’ സിദ്ധാന്തലഹരിക്കടിപ്പെട്ടിട്ടോ ആരെങ്കിലും കുടിക്കുന്നില്ലെങ്കില്‍ അവരെ നിര്‍ബന്ധിപ്പിച്ചു മദ്യം കഴിപ്പിക്കുക ഒരിക്കലും ഈ സര്‍ക്കാരിന്റെ നയമായിരിക്കുകയില്ലെന്ന് ഉവാച.
രണ്ടുകാര്യങ്ങളാണ് നിലവിലുളള മദ്യനയത്തെ സംബന്ധിച്ചേടത്തോളം സര്‍ക്കാരിനെ അലട്ടുന്നത്. ഒന്ന് മദ്യലഭ്യത കുറഞ്ഞത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും മദ്യലഭ്യത കുറഞ്ഞത് ബിസ്‌നസ് മീറ്റുകളും ഇതരപരിപാടികളും ഇതരസംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ കാരണമാകുന്നതായി ടൂറിസം മന്ത്രി എസി മൊയ്തീന്‍ പരിതപിക്കുന്നു. ടൂറിസ്റ്റുകള്‍ മദ്യം കഴിക്കാന്‍ വേണ്ടിയല്ല കേരളത്തിലേക്ക് വരുന്നതെന്നും പ്രകൃതിയുടെ വരദാനമായി ലഭിച്ച സൗന്ദര്യം ആസ്വദിക്കാനുമാണെന്നുളള സുപ്രീകോടതിയുടെ നിരീക്ഷണമൊന്നും മൊയ്തീന്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. മെഡിക്കല്‍ ടൂറിസം,ഫാം ടൂറിസം, എത്ത്‌നിക് ടൂറിസം പോലെ നവംനവങ്ങളായ ഒട്ടേറെ മദ്യവിമുക്തമായ സാധ്യതകള്‍ ടൂറിസം രംഗത്തുണ്ടെന്നതും മന്ത്രിയദ്ദേഹത്തിന്റെ കണ്ണില്‍പെടുന്നില്ല.
14101602_1772832816333829_2

സര്‍ക്കാരിനെ അലട്ടുന്ന രണ്ടാമത്തെ പ്രശ്‌നം ബാറുകള്‍ പൂട്ടിയതു മൂലം പ്രയാസമനുഭവിക്കുന്ന ഇടത്തരക്കാരോ സാധാരണക്കാരോ ആയ മദ്യപരുടെ പ്രശ്‌നമാണ്. ചെറിയ ചിലവില്‍ ‘മാന്യമായി ‘ ബാറില്‍ പോയി മിനുങ്ങി വീട്ടില്‍ പോയിരുന്ന ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്വാഭാവികമായും ഫൈവ്സ്റ്റാര്‍ബാറുകള്‍ അപ്രാപ്യമാണ്. എന്നാല്‍ നടുറോട്ടിലേക്ക് നീളുന്ന ബീവറേജസ് ക്യൂവില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നതു ഇക്കൂട്ടര്‍ക്ക് നാണക്കേടുമാണ്. ഇക്കൂട്ടരെയാണ് പുതിയ ഓണ്‍ലൈന്‍ പ്രലോഭനം വഴി കണ്‍സ്യൂമര്‍ഫെഡ്  വലവീശുന്നത്. മനസില്ലാമനസ്സോടെയാണെങ്കിലും യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ബാറുകള്‍ അടച്ചുപൂട്ടിയ നടപടിയിലൂടെ മദ്യവിപത്തില്‍ നിന്നും ഇക്കൂട്ടരില്‍പെട്ട കുറച്ചുപേര്‍ക്കെങ്കിലും വിമുക്തിലഭിക്കുമെന്നായിരുന്നു ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന മദ്യവിരുദ്ധ കേരളം പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷയാണ് പുതിയ ഓണ്‍ലൈന്‍ വിപണനം തകര്‍ത്ത് തരിപ്പണമാക്കാന്‍ പോകുന്നത്. കാര്യങ്ങള്‍ അവിടം കൊണ്ടും അവസാനിക്കണമെന്നില്ല, എല്‍കെജി പിളളാരുടെ കൈത്തുമ്പില്‍ പോലും ഇന്റര്‍നെറ്റ് യഥേഷ്ടം ലഭ്യമാണ്. വെറുതെ ഒരു രസത്തിന് നെറ്റില്‍ കയറുന്ന പിളേളര്‍ ഓണ്‍ലൈന്‍ മദ്യവാണിഭചതിക്കുഴിലേക്ക് എത്തുക സമയത്തിന്റെ മാത്രം പ്രശ്‌നമായിരിക്കും.
ചാണ്ടിയോ മൂത്തത് അതോ തലയോ മൂത്തത് എന്ന യമണ്ടന്‍ പ്രശ്‌നത്തില്‍ മാസങ്ങളായി തലകുടുങ്ങിക്കിടക്കുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തു നിന്നും ശക്തമായ ഒരെതിര്‍പ്പ് ഇക്കാര്യത്തിലെന്നല്ല ഒരുകാര്യത്തിലും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ലാ എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ധൈര്യം പകരുന്നതെന്നു വേണം മനസ്സിലാക്കാന്‍. തലമുറകളെ മദ്യവിപത്തില്‍ നിന്നും മോചിപ്പിക്കണമെന്നാഗ്രഹിക്കുന്ന പൊതുസമൂഹത്തിന്റെ കക്ഷിഭേദമന്യേയുളള ജാഗ്രവത്തായ ഇടപെടലിലൂടെ മാത്രമേ സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ സാധിക്കുകയുളളൂ എന്നതാണ് വാസ്തവം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss