|    Dec 11 Tue, 2018 4:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇനി ആര്‍ക്കും പെട്രോള്‍ ബങ്ക് തുടങ്ങാം

Published : 26th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മാനദണ്ഡങ്ങളി ല്‍ ഇളവു വരുത്തി രാജ്യത്ത് 65,000 പെട്രോള്‍ ബങ്കുകള്‍ക്ക് അനുമതി നല്‍കാന്‍ പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ തീരുമാനിച്ചു. രാജ്യത്തെ പ്രധാന പൊതുമേഖലാ എണ്ണ വിതരണ കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റ്ഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റ്ഡ് തുടങ്ങിയവരാണ് ഇന്നലെ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്.
പെട്രോള്‍ ബങ്കുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയാണ് പുതിയവയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകന് നിശ്ചിത തുക കൈവശം ഉണ്ടാവണമെന്ന മാനദണ്ഡം ഒഴിവാക്കി. 25 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമോ, ആസ്തിയൊ ഉള്ളവര്‍ക്കായിരുന്നു ഇതുവരെ പെട്രോള്‍ ബങ്കുകള്‍ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കുമായിരുന്നുള്ളൂ. പെട്രൊള്‍ ബങ്ക് തുടങ്ങുന്നതിനു സ്വന്തം ഭൂമി വേണമെന്ന മാനദണ്ഡത്തിലും ഇളവു വരുത്തിയിട്ടുണ്ട്.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും ഭൂഉടമയുമായി ഉടമ്പടിയുള്ളവര്‍ക്കും അപേക്ഷിക്കാനാവും. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പുതിയ പെട്രോള്‍ ബങ്കുകള്‍ തുടങ്ങാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള സംസ്ഥാനങ്ങളെ ഒഴിവാക്കിയാണു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് ശേഷമെ പ്രഖ്യാപിക്കുകയുള്ളൂ. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാം എന്ന ആലോചനയില്‍ നിന്നാണു കേന്ദ്ര ഊര്‍ജ് മന്ത്രാലയത്തിന്റെ പുതിയ നീക്കമെന്നാണ് സൂചന.
ഇപ്പോള്‍ രാജ്യത്ത് ആകമാനം 62,585 പെട്രോള്‍ ബങ്കുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബങ്കുകള്‍ ലാഭത്തിലല്ലെന്നിരിക്കെയാണു നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ബങ്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി പുതിയ ബങ്കുകള്‍ തുടങ്ങുന്നതിനെ പമ്പുടമകള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതിരൂക്ഷമായ എണ്ണ വില വര്‍ധന വ്യാപാരത്തില്‍ ഇടിവ് വരുത്തിയ സാഹചര്യത്തില്‍ പുതിയവ അനുവദിക്കുന്നതു വ്യാപാര മേഖല വീണ്ടും കൂപ്പുകുത്താന്‍ കാരണമാവുമെന്നാണ് ഇവരുടെ ആശങ്ക. ഇപ്പോഴുള്ള ബങ്കുകളിലെ ശരാശരി വി ല്‍പന 170 കിലോ ലിറ്ററില്‍ നിന്ന് 140 കിലോലിറ്ററായി കുറഞ്ഞിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss