|    Sep 20 Thu, 2018 6:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇനി അതി ജീവനം

Published : 20th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയമേഖലയിലെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരമാവധി പേരെ രക്ഷപ്പെടുത്തിക്കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി തന്നെ തുടര്‍ന്നുകൊണ്ടിരിക്കും. ജനജീവിതം സാധാരണനിലയില്‍ എത്തിക്കുകയാണ് ഇനി സര്‍ക്കാരിനു മുന്നിലുള്ള പ്രഥമ പരിഗണന. കേരളം നേരിട്ട ഏറ്റവും വലിയ ദുരിതത്തില്‍ കൈമെയ് മറന്നു സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
5,645 ദുരിതാശ്വാസ ക്യാംപുകളിലായി 7,24,649 ആളുകള്‍ കഴിയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാംപുകള്‍ നടക്കുന്നത്. ദുരന്തഘട്ടത്തില്‍ പ്രഥമ പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്. അത് ലക്ഷ്യം കാണുന്ന നിലയിലാണുള്ളത്. ഇനി ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. അതിനുള്ള പദ്ധതികളാണ് അടുത്ത ഘട്ടം. വീടുകളില്‍ പോവാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്യാംപുകളില്‍ വനിതാ പോലിസുകാരെ നിയമിക്കാന്‍ നടപടിയെടുത്തു.
വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികളിലാണ്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത് ചെയ്യുക. തെരുവുവിളക്കുകളുേടത് അടക്കമുള്ള വൈദ്യുതി പെട്ടെന്ന് പുനസ്ഥാപിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ വലിയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധനത്തിന് പുറമെ ദിവസംതോറും 3000 രൂപ നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കേടുപാട് പറ്റുകയും നഷ്ടപ്പെട്ടുപോവുകയും ചെയ്ത ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. ദുരിതാശ്വാസത്തിന് എത്തിച്ച ബോട്ടുകള്‍ കൊണ്ടുവന്നപോലെ തന്നെ തിരിച്ചെത്തിക്കും.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് പോവുമ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീകരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പുകളുടെ തകരാറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കും.
മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരള മിഷന്റെയും പൊതുജന സഹകരണത്തോടെയും ഇക്കാര്യങ്ങള്‍ ചെയ്യും. ഒരു പഞ്ചായത്തില്‍ ആറുവീതം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും അഡീഷനല്‍ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളുടെ സഹായം വേണമെങ്കില്‍ അതിനുള്ള നടപടികളുണ്ടാവും. ക്യാംപുകളില്‍ എത്തിയവരില്‍ തുടര്‍ച്ചയായി മരുന്നുകളോ ചികില്‍സയോ തേടുന്നവരുണ്ടെങ്കില്‍ അവരെ ഉടന്‍ ആശുപത്രികളിലേക്കു മാറ്റും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മരുന്നുകള്‍ വിതരണം ചെയ്യാനും സ്വീകരിക്കാനും നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വന്‍ നാശനഷ്ടങ്ങളാണ് റോഡുകള്‍ക്ക് ഉണ്ടായിട്ടുള്ളത്. നേരത്തേ മാറ്റിവച്ച 1000 കോടി രൂപ ഇത് പരിഹരിക്കാന്‍ ഉപയോഗിക്കും. പാഠപുസ്തകം നഷ്ടപ്പെട്ടിട്ടുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി നല്‍കും. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് പാഠപുസ്തകങ്ങള്‍ അടിച്ചുവച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് യൂനിഫോം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss