|    Jan 18 Wed, 2017 5:11 am
FLASH NEWS

ഇനിയും വ്യക്തമാവാത്ത കാഴ്ചപ്പാട്

Published : 3rd July 2016 | Posted By: SMR

slug--rashtreeya-keralamതരക്കേടില്ലാത്ത തുടക്കം കുറിക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്ന പൊതുവിലയിരുത്തലോടെയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അധികാരത്തിലെ ആദ്യമാസം പിന്നിട്ടിരിക്കുന്നത്. ഭരണത്തിലേറുന്ന ആദ്യദിനങ്ങളില്‍ ഒരു സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ ഏറെ ആകാംക്ഷയോടെയും അതിനേക്കാളേറെ പ്രതീക്ഷയോടെയുമാണ് ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ ഇടതു മന്ത്രിസഭയ്ക്ക് ജനമനസ്സ് വായിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇത്തരമൊരഭിപ്രായത്തിന് കളമൊരുക്കിയത്.
ജിഷ വധക്കേസിലെ പ്രത്യേക അന്വേഷണസംഘം, കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്തെ കടുംവെട്ട് തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതി, ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം, സുപ്രധാന തസ്തികകളില്‍ നടത്തിയ നിയമനങ്ങള്‍, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗം തുടങ്ങിയ പല കാര്യങ്ങളിലും ധീരമായ ഒരു ചുവടുമാറ്റത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള സിപിഎം സഖാക്കളും എല്‍ഡിഎഫ് പ്രവര്‍ത്തകരും അത് ഏറ്റെടുക്കുക കൂടി ചെയ്തതോടെ, ഒരു ജനകീയ സര്‍ക്കാര്‍ അധികാരത്തിലേറിയെന്ന നിലയിലുള്ള പ്രതീതി സൃഷ്ടിച്ചെടുക്കാന്‍ പാര്‍ട്ടി-മുന്നണി സംവിധാനത്തിനു കഴിഞ്ഞിരിക്കുന്നു. സമീപകാല ഇടതുപക്ഷ സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി പിണറായിക്കും കൂട്ടര്‍ക്കും ലഭിച്ച ഒരു നേട്ടമാണിത്. അധികാരതലങ്ങളില്‍ രൂപപ്പെടുന്ന തീരുമാനങ്ങളെ അതിന്റെ മാറ്റ് ഒട്ടും കുറയാതെ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുക എന്നതാണ് ആ സര്‍ക്കാരിനെ രാഷ്ട്രീയമായി നയിക്കുന്ന പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും ലഭിക്കേണ്ട ഏറ്റവും വലിയ പിന്‍ബലം. വാസ്തവത്തില്‍, കഴിഞ്ഞ ഒന്നരപതിറ്റാണ്ടുകാലം പാര്‍ട്ടി സംഘടനാസംവിധാനത്തെ സ്വന്തം ചൊല്‍പ്പടിക്കനുസരിച്ച് അലകും പിടിയും ഇട്ട് പരുവപ്പെടുത്തിയതിന്റെ ആനുകൂല്യമാണ് പിണറായി വിജയന്‍ ഭരണത്തിന്റെ ആദ്യനാളുകളില്‍ തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അത്രത്തോളം ആവേശത്തോടെയും ഉല്‍സാഹത്തോടെയുമാണ് താഴെക്കിടയിലുള്ള സിപിഎം അണികള്‍ സര്‍ക്കാരിന്റെ മധുവിധു ആഘോഷിക്കുന്നത്.
സര്‍ക്കാര്‍ എടുത്ത നല്ല തീരുമാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ സംഭവിച്ച വീഴ്ചയായിരുന്നു കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ പരാജയ കാരണങ്ങളില്‍ ഒന്നായി വിലയിരുത്തിയത് എന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാവുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയതയും മന്ത്രിസഭയിലും മുന്നണിയിലും ഉണ്ടായ അസ്വാസര്യങ്ങളുമെല്ലാം ഒന്നിനുപിറകേ ഒന്നായി വിവാദം സൃഷ്ടിച്ചതാണ് വിഎസ് സര്‍ക്കാരിന് വിനയായത്. നിര്‍ണായകമായ രാഷ്ട്രീയ പിന്‍ബലം ആര്‍ജിക്കുന്ന കാര്യത്തില്‍ ഇടതുസര്‍ക്കാരിന്റെ നേതൃത്വം വിഎസില്‍നിന്ന് പിണറായിയിലേക്കെത്തുമ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റം ആനയും ആടും പോലെ വ്യത്യാസപ്പെട്ടിരിക്കുന്നു. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായി വിജയന്റെ സ്വാധീനം അതിശക്തമായി നിലനില്‍ക്കുമ്പോള്‍, വിഎസ് എന്ന തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് രണ്ടിടത്തും തീര്‍ത്തും അപ്രസക്തനായി കഴിഞ്ഞിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. സിപിഎം അണികള്‍ വിശേഷിപ്പിക്കുന്നതുപോലെ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ജനകീയ സര്‍ക്കാര്‍ നാടു ഭരിക്കുമ്പോള്‍, ഏറ്റവും ജനകീയനായ നേതാവെന്ന് പാര്‍ട്ടി തന്നെ വിശേഷിപ്പിക്കുന്ന വി എസ് അച്യുതാനന്ദന്‍, സര്‍ക്കാര്‍ ചെലവില്‍ ഉണ്ടുറങ്ങാനും നാടുചുറ്റാനും കഴിയുന്ന മന്ത്രിതുല്യ പദവിക്കായി പോളിറ്റ്ബ്യൂറോയുടെയും സംസ്ഥാന കമ്മിറ്റിയുടെയുമൊക്കെ കനിവു കാത്തിരിക്കുകയാണ്.
ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി വിഎസിനെ നിയമിക്കാനുള്ള സാധ്യത തേടുന്നുവെന്ന റിപോര്‍ട്ടുകളാണ് ഇക്കാര്യത്തില്‍ ഏറ്റവും അവസാനം പുറത്തുവന്നിട്ടുള്ളത്. ഇഎംഎസും ഇ കെ നായനാരും ഒക്കെ വഹിച്ചിട്ടുള്ള പ്രത്യേക പദവിയിലേക്ക് വിഎസും ഉയര്‍ത്തപ്പെടുന്നുവെങ്കില്‍ അതിനു പിന്നിലുള്ള ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ട കാര്യമില്ല. എന്നാല്‍, സര്‍ക്കാരിനെ സേവിക്കാനാണെങ്കിലും ജനസേവനത്തിനാണെങ്കിലും പാര്‍ട്ടിയെ സേവിക്കാനാണെങ്കിലും വിഎസിനെ പോലെ ഒരാള്‍ക്ക് കാബിനറ്റ് പദവി കൂടിയേ തീരു എന്ന പിടിവാശിയാണ് ചേരുംപടി ചേരാതെ പോവുന്നത്. മുതിര്‍ന്ന നേതാവെന്ന പരിഗണനയാണെങ്കില്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ചരിത്രത്തില്‍ പുതിയൊരു കീഴ്‌വഴക്കം സൃഷ്ടിക്കുന്നത് ഏത് സാഹചര്യത്തിലാണെന്നു കൂടി വിശദീകരിക്കേണ്ടിവരും. മന്ത്രിമാരുടെ വാഹനത്തിന് പോലിസ് അകമ്പടി വേണ്ടെന്നു വച്ചും മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്ന അധികച്ചെലവ് ഒഴിവാക്കിയും മാതൃക കാട്ടിയ ഒരു സര്‍ക്കാരില്‍നിന്നാവുമ്പോള്‍ പ്രത്യേകിച്ചും.
മികച്ച തുടക്കം ലഭിച്ച സര്‍ക്കാരിന് അതിനനുസരിച്ചുള്ള തുടര്‍ച്ചയുണ്ടാവുന്നുണ്ടോ എന്നതാണു പ്രധാനം. എന്നാല്‍, അടിസ്ഥാന വികസന-സാമൂഹിക പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിക്കഴിഞ്ഞതോടെ ഇക്കാര്യത്തില്‍ ചില ആശങ്കകളും ശക്തമായിട്ടുണ്ട്. ദേശീയപാത വികസനം, ഗെയില്‍ വാതക പൈപ്പ്‌ലൈന്‍, ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങിയ വിവാദ പദ്ധതികളില്‍ ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു പുനരവലോകനത്തിനുപോലും തയ്യാറല്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്‌കൂള്‍ അടച്ചുപൂട്ടല്‍ അടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങളുമായാണ് പൊതുവിദ്യാഭ്യാസ മേഖല സര്‍ക്കാരിനെ സ്വാഗതം ചെയ്തിട്ടുള്ളത്. തന്നിഷ്ടത്തിന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വാശ്രയ-സ്വകാര്യ മാനേജ്‌മെന്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും ഉന്നത വിദ്യാഭ്യാസരംഗത്തെ കച്ചവടതാല്‍പര്യങ്ങളുടെ കടന്നുവരവും അടക്കമുള്ള പ്രശ്‌നങ്ങള്‍ വേറെയും. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയില്ലാതെ, കടത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ ആര്‍ജവത്തോടെയുള്ള ഒരു ഇടതുപക്ഷ കാഴ്ചപ്പാട് ഇനിയും വ്യക്തമാക്കാന്‍ ഭരണനേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. വ്യക്തമാക്കപ്പെട്ട നയങ്ങളിലാവട്ടെ, ഇടതുകാഴ്ചപ്പാടിന്റെ പ്രതിഫലനവുമില്ല. പലതും കഴിഞ്ഞ സര്‍ക്കാരിന്റെ തനിപ്പകര്‍പ്പും.
ജന്മികുടിയാന്‍ ബന്ധങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തി ഭരണനിര്‍വഹണമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച പാര്‍ട്ടിക്ക്, ജന്മിത്വത്തിന്റെ പുതിയകാല അവതാരമായ മൂലധന കേന്ദ്രീകൃത വ്യവസ്ഥയ്ക്കും അവിടെ അവഗണിക്കപ്പെടുന്ന സാധാരണക്കാര്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയാതെ പോവുന്നുവെങ്കില്‍ അവിടെ തിരുത്തല്‍ അനിവാര്യമാണ്. അത്തരത്തില്‍ അനിവാര്യമായ തിരുത്തല്‍ശക്തിയായി മാറാന്‍ കഴിയുമെങ്കില്‍ വി എസിനു നല്‍കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക പദവിക്ക് അര്‍ഥമുണ്ടാവും. എന്നാല്‍, എല്ലാം അറിഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ തലയില്‍ കയറി നിരങ്ങാനുള്ള സാഹചര്യം വിഎസിന് ഒരുക്കിക്കൊടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാവുമോ എന്നത് കണ്ടറിയണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക