|    Nov 21 Wed, 2018 5:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇനിയും വെള്ളമിറങ്ങാതെ കുമരകവും വൈക്കവും

Published : 25th August 2018 | Posted By: kasim kzm

കോട്ടയം: റോഡുകളില്‍ നിന്നും വീടുകളില്‍ നിന്നും വെള്ളമിറങ്ങിയതോടെ ക്യാംപുകളില്‍ കഴിഞ്ഞിരുന്നവര്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ഇതേത്തുടര്‍ന്ന് ജില്ലയിലെ ക്യാംപുകള്‍ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനകം 200ഓളം ക്യാംപുകളാണ് ജില്ലാ ഭരണകൂടം പിരിച്ചുവിട്ടത്.
എന്നാല്‍, കുമരകത്തിന്റെയും വൈക്കത്തിന്റെയും സ്ഥിതി വ്യത്യസ്തമാണ്. ഇവിടങ്ങളിലെ വീടുകളില്‍ നിന്ന് ഇപ്പോഴും വെള്ളമിറങ്ങാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ പലരും ക്യാംപുകളില്‍ തുടരുകയാണ്. തലയാഴം പഞ്ചായത്തിലെ മണ്ണാര്‍കണ്ടം, ഏനേഴം, മുഴുത്തുരുത്ത്, പള്ളിയാട്, കണ്ടംതുരുത്ത്, പുന്നക്കുഴി, തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാര്‍, കോരിക്കല്‍, പഴമ്പട്ടി, മുണ്ടോടി, തേവലക്കാട്, പൊന്നുരുക്കുംപാറ, അടിയം, മറവന്‍തുരുത്ത് പഞ്ചായത്തിലെ ചെമ്മനാകരി, മേക്കര, ഇടവട്ടം, ഉദയനാപുരം പഞ്ചായത്തിലെ വൈക്കപ്രയാര്‍, പടിഞ്ഞാറെക്കര, വാഴേകാട് തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
കുമരകത്തെ തൊങ്ങലക്കരി കോളനി, ലക്ഷംവീട് കോളനി, മൂലേപ്പാടം തെക്ക് ബ്ലോക്ക്, വടക്ക് ബ്ലോക്ക്, ചീപ്പുങ്കല്‍ അന്തോണിക്കായല്‍ ഭാഗം, മഞ്ചാടിക്കരി, കരീമഠം, കാഞ്ഞിരം, തിരുവാര്‍പ്പിലെ താമരശ്ശേരി കോളനി മേഖലകളിലെ താമസക്കാര്‍ ക്യാംപുകളിലാണ്. ഇരുമേഖലകളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെ വെള്ളമിറങ്ങിയതോടെയാണ് ക്യാംപുകളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായത്. മൂന്നുദിവസം മുമ്പു മാത്രമാണ് കുമരകം, വൈക്കം മേഖലകളില്‍ ഗതാഗതം പുനസ്ഥാപിച്ചത്. റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ട് പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ ഗതാഗതം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇരുമേഖലയിലെയും ചില പ്രദേശങ്ങള്‍ ഇപ്പോഴും പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വൈക്കപ്രയാര്‍, വടയാര്‍ മേഖലകള്‍ ഏതാണ്ട് ഒറ്റപ്പെട്ടുതന്നെയാണു കിടക്കുന്നത്. കുറച്ചു ദിവസം കൂടി മഴ മാറിനിന്നെങ്കില്‍ മാത്രമേ ഇവിടങ്ങളിലുള്ളവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനാവൂ. പല സ്ഥലങ്ങളിലെയും നടപ്പാലങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിട്ടുണ്ട്.
കുമരകത്ത് നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടതിനെ തുടര്‍ന്ന് ക്യാംപുകള്‍ തുടങ്ങാന്‍പോലും സ്ഥലമില്ലാതായി. ഉയര്‍ന്ന പ്രദേശങ്ങളില്‍ ആരംഭിച്ച ക്യാംപില്‍ പിന്നീട് വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തില്‍ ചില കുടുംബങ്ങള്‍ ഹൗസ്‌ബോട്ടുകളില്‍ അഭയം തേടി. ഒറ്റപ്പെട്ടുപോയ 100ഓളം കുടുംബങ്ങളാണ് പ്രാണരക്ഷാര്‍ഥം ഹൗസ്‌ബോട്ടുകളെ ആശ്രയിച്ചത്.
ഇവര്‍ക്ക് ക്യാംപുകള്‍ വഴി ലഭിക്കുന്ന യാതൊരു സഹായവും കിട്ടുന്നില്ലെന്നു പരാതിയുണ്ട്. സന്നദ്ധപ്രവര്‍ത്തകരാണ് ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ചുകൊടുക്കുന്നത്.
വെള്ളക്കെട്ടില്‍ നിന്ന് താഴ്ന്ന പ്രദേശങ്ങള്‍ക്ക് മോചനം ലഭിക്കണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കും. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളമിറങ്ങാത്തതിനാല്‍ ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. ഇവിടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദിവസങ്ങളായി ക്യാംപുകളില്‍ തന്നെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss