|    Nov 18 Sun, 2018 10:12 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഇത് സഭയുടെ പിഴ, വലിയ പിഴ

Published : 14th July 2018 | Posted By: kasim kzm

കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട രണ്ട് ഓര്‍ത്തഡോക്‌സ് വൈദികര്‍ പോലിസ് പിടിയിലായി. മറ്റു രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. നിലയ്ക്കല്‍ ഭദ്രാസനത്തിനു കീഴിലെ ഒരു വൈദികനെതിരേയും ഇതേ പരാതിയുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് വൈദികന്റെ പീഡനത്തിനിരയായി പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി പ്രസവിച്ച കഥ വലിയ വിവാദമായിരുന്നു. അയാള്‍ക്ക് ഒത്താശ ചെയ്തത് ചില സഭാ സ്ഥാപനങ്ങളും വൈദികരുമായിരുന്നു. ഇവയേക്കാളെല്ലാം വലുതാണ് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം. തന്നെ നിരവധി തവണ പീഡിപ്പിച്ചുവെന്ന് ആരോപണമുന്നയിച്ചത് അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്ന്യാസിനി സമൂഹത്തില്‍ അംഗമായ കന്യാസ്ത്രീയാണ്. അവരുടെ വൈദികനായ സഹോദരനും കന്യാസ്ത്രീയായ സഹോദരിയും ആരോപണങ്ങള്‍ ശരിവയ്ക്കുന്നു. ചുരുക്കത്തില്‍, ‘സത്യമായ തിരുസഭ’കള്‍ ലൈംഗികാപവാദ കുരുക്കില്‍പ്പെട്ട് ഉഴലുകയാണ് കേരളത്തില്‍.
വൈദികന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും വഴിതെറ്റിയോ എന്നതല്ല ഇക്കാര്യത്തില്‍ ആലോചനാവിഷയം. കാമവും മോഹവുമൊക്കെ മനുഷ്യസഹജമായ വികാരങ്ങളാണ്. വൈദികരും കന്യാസ്ത്രീകളും മാത്രമല്ല അപഥസഞ്ചാരം നടത്തുന്നത്. ഹിന്ദു സന്ന്യാസിമാരും മുസ്‌ലിം മതപണ്ഡിതരുമെല്ലാം ഇത്തരം കേസുകളില്‍ ഇടയ്ക്കിടെ പിടിക്കപ്പെടുന്നുണ്ട്. തങ്ങള്‍ മുറുകെപ്പിടിക്കുന്ന മതദര്‍ശനങ്ങളും നിരന്തരമായ പഠനത്തിലൂടെയും അനുഷ്ഠാനശുദ്ധിയിലൂടെയും നേടിയെടുത്ത സദാചാരമൂല്യങ്ങളും അവര്‍ക്ക് കൈമോശം വരുന്നുവെന്നേ ഇതിന് അര്‍ഥമുള്ളൂ. പഠിച്ച മതത്തിന്റെ തത്ത്വങ്ങള്‍ പരീക്ഷണഘട്ടങ്ങളില്‍ അവര്‍ക്ക് ഉപകരിക്കുന്നില്ല. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ല. ആത്മശുദ്ധി കൈവരിക്കുന്നതില്‍ മനുഷ്യര്‍ക്കു സംഭവിക്കുന്ന പരാജയത്തിന്റെ അടയാളമാണത്.
എന്നാല്‍, വൈദികരും ബിഷപ്പും മറ്റും ഉള്‍പ്പെടുന്ന കേസുകളില്‍, കുറ്റവാളികള്‍ക്ക് സഭാനേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ഗൗരവപൂര്‍വം നോക്കിക്കാണേണ്ട സംഗതിയാണ്. ഈയിടെ ഒരു കര്‍ദിനാള്‍ സ്വത്തുകച്ചവടവുമായി ബന്ധപ്പെട്ട് പലതരം ആരോപണങ്ങള്‍ക്കു വിധേയനായി. മറ്റൊരു ക്രിസ്തീയ പുരോഹിതന്‍ വ്യാജ വായ്പയെടുത്തു എന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷേ, ഇവര്‍ക്കെല്ലാം സഭാനേതൃത്വങ്ങള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. വിശ്വാസികളുടെ സമൂഹം അവരെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവരുന്നു. കുമ്പസാര രഹസ്യം ചോര്‍ത്തി ലൈംഗികപീഡനം നടത്തിയ കേസില്‍ പിടിയിലായ വൈദികനെ സുരക്ഷിത ഇടങ്ങളില്‍ മാറി മാറി താമസിപ്പിച്ചത് സഭാനേതൃത്വമാണത്രേ. ജലന്ധര്‍ ബിഷപ്പിന് അനുകൂലമാണ് സഭയിലെ വലിയൊരു വിഭാഗം ആളുകളും പരാതിയുന്നയിച്ച കന്യാസ്ത്രീ അംഗമായ സന്ന്യാസിനി സമൂഹവും. അതായത്, ക്രിസ്തുമതത്തിന് ചീത്തപ്പേരുണ്ടാക്കുകയും ശിക്ഷാര്‍ഹമായ കുറ്റങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ആളുകളെ കൈയൊഴിയാന്‍ സഭ തയ്യാറല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss