|    Sep 21 Fri, 2018 8:10 pm
Home   >  Editpage  >  Middlepiece  >  

ഇത് വെറുമൊരു അനുഭവക്കുറിപ്പ് മാത്രമല്ല

Published : 23rd January 2017 | Posted By: fsq

vettum-thiruthum-new

ബസ്സിലെ അംഗപരിമിതര്‍ക്കുള്ള സീറ്റില്‍ ഞാന്‍. എനിക്കടുത്ത് ഒരാള്‍ തപ്പിത്തടഞ്ഞ് വന്നിരുന്നു. അന്ധനാണ്. കൂളിങ് ഗ്ലാസും മറ്റും ഫിറ്റ് ചെയ്ത് തനി ചൊങ്കനാണയാള്‍. ഇടയ്‌ക്കെന്നോടായി ആരാണെന്നും എവിടേക്കു പോവുന്നുവെന്നും ആരാഞ്ഞു. ഞാന്‍ കൃത്യമായി ഉത്തരം പറഞ്ഞു. അയാള്‍ക്ക് ടിക്കറ്റ് വേണ്ട. ഇന്ത്യയിലെവിടെയും സൗജന്യയാത്ര. തീവണ്ടിയില്‍ ഒരു സഹായിക്കും 40 ശതമാനം സൗജന്യം. അത്യന്തം വാചാലന്‍. ബന്ധുക്കളാരുമില്ലാത്ത അയാള്‍ ദീര്‍ഘയാത്രകളില്‍ സഹായികളെ അന്വേഷിച്ച് കഷ്ടത്തിലായ കഥകള്‍ക്കിടെ ഒരു വിചിത്ര സംഭവം. ഒരിക്കല്‍ ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ നിവൃത്തിയില്ലാതെ നിന്ന ഒരാളെ സഹായിയാക്കി. ഊണും കാപ്പിയും കട്‌ലറ്റുമടക്കം അയാളെ സല്‍ക്കരിക്കുകയും ചെയ്തു. എറണാകുളത്തെത്തും മുമ്പ് ടിക്കറ്റ് പരിശോധകന്‍ വന്നു. അന്ധര്‍ പരസഹായി ഇല്ലാതെ സൗജന്യ ടിക്കറ്റില്‍ സഞ്ചരിക്കരുതെന്നാണത്രെ റെയില്‍വേ നിയമം. യാദൃച്ഛികമായി കിട്ടിയ സഹായി റെയില്‍വേ ഉദ്യോഗസ്ഥനോട് നിഷ്‌കരുണം പറഞ്ഞു, ഞാനീ കണ്ണുപൊട്ടന്റെ സഹായി അല്ല. വടക്കാഞ്ചേരിയില്‍ വണ്ടി നിന്നപ്പോള്‍ ആ മനസ്സാക്ഷി ഇല്ലാത്ത വ്യക്തി ഇറങ്ങി. ടിക്കറ്റ് പരിശോധകന്‍ അന്ധനെ ശാസിച്ചു. ഒരു സഹായി നിര്‍ബന്ധം. കഥ പറയുന്നതിനിടെ ബസ്സിലിരുന്ന് അന്ധന്‍ എന്റെ പേരും തൊഴിലും ചോദിച്ചു. പത്രപ്രവര്‍ത്തകനാണെന്നു പറഞ്ഞപ്പോള്‍ പത്രത്തിന്റെ പേരറിയണം. ‘തേജസ്’ എന്ന മറുപടി കേട്ടതും അയാള്‍ തെല്ലുനേരം നിശ്ശബ്ദനായി. ഇതുവരെ പ്രത്യേകിച്ച് സംബോധന ഇല്ലാതിരുന്നിട്ടും അയാള്‍ എന്നെ ‘സാറേ’ എന്നു വിളിച്ചു. ആദരവോടെ സംസാരം തുടര്‍ന്നു. പ്രഭാകരന്‍ എന്നായിരുന്നു 20 വയസ്സുവരെ അയാളുടെ പേര്. ഇപ്പോള്‍ ജോസ്. ദലിത് സമൂഹത്തിലാണ്. പ്രമേഹം കലശലായി ഒരുനാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബോധരഹിതനായി. ആരൊക്കെയോ സഹായിച്ച് തറയില്‍ ഷീറ്റ് വിരിച്ചു കിടന്നു. പെട്ടെന്നൊരു പ്രകാശം അയാളുടെ കണ്ണുകളെ പുണര്‍ന്നു. നീ യേശുവില്‍ വിശ്വസിക്കണമെന്നും അന്ധത ഒഴിച്ചുള്ള ഏതവശതയ്ക്കും കര്‍ത്താവായ തമ്പുരാന്‍ ആശ്വാസമരുളുമെന്നും മറ്റും… എന്നിലെ കുസൃതി അടങ്ങിയില്ല. പേരു മാറ്റി ജോസ് ആയതിന് എന്തുകിട്ടി? അയാള്‍ നിശ്ശബ്ദതയുടെ ചിലന്തിവലയിലേക്ക് നൂണ്ടു. ലോട്ടറി വില്‍പനയായിരുന്നു. 22 ലക്ഷത്തിന്റെ സമ്മാനം ജോസ് വിറ്റ ടിക്കറ്റിനു മുമ്പൊരിക്കല്‍ കിട്ടി. സമ്മാനാര്‍ഹയായ പെണ്‍കുട്ടിയും ലോട്ടറി ഡിപാര്‍ട്ട്‌മെന്റും കൂടി 1.82 ലക്ഷം കമ്മീഷനും ഉപഹാരമായി നല്‍കി. സംസാരം എന്റെ കുടുംബത്തെക്കുറിച്ചായി. കുട്ടികള്‍, ഭാര്യ, സകലതും പ്രഭാകരന്‍ എന്ന ജോസ് കുത്തിക്കുത്തി ചോദിച്ചറിഞ്ഞു. അയാളുടെ സംസാരവേഗവും എന്റെ ചില കുറിക്കുകൊള്ളും മറുപടിയും ഞങ്ങളുടെ മുന്‍സീറ്റിലിരുന്നവരെ രസിപ്പിച്ചു. അവരും ജോസിനെ ശ്രവിക്കാന്‍ നിര്‍ബന്ധിതരായി. ങാ… ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ടിടി വന്നതും ഞാന്‍ സഹായിക്കാന്‍ കൂട്ടിയ പരമേശ്വരന്‍ എന്റെ ആനുകൂല്യം പറ്റി ഇറങ്ങിയതും ഞാന്‍ പറഞ്ഞില്ലേ. ആ കഥയ്ക്ക് ഫോളോഅപ്പ് ഉണ്ട്. വടക്കാഞ്ചേരി വിട്ടപ്പോള്‍ പ്രഭാകരന്‍ എന്ന ജോസ് ഒരു സഹായിയെ തേടി. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ ഒരാള്‍ ആ ബോഗിയിലുണ്ടായിരുന്നു. അദ്ദേഹം അന്ധനായ കബളിപ്പിക്കപ്പെട്ട സാധുവായ പ്രഭാകരനോടു പറഞ്ഞു: ”ഞാന്‍ സഹായി ആവാം. എനിക്കൊന്നും തരേണ്ട. പക്ഷേ, ഞാന്‍ ആലുവ വരെയേ ഉണ്ടാവൂ.” പ്രഭാകരന് പോവേണ്ടത് എറണാകുളത്തേക്കാണ്. രണ്ടുപേരും കൂടി ടിക്കറ്റ് പരിശോധകനെ കണ്ടു. എറണാകുളത്തിറങ്ങി പ്രഭാകരനെ പ്ലാറ്റ്‌ഫോം കടത്തിവിടുന്നതു വരെ കൂടെ നില്‍ക്കാം എന്ന് ആലുവക്കാരന്‍ ഏറ്റു. അയാള്‍ ആരായിരുന്നു? പ്രഭാകരന്‍ കൈയിലുള്ള അന്ധന്‍മാര്‍ ഉപയോഗിക്കുന്ന കെയിന്‍ ഉപയോഗിച്ച് എന്റെ തോളത്ത് മൃദുവായി സ്പര്‍ശിച്ചു. സഹായിയുടെ പേരു പറയുമ്പോള്‍ പ്രഭാകരന്‍ എന്ന ജോസ് വികാരാധീനനായി. ”ആലുവയ്ക്കടുത്ത് കുഞ്ഞുണ്ണിക്കരക്കാരനാണ്. പേര് സെയ്ത്. ആ മനുഷ്യന് സാറ് ജോലി ചെയ്യുന്ന തേജസ് പത്രവുമായി എന്തോ ബന്ധമുണ്ട്. ഒരന്ധനെ യാദൃച്ഛികമായി സഹായിക്കുകയും എറണാകുളം ജങ്ഷന്‍ നാലാം പ്ലാറ്റ്‌ഫോമില്‍ നിന്ന് അയാളെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റിവിടുകയും ചെയ്ത കുഞ്ഞുണ്ണിക്കരയിലെ സെയ്ത് അമാനുഷിക പ്രവൃത്തിയൊന്നുമല്ല ചെയ്തത്. ഒരു സാധാരണ സഹായം. പക്ഷേ, അന്ധനായ ജോസ് എന്ന പ്രഭാകരന്‍ തന്റെ സ്റ്റോപ്പില്‍ ഇറങ്ങുന്നതിന് ഒരുനിമിഷം മുമ്പു പറഞ്ഞു: ”പലതും വാഗ്ദാനം ചെയ്ത് എന്നെ പേരുമാറ്റി സ്‌നാനം കഴിച്ചവര്‍ ഒരു ഗ്ലാസ് ചായപോലും തന്നിട്ടില്ല സര്‍…” അന്ധന്‍ ഇറങ്ങി. തപ്പിത്തടഞ്ഞ് നീങ്ങവെ ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ മറ്റൊരു പേര് തേടുന്നുണ്ടോ? ആലുവ കുഞ്ഞുണ്ണിക്കരയില്‍ സെയ്തിനെ തേടി അയാളെത്തുമോ? എന്തെന്തു യാദൃച്ഛികതകളെയാണ് ഓരോ യാത്രയിലും പിന്തുടരേണ്ടിവരുന്നത്?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss