|    Jan 17 Tue, 2017 4:47 pm
FLASH NEWS

ഇത് വെറും പശുവോ ഫാഷിസ്റ്റ് പുലിയോ?

Published : 31st July 2016 | Posted By: SMR

slug-indraprasthamപന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നു പറഞ്ഞമാതിരിയാണ് ബിജെപിയെ കണ്ട അഖിലഭാരതീയ വിപ്ലവകക്ഷിയുടെ ഇപ്പോഴത്തെ അവസ്ഥ. ഭാരതീയ പശുവാദിപ്പാര്‍ട്ടി യഥാര്‍ഥത്തില്‍ എന്താണ്? അത് പശുവിനെപ്പോലെ വെറും പുല്ലുതിന്നുന്ന ഒരു സാധാരണ പാര്‍ട്ടിയാണോ അതോ ആട്ടിന്‍തോലിട്ട ചെന്നായയെപ്പോലെ മനുഷ്യരെപ്പോലും കടിച്ചുകീറി തിന്നാന്‍ മടിക്കാത്ത ഏതോ ഹിംസ്രജന്തുവോ?
കമ്മ്യൂണിസ്റ്റ് ഭാഷയില്‍ ഈ ചോദ്യം പരാവര്‍ത്തനം ചെയ്യുകയാണെങ്കില്‍ ബിജെപി ഒരു സാധാരണ ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടി മാത്രമാണോ അതോ ജനാധിപത്യത്തിന്റെ ശീതളച്ഛായയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തനി ഫാഷിസ്റ്റ് കക്ഷിയോ? ചോദ്യം ലളിതമാണെന്ന് നാട്ടുകാര്‍ വിചാരിക്കും. ബിജെപിയുടെ അധികാരപ്രവേശനത്തിനു ശേഷമുള്ള നടപടികളും പ്രവര്‍ത്തനരീതിയും കണ്ടാല്‍ എന്താണ് ഈ കക്ഷിയുടെ തനിനിറം എന്നതിനെ സംബന്ധിച്ച് സാധാരണനിലയില്‍ ബുദ്ധിയുള്ള ആര്‍ക്കും സംശയത്തിനു യാതൊരു അവകാശവുമില്ലെന്നു പാവം ജനം കരുതും. കാരണം, ബിജെപി അധികാരത്തില്‍ എവിടെയൊക്കെ ഇരുന്നിട്ടുണ്ടോ അവിടെയൊക്കെയും അവര്‍ അനുവര്‍ത്തിച്ചുവരുന്ന നയങ്ങള്‍ ഹിംസാത്മകമാണ്. അതിന്റെ രീതികളും ദര്‍ശനവും വായ്ത്താരിയും ഒരു ജനാധിപത്യകക്ഷിയെ അല്ല അനുസ്മരിപ്പിക്കുന്നത്.
എന്നാല്‍, ഫാഷിസത്തെ സംബന്ധിച്ച് കടുകട്ടിയായ വിജ്ഞാനമുള്ള വിപ്ലവസഖാക്കള്‍ക്ക് സാധാരണ പാമരജനത്തിന്റെ ഈമാതിരി തോന്നലുകളൊന്നും അടിസ്ഥാനമാക്കി എടുത്ത് രാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ സാധ്യവുമല്ല. ജനം ചിന്തിക്കുന്ന മാതിരിയാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ ചിന്തിക്കുന്നതെങ്കില്‍ അവര്‍ എങ്ങനെ താത്വികന്മാരാവും? താത്വികാചാര്യപദവി ലഭിക്കണമെങ്കില്‍ കടുകട്ടിയായ ഭാഷ              സംസാരിക്കണം. തിയറി പറഞ്ഞാല്‍          ആര്‍ക്കും പിടികിട്ടരുത്. അത്യാവശ്യം വേണ്ടിവന്നാല്‍ അത് എങ്ങനെ വ്യാഖ്യാനിക്കാനും സാധിക്കുന്ന തരത്തിലാവണം.
ആ പ്രശ്‌നമാണ് ഇപ്പോള്‍ സിപിഎം കക്ഷിയുടെ പിബിയും സിസിയും നിരന്തരം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. ചര്‍ച്ചചെയ്യുന്നതിനനുസരിച്ച് കണ്‍ഫ്യൂഷനും കൂടുകയാണ്. ഇനി അവസാനം സംഗതി പാര്‍ട്ടിയുടെ പിളര്‍പ്പില്‍ തന്നെ ചെന്നെത്തുമോ എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. പാര്‍ട്ടിയുടെ ഒഫീഷ്യല്‍ താത്വികാചാര്യന്‍മാര്‍ രണ്ടാണ്. മുന്‍ ജനറല്‍ സെക്രട്ടറി കാരാട്ട് കാര്‍ന്നോരാണ് ഒന്നാമന്‍. രണ്ടാമന്‍, ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാരാമ(രാമരാമ) യെച്ചൂരിയദ്യം. രണ്ടുപേരും പണ്ടു ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പഠിക്കുന്ന കാലം മുതലേ ആചാര്യപദവിയില്‍ കയറിയ കൂട്ടരാണ്. സാക്ഷാല്‍ ശങ്കരാചാര്യരുടെ മാതിരി ചെറുപ്രായത്തില്‍ തന്നെ സര്‍വജ്ഞപീഠം കയറിയ സവ്യസാചികള്‍. അന്നുമിന്നും കടുകട്ടി സിദ്ധാന്തങ്ങള്‍ മണിമണിപോലെ പറയും. അത് ഇംഗ്ലീഷിലും മറ്റു ദേശീയ ഭാഷകളിലും പറയും. കാരാട്ട് സഖാവിന് ഏതു ഭാഷയും വഴങ്ങും; മാതൃഭാഷയായ മലയാളമൊഴികെ. മറ്റേ സഖാവിന് മാതൃഭാഷയോടുമില്ല അലര്‍ജി. അങ്ങേര് ഹിന്ദി മുതല്‍ ബംഗാളി വരെയും തെലുങ്ക് മുതല്‍ തമിഴ് വരെയും ആംഗലാദി വിദേശഭാഷകളിലും ഒരേസമയം ഡയലോഗ് പറയാന്‍ പ്രഗല്ഭനാണ്.
എന്നിട്ടും നേരത്തേ പറഞ്ഞ പശുവിന്റെ കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ബാക്കിയാണ്. ഈ ഗോമാതാജി ഏതിനത്തില്‍പ്പെടുന്നു എന്ന കാര്യത്തിലാണു തര്‍ക്കം. കാരാട്ട് കാര്‍ന്നോര് പറയുന്നത് ഈ പശുവിന് അങ്ങനെ പൂര്‍ണ വളര്‍ച്ചയെത്തിയ ഫാഷിസ്റ്റ് ലക്ഷണങ്ങളൊന്നും കാണാനില്ലെന്നാണ്. ഏറിവന്നാല്‍ തുര്‍ക്കിയിലെ ഇന്നത്തെ ഭരണകക്ഷിമാതിരി അല്‍പം ഭാരതീയ സ്വഭാവം കാണും. അതിനപ്പുറം വലിയ ഭീഷണിയൊന്നും അല്ല ഈ പശു എന്നാണ് ടിയാന്റെ കണ്ടെത്തല്‍.
എന്നാല്‍, മറ്റേ അങ്ങേര് അതു പൂര്‍ണമായി സമ്മതിക്കുന്നില്ല. പശു വെറും പശുവല്ലെന്നും ആള്‍ പുലിയാണെന്നും യെച്ചൂരി സഖാവിന് അഭിപ്രായമുണ്ട്. അങ്ങനെ അഭിപ്രായമുണ്ടാവാന്‍ കാരണം വേറെയുണ്ട്. പാര്‍ട്ടിക്ക് ബംഗാളിലായാലും മറ്റു ദേശങ്ങളിലായാലും നിന്നു പിഴയ്ക്കാന്‍ കൂട്ടു വേണം. അതിന് കോണ്‍ഗ്രസ് ആയാലും കുഴപ്പമില്ല എന്നാണ് പുള്ളിയുടെ പക്ഷം. പക്ഷേ, കോണ്‍ഗ്രസ്, പാര്‍ട്ടിക്ക് ജന്മനാ ഹറാമാണ്.
അതിന് ഒരു മറുമരുന്ന് ഫാഷിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കലാണ്. അപ്പോള്‍ ആരുമായും കൂട്ടാവാം. പക്ഷേ, അതിന് ഫാഷിസം വേണം നാട്ടില്‍. അതാണു യഥാര്‍ഥ പ്രശ്‌നം. ഫാഷിസം വന്നാലും നാടു           കുട്ടിച്ചോറായാലും തര്‍ക്കം തീരില്ല. ഒരുപക്ഷേ, അതിനുമുമ്പ് പാര്‍ട്ടി പിളര്‍ന്നെന്നും വരും. കാത്തിരുന്നു കാണാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക