|    Jan 23 Mon, 2017 4:11 pm

ഇത് പിതൃത്വം ചര്‍ച്ചചെയ്യാനുള്ള സമയമല്ല

Published : 29th May 2016 | Posted By: mi.ptk

അംബിക
ജിഷയുടെ കൊലനടന്ന് ഏതാണ്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത് ജിഷയുടെ പിതൃത്വമാണ്. അത് എന്തിന്റെ പേരിലായാലും, നിഷയുടെ അമ്മയെയും അച്ഛനെയും അങ്ങേയറ്റം അപമാനിക്കലാണെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യം ചര്‍ച്ചചെയ്യുന്നവരുടെ മാനസികനിലവാരം കേരളത്തിന്റെ പൊതുബോധനിലവാരമാണെന്നു പറയാതിരിക്കാന്‍ നിര്‍വാഹവുമില്ല. വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും കുടുംബജീവിതത്തെയും ആര്‍ക്കും കയറിയിറങ്ങാവുന്ന പൊതുനിരത്താക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മലയാളിമനസ്സിന്റെ അഴുകിയ സംസ്‌കാരം ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നു. ജിഷയ്ക്ക് എന്തായാലും ഒരമ്മയുണ്ട്. അവളെ പ്രസവിച്ച്, പാലൂട്ടി കഷ്ടപ്പാടുകള്‍ക്കിടയിലും പഠിപ്പിച്ച് മിടുക്കിയാക്കിയൊരമ്മ. ഏതു പ്രതിസന്ധികള്‍ക്കിടയ്ക്കും പതറാതെ കഠിനാധ്വാനം ചെയ്താണ് അവര്‍ തന്റെ രണ്ടു പെണ്‍മക്കളെയും വളര്‍ത്തിയത്. ധൈര്യത്തോടെയും തന്റേടത്തോടെയും ജീവിതത്തെ നേരിടാനും അവരെ പ്രാപ്തരാക്കി. ജിഷയെ തന്റെ കഴിവിന്റെ പരമാവധി അവര്‍ പഠിപ്പിച്ചു. അതുതന്നെയായിരുന്നിരിക്കണം ജിഷയുടെ ദാരുണാന്ത്യത്തിലേക്കു നയിച്ചതും. കാരണം, നമ്മുടെ പൊതുബോധത്തിന് ചില നിര്‍ബന്ധങ്ങളുണ്ട്. ആദിവാസി-ദലിത് പിന്നാക്കവിഭാഗത്തില്‍ പെടുന്നവര്‍ ഒരിക്കലും തന്റേടികളായിക്കൂടാ. അവര്‍ സ്വന്തം കാലില്‍ നിലയുറപ്പിച്ചു നിന്നുകൂട. അവരെന്നും പരാശ്രയരായിരിക്കണം. പിന്നെ സ്ത്രീകള്‍, അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും ഒരിക്കലും തന്റേടികളാവരുത്. നിയമവിദ്യാര്‍ഥിയായ ഒരു ദലിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട് നാലുദിവസം കഴിയുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും അതൊരു വാര്‍ത്തയാവുന്നത്. തിരഞ്ഞെടുപ്പുകാലമായതിനാല്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പെരുമ്പാവൂര്‍ യാത്ര നടത്തി. 80ഓളം ഉദ്യോഗസ്ഥന്‍മാര്‍ ഇത്രയും നാള്‍ അന്വേഷണം നടത്തിയിട്ടും കേസില്‍ ഒരു തുമ്പുമുണ്ടാക്കാന്‍ ഇവിടത്തെ നീതിനിര്‍വഹണസംവിധാനത്തിനു കഴിഞ്ഞിട്ടില്ല. മാത്രമല്ല, പ്രാഥമിക തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ജിഷയുടെ മൃതദേഹം കത്തിക്കരുതെന്നു കരഞ്ഞുപറഞ്ഞിട്ടും കത്തിച്ചുകളഞ്ഞത് എന്തിനാണെന്നുള്ള അമ്മയുടെ ചോദ്യത്തിനു തന്നെയാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടത്. ഇതുവരെ അവരുടെ ദുരിതജീവിതത്തിലേക്കു തിരിഞ്ഞുനോക്കാത്ത ജനപ്രതിനിധികളും പോലിസും എങ്ങനെയാണ് മൃതദേഹം കത്തിക്കാനായി നിര്‍ദേശം നല്‍കിയത്? എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ടു എന്ന് ഉറപ്പാക്കിയശേഷം മാത്രം വീട് സീല്‍ ചെയ്തതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ജിഷയുടെ നിലവിളി കേട്ടിട്ടുപോലും തിരിഞ്ഞുനോക്കാത്ത പരിസരവാസികള്‍ക്ക് അവളുടെ ദാരുണാന്ത്യത്തിന് ഉത്തരവാദിത്തമുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍, അന്വേഷണത്തിന്റെ പേരില്‍ പരിസരവാസികളെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള, പരിസരവാസികളായ മുഴുവന്‍ പുരുഷന്‍മാരുടെയും വിരലടയാളം ശേഖരിച്ച അന്വേഷണോദ്യോഗസ്ഥരുടെ വിവരക്കേട് വച്ചുപൊറുപ്പിക്കാവുന്നതല്ല. ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് ആ അമ്മ രണ്ടും മൂന്നും തവണ കൊടുത്ത പരാതികളിന്‍മേല്‍ യാതൊരു അന്വേഷണവും നടന്നില്ല. പുറമ്പോക്കുജീവിതങ്ങളുടെ കാര്യമന്വേഷിക്കാന്‍ ആര്‍ക്കാണു നേരം? അന്വേഷണം നടത്തിയില്ലെന്നു മാത്രമല്ല, മാനസിക നില തകരാറിലാണെന്നു പ്രചരിപ്പിക്കുകയും ചെയ്തു. അവരുടെ പരാതി ചവറ്റുകുട്ടയിലിട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇനിയും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? ഇത്രയും പ്രാധാന്യമുള്ള ഒരു കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഒരു സീനിയര്‍ ഡോക്ടര്‍ തന്നെ നടത്തണമെന്നു പറയാനും പോസ്റ്റ്‌മോര്‍ട്ടം വളരെ വ്യക്തമായ വിധത്തില്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് ആവശ്യപ്പെടാനും പോലിസിന് ഉത്തരവാദിത്തമുണ്ടായിരുന്നു. അതു ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? തെളിവുകള്‍ ഒന്നൊന്നായി വളരെ ആസൂത്രിതമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഏതുനിലയ്ക്കായാലും പോലിസിന്റെ അനാസ്ഥയാണു വ്യക്തമാവുന്നത്. ഈ അനാസ്ഥ കേവല യാദൃച്ഛികത മാത്രമായി തള്ളിക്കളയാനാവില്ല.ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറപ്പെടുവിച്ച പ്രസ്താവന ഗൗരവമേറിയതാണ്. അന്വേഷണത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ദലിത് സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ സംബന്ധിച്ച പരാതികളില്‍ പോലിസിന്റെ ഭാഗത്തുനിന്ന് നിരന്തരമായ അവഗണനയാണു സംഭവിക്കുന്നത്. പോലിസില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും കടുത്ത വിവേചനങ്ങളാണ് ദലിത് സ്ത്രീകള്‍ അനുഭവിക്കുന്നത്. ജിഷയുടെ കാര്യത്തില്‍ പോലിസിനു സംഭവിച്ച വീഴ്ചയെക്കുറിച്ച് വിശദീകരിക്കാന്‍ പോലിസിനെ ബാധ്യസ്ഥരാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.              ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 207 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക