|    Oct 20 Sat, 2018 8:19 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഇത് നമ്മുടെ ആ ഉഷ തന്നെയോ?

Published : 25th September 2017 | Posted By: fsq

1984ല്‍ പത്മശ്രീ ബഹുമതി. തുടര്‍ന്ന് അര്‍ജുന അവാര്‍ഡ്. 1986ല്‍ ലോക അത്‌ലറ്റിക്‌സിലെ മികച്ച താരങ്ങളിലൊരാള്‍. 1985 മുതല്‍ 89 വരെ മികച്ച കായികതാരത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം. 86ല്‍ അഡിഡാസ് ഗോള്‍ഡന്‍ ഷൂ. സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് എന്ന പേരില്‍ കേരള സര്‍ക്കാര്‍ വക മുപ്പത് ഏക്കര്‍ സ്ഥലം. 15 ലക്ഷം രൂപ മാസാമാസം. മറ്റു ചെലവിനങ്ങള്‍ക്കായി വേറെ തുകകള്‍. 2015ല്‍ കേന്ദ്ര സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം. ഇപ്പോള്‍ പ്രായം 53. പ്രായപൂര്‍ത്തി വോട്ടവകാശം കരഗതമാക്കിയ നാള്‍ മുതല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ഉയര്‍ന്ന ശമ്പളത്തോടെ സകല ആനുകൂല്യങ്ങളോടെയും ഉദ്യോഗം. ഫസ്റ്റ് ക്ലാസ് സൗജന്യ യാത്ര. വിമാനത്തിലും യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് ക്ലാസ് പരിഗണന. വെസ്റ്റ്ഹില്ലില്‍ ഉഷയ്ക്ക് അര ഏക്കര്‍ ഭൂമി. കോഴിക്കോട് മാവൂര്‍ റോഡില്‍ 91ല്‍ വാങ്ങിയ സ്ഥലം വേറെ. പി ടി ഉഷ എന്ന ഇന്ത്യയുടെ അഭിമാനത്തെ കുറിച്ചാണീ വല്ലാത്ത വമ്പത്തരങ്ങളൊക്കെ പറഞ്ഞത്. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍, പാവം പി ടി ഉഷയ്ക്ക് കോഴിക്കോട് ജില്ലക്കാരി എന്ന നിലയ്ക്ക് കോഴിക്കോട് കോര്‍പറേഷനകത്ത് ഒരു ഭവനമില്ലത്രേ! മുപ്പതിലേറെ വര്‍ഷമായി ഇന്ത്യയിലെമ്പാടും വിവിധ പരിപാടികളില്‍ പ്രത്യേക ക്ഷണിതാവായി സംബന്ധിച്ച വകയില്‍ ഏതാണ്ട് കിലോക്കണക്കിനു മെഡലുകളും മറ്റു ലോഹ ഉരുപ്പടികളും ഏകദേശം 600 കിലോഗ്രാം തൂക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകളും സമ്പൂര്‍ണമായി സൂക്ഷിച്ചിരുന്നുവെങ്കില്‍ 130 കിലോഗ്രാം വിവിധ തരം അലംകൃത ബാഡ്ജുകളും ഇനിയും പല തരം ലോഹത്തകിടില്‍ കൊത്തിയ ഫലകങ്ങളും മറ്റും മറ്റും സൂക്ഷിക്കാന്‍ കുറഞ്ഞത് ഒരു കൂറ്റന്‍ ഫഌറ്റെങ്കിലും ഉഷയ്ക്കു വേണ്ടിവരും. ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ വഴക്കിനു വരില്ലെങ്കില്‍ മറ്റു പല ന്യായമായ വഴികളിലൂടെയും സ്‌പോര്‍ട്‌സ് ലേബലില്‍ മാത്രം ഈ മഹത്തായ ഇന്ത്യന്‍ അഭിമാനം വാരിക്കൂട്ടിയ സ്വത്തിനെക്കുറിച്ചൊന്നും ആര്‍ക്കും ആക്ഷേപമില്ല. ടിഎ, ഡിഎ ഇനത്തില്‍ വേറെയും ദശലക്ഷങ്ങള്‍… ഇതൊക്കെയും ഉഷയുടെ മാത്രം തലവേദന. സാധാരണ കേരളീയര്‍ക്ക് ഇതിലെന്തു കാര്യം? പക്ഷേ, ഉഷയ്ക്ക് കോഴിക്കോട് കോര്‍പറേഷനില്‍ സൗജന്യമായി ഭൂമി വേണം. വീടു വയ്ക്കാനാണ്. അവര്‍ വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളജിനടുത്ത് കണ്ണായ സ്ഥലം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ബഹുദൂരം ഓടിയെന്നതു ശരി. ഒളിംപിക്‌സിലൊന്നും സ്വര്‍ണമെഡല്‍ കിട്ടിയിട്ടില്ല എന്നതും ശരി. എത്രയോ കായികതാരങ്ങളെ സ്വന്തം ഇഷ്ടത്തിനു വളര്‍ത്തി എന്നതും ശരി. പി യു ചിത്ര ഒഴികെ നിരവധി പേര്‍ക്ക് ലോക അത്‌ലറ്റിക്‌സില്‍ അടക്കം വന്‍ സ്വര്‍ണക്കൊയ്ത്തു നടത്താന്‍ രാപകല്‍ അധ്വാനിച്ചു, കിട്ടിയിട്ടില്ല എന്നതും ഈ 53ാം വയസ്സുകാലത്ത് ഉഷയ്ക്ക് അഭിമാനിക്കാവുന്ന വകയാണ്. പക്ഷേ, പി ടി ഉഷയ്ക്ക് കോഴിക്കോട് കോര്‍പറേഷന്‍ സൗജന്യമായി സ്ഥലം നല്‍കണം. നല്‍കണമെന്നു മാത്രമല്ല, സംസ്ഥാന ഭവനനിര്‍മാണ വകുപ്പ് സൗജന്യമായി ഉഷ നിര്‍ദേശിക്കുന്ന പ്ലാനിലും വിസ്തൃതിയിലും മികച്ച ആര്‍ക്കിടെക്ടിനെ നിയമിച്ച് വീട് പണിതു ഗൃഹപ്രവേശം ഉഷാറാക്കുകയും വേണം. അല്ലെങ്കില്‍ ഇടതു മന്ത്രിസഭയുടെ മൂക്കിനു പിടിച്ച് ‘ക്ഷ’ വരപ്പിച്ച് ഉഷയും ശ്രീനിവാസനും കൂടി അതു നിര്‍വഹിച്ചിരിക്കും. എന്റെ ആശങ്ക ഇതൊന്നുമല്ല. ഒരു കഴിവുള്ള അത്‌ലറ്റ് അല്ലെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പരിശീലക എന്നതിനപ്പുറം ഈ ഉഷയെ രാജ്യം ഇവ്വിധം തലയില്‍ ചുമക്കേണ്ട ആവശ്യമെന്ത്? ഇന്ത്യയിലെമ്പാടും മികച്ച അത്‌ലറ്റുകളില്‍ എത്രയോ പേര്‍ നരകിച്ചു ജീവിക്കുന്നുണ്ട്. ഒളിംപ്യന്‍മാരായ പലരും കേരളത്തില്‍ തന്നെ സ്വന്തമായി വീടില്ലാതെ അരിഷ്ടിച്ചുകഴിയുന്നു. ഇവര്‍ക്കൊക്കെ ന്യായമായത് കാലാകാലം കൊടുത്താല്‍ ഉഷയുടെ ആവശ്യങ്ങളും അത്യാഗ്രഹങ്ങളും ന്യായമെന്നു പറയാം. അല്ലാതെ ചിത്രയ്ക്ക് നല്‍കിയതുപോലെ ചവിട്ടിത്താഴ്ത്തല്‍ നയം നിരവധി കായികതാരങ്ങളോട് അനുഷ്ഠിക്കുന്ന ഉഷയ്ക്ക് വരവുചെലവു നോക്കി വേണം ആനുകൂല്യങ്ങള്‍ നല്‍കാന്‍. ഉഷ ഇന്‍കം ടാക്‌സ് നല്‍കുന്ന സമ്പന്നയാണെങ്കില്‍ ആ ഗ്രേഡ് കൂടി രാജ്യനിവാസികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss