|    Nov 13 Tue, 2018 11:10 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇത് ദേശീയ ദുരന്തം തന്നെ

Published : 19th August 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍  – അംബിക

എന്തുകൊണ്ടാണ് കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തത്തെ ഇനിയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ എന്തെങ്കിലും ഉത്തരമുണ്ടോ എന്നറിയില്ല. എന്തായാലും യുദ്ധസമാന സാഹചര്യമെന്ന രീതിയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായി സേനാവിഭാഗങ്ങള്‍ ഇടപെടേണ്ട സാഹചര്യം നിലനില്‍ക്കുന്നു എന്ന കാര്യം ദുരന്തം നേരിട്ടുകണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബോധ്യമാവേണ്ടതാണ്. പിന്നെ എന്തുകൊണ്ടാണ് കേരളത്തിന്റെ നിലവിളി കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കാതെ പോവുന്നത്? എന്തായാലും രാഷ്ട്രീയം കളിക്കാനുള്ള സമയമായി ദയവു ചെയ്ത് ഈ ദുരന്തത്തെ കാണരുത്. ഇവിടെ നിന്ന് ഉയരുന്നത് മനുഷ്യന്റെ നിസ്സഹായതയുടെ നിലവിളികളാണ്.
”ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്റ്റര്‍ താ… ഞാന്‍ കാലുപിടിച്ചു പറയാം, ഞങ്ങളെ ഒന്നു സഹായിക്ക്… എന്റെ നാട്ടുകാര് മരിച്ചുപോവും. എയര്‍ ലിഫ്റ്റിങല്ലാതെ ഇവിടെ വേറെ വഴിയില്ല. മല്‍സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്ന് ഞങ്ങള്‍ ആവുന്നത് ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാവുന്നില്ല. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോവും… സഹായിക്ക് പ്ലീസ്…” ഇത് കേരളത്തിലെ ഭരണകക്ഷി എംഎല്‍എയായ, ചെങ്ങന്നൂരിന്റെ ജനപ്രതിനിധി സജി ചെറിയാന്റെ കണ്ണീരില്‍ കുതിര്‍ന്ന നിലവിളിയാണ്. പക്ഷേ, അതൊന്നും ആരും കേട്ടില്ലെന്നു വേണം കരുതാന്‍.
സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പൂര്‍ണ പരാജയമാണെന്നാണ് വി ഡി സതീശന്‍ എംഎല്‍എ മീഡിയകളോട് പറഞ്ഞത്. മൂന്നുദിവസം പിന്നിട്ടിട്ടും 25,000 പേര്‍ കുടുങ്ങിക്കിടക്കുന്ന എറണാകുളം പറവൂര്‍ ഭാഗങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രത്തിന്റെയോ ഭക്ഷണമടക്കമുള്ള യാതൊരുവിധ സഹായവും എത്തിയിട്ടില്ല. ഒറ്റപ്പെട്ട മേഖലകളില്‍ നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും മല്‍സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 2000 കോടി ദുരിതാശ്വാസം ചോദിച്ച കേരളത്തിന് അതിന്റെ നാലിലൊന്നായ 500 കോടിയാണ് പ്രധാനമന്ത്രി അടിയന്തര സഹായമായി അനുവദിച്ചിട്ടുള്ളത്.
ഈ യുദ്ധസമാന സാഹചര്യത്തില്‍ പോലും മോദി ഭരണകൂടം പുലര്‍ത്തുന്ന മനുഷ്യത്വവിരുദ്ധവും നിരുത്തരവാദപരവുമായ നിലപാട് പ്രധാനമന്ത്രിപദവിക്ക് ഒട്ടും യോജിച്ചതല്ല. യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പോലും കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ഭരണകൂടം പ്രത്യേക സെല്‍ രൂപീകരിച്ച് സഹായമെത്തിക്കുന്ന സാഹചര്യത്തിലാണ് നമ്മുടെ കേന്ദ്ര ഭരണകൂടം സംസ്ഥാനത്തെ ദുരിതബാധിതരോട് ഇത്തരം നെറികേട് കാണിക്കുന്നത്. ഇതെഴുതുന്ന സമയത്ത് ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ രോഗികളും വൃദ്ധരും കുഞ്ഞുങ്ങളുമടങ്ങുന്ന ആയിരക്കണക്കിനു മനുഷ്യര്‍ കഴിഞ്ഞ മൂന്നുദിവസം പിന്നിട്ടിരിക്കുന്നു. നിരവധിപേര്‍ മരണത്തിനു കീഴടങ്ങിയിരിക്കുന്നതായുള്ള ദുഃഖകരമായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
സൈന്യത്തിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നത് വാസ്തവമാണ്. പക്ഷേ, അതു തീര്‍ത്തും അപര്യാപ്തമാണെന്നതാണ് വസ്തുത. ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഓഖി ദുരന്തമുഖത്ത് പുറംതിരിഞ്ഞുനിന്ന പൊതുസമൂഹത്തോടും സംസ്ഥാന സര്‍ക്കാരിനോടും അവര്‍ ജീവന്‍ പണയംവച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തിയാണ്, നിസ്സഹായരായ നിരവധിപേരുടെ ജീവന്‍ രക്ഷിച്ചുകൊണ്ടാണ് മറുപടി നല്‍കുന്നത്. ആലപ്പുഴയിലും ചെങ്ങന്നൂരിലുമെല്ലാം നിരവധി മല്‍സ്യബന്ധന ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍, ബോട്ടുകള്‍ പിടിച്ചെടുക്കുന്നതിനുള്ള ഉത്തരവ് മന്ത്രി ജി സുധാകരന്‍ നല്‍കിയതായുള്ള വാര്‍ത്തകളും അതിനിടയില്‍ തന്നെ വന്നുവെന്നതും ശ്രദ്ധേയമാണ്. രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മ, കാര്യക്ഷമതയില്ലായ്മ, മുന്നനുഭവങ്ങളുടെ കുറവ് തുടങ്ങി നിരവധി പ്രതിസന്ധികള്‍ സംസ്ഥാനം നേരിടുന്നുണ്ട്. അതേസമയം, സൈന്യത്തെ പൂര്‍ണ ചുമതല ഏല്‍പിക്കണമെന്ന ആവശ്യവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്.
ഇത്തരമൊരു ദുരന്തത്തിനിടയിലും ഇതരസംസ്ഥാന തൊഴിലാളികളെ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് ഇറക്കിവിട്ടതായുള്ള ദുഃഖകരമായ വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ അന്നന്നത്തെ കച്ചവടത്തിനായി കൊണ്ടുവന്ന കമ്പിളിപ്പുതപ്പുകള്‍ ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ക്ക്, അവരുടെ കഷ്ടപ്പാട് കണ്ട് വിതരണം ചെയ്തതായുള്ള വാര്‍ത്തകള്‍ ഏതാനും ദിവസം മുമ്പ് മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.
സംസ്ഥാനത്ത് 44 നദികളിലായി 42 അണക്കെട്ടുകളുണ്ട്. ഇടുക്കിയില്‍ 12ഉം പാലക്കാട്ട് 11ഉം അണക്കെട്ടുകളുണ്ട്. എന്തിനാണ് ഇത്രയധികം അണക്കെട്ടുകളെന്ന ചോദ്യം ഉയര്‍ത്തേണ്ടതുണ്ട്. പുതിയ അണക്കെട്ടുകള്‍ക്കും ആതിരപ്പിള്ളി പോലുള്ള വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കും മുറവിളികൂട്ടുന്നവര്‍ കാര്യങ്ങള്‍ തിരിച്ചറിയണം. പുഴകള്‍ സ്വന്തം ഇടങ്ങള്‍ തിരിച്ചുപിടിക്കുന്നതും മലഞ്ചെരിവുകളില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പ്രകൃതി തന്നെ തകര്‍ത്തെറിയു ന്നതും നാം കണ്ടിരിക്കുന്നു. ദേശീയ ജലപാതാപദ്ധതിക്ക് കോപ്പുകൂട്ടുന്നവര്‍ ഇക്കാര്യങ്ങളൊക്കെ ഓര്‍ത്താല്‍ നന്ന് എന്നു മാത്രമാണു പറയാനുള്ളത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss