|    Feb 25 Sat, 2017 6:09 am
FLASH NEWS

ഇത് തുടക്കം മാത്രമെന്ന് മോദി

Published : 23rd November 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച നടപടി കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്നും തന്റെ നടപടി പാവപ്പെട്ടവരെ സഹായിക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ ഈ നടപടി സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച ഗോവയില്‍ നടത്തിയ പ്രസംഗത്തെപ്പോലെ വികാരാധീനനായി തന്നെയായിരുന്നു മോദി ഇന്നലെ ബിജെപി എംപിമാരെയും അഭിസംബോധന ചെയ്തത്. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തെറ്റായ വിവരങ്ങളാണു പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ പ്രചാരണങ്ങള്‍ മറികടക്കാന്‍ പൊതുജനങ്ങളെ പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു.
കള്ളപ്പണം കൊണ്ട് ഏറെ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരും മധ്യവര്‍ഗവുമാണ്. കള്ളപ്പണവും അഴിമതിയും വ്യാജ നോട്ടുകളും തുടച്ചുനീക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ പിന്തുണച്ചുകൊണ്ട് ബിജെപി എംപിമാര്‍ യോഗത്തില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. നടപടിയെ എതിര്‍ക്കുന്ന പ്രതിപക്ഷം രാജ്യത്തെ ജനങ്ങള്‍ക്കും സര്‍ക്കാരിനുമൊപ്പമാണോ അതോ കള്ളപ്പണക്കാര്‍ക്കൊപ്പമാണോ എന്നു വ്യക്തമാക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് പ്രമേയം അവതരിപ്പിച്ചത്. നോട്ട് നിരോധനത്തില്‍ മോദിയെ വാനോളം പുകഴ്ത്തിയും പൂര്‍ണപിന്തുണ പ്രഖ്യാപിച്ചുമാണ് യോഗം പ്രമേയം പാസാക്കിയത്. നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായ കുരിശുയുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നു പ്രമേയം കുറ്റപ്പെടുത്തി.
നോട്ട് പിന്‍വലിച്ചത് സംബന്ധിച്ചു പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യോഗത്തില്‍ വ്യക്തമാക്കി. നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം വളരെ വലുതാണ്. അതിനു പ്രത്യേകമായ ധൈര്യം വേണം. കഴിഞ്ഞ 70 വര്‍ഷമായി രാജ്യം ഒരേ രീതിയില്‍ തുടര്‍ന്നുവരുകയായിരുന്നു. എന്നാല്‍, അതിന് പുതിയൊരു മാറ്റമാണ് മോദി തന്റെ പ്രഖ്യാപനത്തിലൂടെ വരുത്തിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ളവര്‍ അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്തുണ നല്‍കുന്നു. ചരിത്രപരമായ ഒരു നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പമാണോ അതോ കള്ളപ്പണക്കാര്‍ക്കൊപ്പമാണോ നില്‍ക്കേണ്ടതെന്നു പ്രതിപക്ഷം തീരുമാനിക്കണമെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. നടപടി രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് മന്ത്രി അനന്ദ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി എങ്ങനെ സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്നത് സംബന്ധിച്ചു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരിച്ചു.
അതേസമയം, നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ മോദി ജനങ്ങളോട് അഭിപ്രായം തേടിയിട്ടുണ്ട്. ആപ്പിലൂടെ നടത്തുന്ന സര്‍വേയില്‍ ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. നോട്ടുകള്‍ നിരോധിച്ച തീരുമാനത്തോടുള്ള നിങ്ങളുടെ പ്രതികരണം അറിയാന്‍ ആഗ്രഹമുണ്ട്. ജനഹിതമറിയാനുള്ള സര്‍വേയില്‍ ഭാഗമാവൂ എന്നാണ് മോദി ട്വിറ്ററിലൂടെ അറിയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക