|    Jul 22 Sat, 2017 4:24 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇത് കേരളം ഭയക്കേണ്ട വര്‍ഗീയത

Published : 16th July 2017 | Posted By: G.A.G

എ അബ്ദുല്‍ സത്താര്‍ (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി)

കേരളത്തിലെ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളിലും വ്യക്തമായ തിരിച്ചറിവിന്റെ കാലത്തിലൂടെ ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഡോ. ഹാദിയ ഇസ്‌ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി മുതല്‍ ദേശവ്യാപകമായി വര്‍ധിച്ച തല്ലിക്കൊലകള്‍ വരെയുള്ള സംഭവവികാസങ്ങള്‍ ഏറെ ആശങ്കയോടെയാണ് സമുദായം വീക്ഷിക്കുന്നത്. സയണിസ്റ്റ്-സാമ്രാജ്യത്വ ശക്തികളുടെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി ആഗോളതലത്തില്‍ ഇസ്‌ലാംഭീതി ശക്തിപ്പെടുകയും ഇന്ത്യയുടെ പല ഭാഗത്തും മുസ്‌ലിം യുവാക്കള്‍ തീവ്രവാദ-ഭീകരവാദ ആരോപണങ്ങള്‍ക്ക് ഇരകളാവുകയും ചെയ്തപ്പോള്‍ കേരളത്തിലെ മുസ്‌ലിം മുഖ്യധാര പൊതുവെ ആശ്വാസത്തിലായിരുന്നു. അത്തരം ഇസ്‌ലാംവിരുദ്ധ പൊതുബോധത്തില്‍ നിന്നു വേറിട്ട ഒരു വിശ്വാസ്യത ആര്‍ജിക്കാനും നിലനിര്‍ത്താനും കേരളത്തിന്റെ മണ്ണ് പര്യാപ്തമാണെന്ന വിശ്വാസമായിരുന്നു ഈ ആശ്വാസത്തിനു പിന്നില്‍. ഇസ്‌ലാംഭീതിയുടെ ഇന്ത്യന്‍വക്താക്കള്‍ നീട്ടിവരച്ച ട്രാക്കില്‍ തീവ്രവാദ വിരുദ്ധ കാംപയിനുകള്‍ നടത്തി മതേതര പ്രതിച്ഛായ ശക്തിപ്പെടുത്താന്‍ നടത്തിയ ആത്മാര്‍ഥ ശ്രമങ്ങള്‍ പലതും ഇന്നു വൃഥാവിലായി. സംസ്ഥാന പോലിസ് മേധാവി സ്ഥാനത്തുനിന്നു വിരമിച്ചശേഷം ടി പി സെന്‍കുമാര്‍ കേരളത്തിലെ മുസ്‌ലിംകളെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ ഞെട്ടലോടുകൂടിയല്ലാതെ സമുദായത്തിനു വായിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്.
മുസ്‌ലിം സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ പാരമ്യത്തില്‍ നിര്‍ത്തുന്ന ഏറെ വിഭാഗീയമായ പരാമര്‍ശങ്ങളാണ് സെന്‍കുമാറില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. തീവ്രവാദം സംബന്ധിച്ച സമുദായത്തിന്റെ പൊതുസമീപനം മുതല്‍, മുസ്‌ലിമായി ജനിച്ചുവീഴുന്ന ഒരു കുഞ്ഞ് പോലും സമൂഹത്തില്‍ അപകടകരമായ സ്വാധീനം ചെലുത്തുന്നുവെന്ന തീര്‍ത്തും വര്‍ഗീയമായ കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. തികച്ചും യാദൃച്ഛികമോ ഒറ്റപ്പെട്ടതോ ആയ ഒരു വെളിപ്പെടുത്തലായി വിവാദ പരാമര്‍ശങ്ങളെ കാണാന്‍ കഴിയില്ല. പ്രമുഖ വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍, തന്റെ സര്‍വീസ് കാലയളവില്‍ കൈകാര്യം ചെയ്തതും ഇടപെട്ടതുമായ നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം വളരെ വ്യക്തതയോടെ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. പോലിസ് സേനയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ മുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കു തിരികൊളുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതില്‍പ്പെടുന്നു. ഇതുസംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളുടെ ആധികാരികത തള്ളിപ്പറയാനും സെന്‍കുമാര്‍ തയ്യാറായിട്ടില്ല.
മുസ്‌ലിം സമുദായത്തില്‍ ഡീ റാഡിക്കലൈസേഷന്‍ നടക്കണമെന്ന് പറയുമ്പോള്‍ അതില്‍ നിഴലിക്കുന്നത് ഒരു സമുദായത്തെ ഒന്നാകെയും അതിന്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം എത്രത്തോളം തീവ്രമായി ചിത്രീകരിക്കുന്നുവെന്നതാണ്. സെന്‍കുമാറിന്റെ നോട്ടത്തില്‍ തീവ്രവും മൗലികവുമായി തോന്നിയ കാഴ്ചപ്പാടുകളെ നിര്‍വീര്യമാക്കാന്‍ 512 പേരെ തിരഞ്ഞെടുത്ത് നിയോഗിച്ചിരിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് ഇതില്‍ ഏറ്റവും അപകടകരം. രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പ്രഫഷനലുകളുമടക്കം 250ല്‍പ്പരം മുസ്‌ലിംകളുടെ ഇ-മെയില്‍ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള പോലിസ് നീക്കവും മറ്റും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. വിവിധ വിഭാഗങ്ങള്‍ ഒരുമിച്ച് കഴിയുന്ന ജനാധിപത്യ സമൂഹത്തില്‍ പ്രത്യേക സമുദായത്തിനുള്ളിലേക്ക് നിഗൂഢദൗത്യവുമായി ഒരു സംഘത്തെ നിയോഗിക്കാനുള്ള തീരുമാനം എവിടെ രൂപംകൊണ്ടുവെന്നും തിരഞ്ഞെടുക്കപ്പെട്ട 512 പേര്‍ ആരൊക്കെയെന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒരു ഏകാധിപതിയെപ്പോലെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ സെന്‍കുമാറിന് ആര് അധികാരം നല്‍കിയെന്നും പോലിസ് തലപ്പത്തിരുന്ന് സെന്‍കുമാര്‍ ആരുടെ അജണ്ടകളാണ് നടപ്പാക്കിയത് എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ ബാക്കിയാവുന്നു.
വിവാദ കോലാഹലമുണ്ടാക്കിയ ‘ലൗ ജിഹാദ്’ കേരളത്തില്‍ ഇല്ലെന്ന് ഉത്തരവിട്ടത് കോടതിയാണ്. അതിന് ആസ്പദമായ റിപോര്‍ട്ട് നല്‍കിയത് പോലിസാണ്. പോലിസും കോടതിയും നിയമപരമായി തീര്‍പ്പുകല്‍പ്പിച്ചിട്ടും അത് ഉള്‍ക്കൊള്ളാനാവാത്ത മനസ്സുമായാണ് ഇത്രയും കാലം സെന്‍കുമാര്‍ പോലിസ് തലപ്പത്തെ നിര്‍ണായക തസ്തികകള്‍ കൈകാര്യം ചെയ്തത്. ‘ലൗ ജിഹാദ്’ ഹിന്ദുത്വസൃഷ്ടിയാണെന്ന വസ്തുത 2012ലാണ് പോലിസ് കണ്ടെത്തിയത്. പോലിസിന്റെ കണ്ടെത്തലിനേക്കാളും കോടതിയുടെ തീര്‍പ്പിനേക്കാളും സംഘപരിവാരത്തിന്റെ വിഷലിപ്തമായ ആശയപ്രതലമാണ് സെന്‍കുമാര്‍ എന്ന പോലിസ് മേധാവിയുടെ ചിന്തകളെ നയിച്ചതെങ്കില്‍, അധികാരത്തിലിരുന്ന് അദ്ദേഹം ഇക്കാലമത്രയും സ്വീകരിച്ച ഓരോ നടപടിയും പുനപ്പരിശോധിക്കപ്പെടേണ്ടതുണ്ട്.
തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്ന രഹസ്യാന്വേഷണ റിപോര്‍ട്ട് പിറവിയെടുക്കുന്നതും സെന്‍കുമാര്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതല വഹിക്കുമ്പോഴാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നയങ്ങളെയും ഭീകരവാദത്തെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെയും തേജസ് വിമര്‍ശിക്കുന്നുവെന്നതായിരുന്നു രഹസ്യാന്വേഷണ റിപോര്‍ട്ടിന്റെ കാതല്‍. തികച്ചും നിക്ഷിപ്ത താല്‍പര്യത്തോടെ രൂപം നല്‍കിയ ഈ റിപോര്‍ട്ടിനപ്പുറം, തേജസിന് പരസ്യം നിഷേധിക്കാനുള്ള കാരണമായി വസ്തുതാപരമായ ഒരു കാര്യം പോലും ചൂണ്ടിക്കാട്ടാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും തേജസിനെതിരായ നീതിനിഷേധം തുടരുകയാണ്. ആര്‍എസ്എസിനെ ഐഎസിനോട് താരതമ്യം ചെയ്യുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്ന ഒരു മനസ്സിന്റെ ഉടമയ്ക്ക് പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നതിനെതിരായ റമദാന്‍ പ്രസംഗം കുറ്റകൃത്യമായി തോന്നുക സ്വാഭാവികം. പച്ചമനുഷ്യരെ തെരുവില്‍ തല്ലിക്കൊല്ലുന്നതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതം ഇത്തരം പ്രസംഗങ്ങളില്‍ കാണാന്‍ കഴിയുന്നുവെങ്കില്‍, ഹിംസയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് എത്രത്തോളം കീഴ്‌പ്പെട്ടയാളാണ് നമ്മുടെ പോലിസ് സംവിധാനത്തിന്റെ തലപ്പത്തിരുന്നത് എന്ന അപകടമാണ് നാം തിരിച്ചറിയേണ്ടത്. സെന്‍കുമാറിന് വേണ്ടി സൗജന്യമായി കേസ് വാദിച്ചത് തെറ്റായിപ്പോയെന്ന സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ പ്രസ്താവന ഈ അപകടത്തെക്കുറിച്ചുള്ള വൈകിയുണ്ടായ ബോധ്യപ്പെടലിന്റെ പ്രതിഫലനമാണ്. ഇദ്ദേഹം സര്‍വീസിലിരുന്ന കാലത്ത് ചുമത്തപ്പെട്ട യുഎപിഎ കേസുകളിലടക്കം ഇത്തരം ഫാഷിസ്റ്റ് ചിന്തയുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നതിന് ഇനിയും തെളിവന്വേഷിക്കുന്നത് മൗഢ്യമാണ്. കുറ്റപത്രം സമര്‍പ്പിക്കാത്ത 162 യുഎപിഎ കേസുകളില്‍ 42 എണ്ണം പിന്‍വലിക്കാനുള്ള ലോക്‌നാഥ് ബെഹ്‌റയുടെ കാലത്തെ തീരുമാനത്തില്‍ ടി പി സെന്‍കുമാര്‍ അതൃപ്തനായിരുന്നുവെങ്കിലും സിപിഐ അടക്കമുള്ള കക്ഷികളുടെ ഉറച്ച നിലപാട് മൂലമാണ് തീരുമാനം നിലനിന്നത്. അതുകൊണ്ടുതന്നെ സെന്‍കുമാര്‍ സര്‍വീസിലിരുന്ന കാലത്തെ മുഴുവന്‍ യുഎപിഎ കേസുകളും പുനപ്പരിശോധിക്കപ്പെടണമെന്ന ആവശ്യത്തിന് പ്രസക്തിയേറെയാണ്. മലപ്പുറം ജില്ല കേന്ദ്രീകരിച്ചും മുസ്‌ലിം തീവ്രവാദമെന്ന ആരോപണത്തെ കേന്ദ്രീകരിച്ചും രഹസ്യാന്വേഷണ റിപോര്‍ട്ടുകളെ ആധാരമാക്കി പ്രചരിച്ച നിറംപിടിപ്പിച്ച പല കഥകള്‍ക്കും പിന്നില്‍ സെന്‍കുമാറിന്റെ പോലിസ് ബുദ്ധിക്ക് പങ്കുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്ന് പുറത്തുവരുന്നത്.
ഏറെ ഭയാനകമായ മൗനമാണ് മതനിരപേക്ഷ കേരളം ഇത്തരം പ്രസ്താവനകളോട് പുലര്‍ത്തുന്നത്. നിഷ്പക്ഷമായി നില്‍ക്കേണ്ട നിയമവാഴ്ച അതിതീവ്ര വലതുപക്ഷ നിലപാടിലേക്ക് ഒരു സംവിധാനത്തെ മുഴുക്കെ തിരിച്ചുനിര്‍ത്തുകയാണ്. 20 കൊല്ലം കൊണ്ട് കേരളം മുസ്‌ലിം ഭൂരിപക്ഷ സമുദായമായി മാറുമെന്ന മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഡല്‍ഹിയിലെ പ്രസ്താവന അദ്ദേഹത്തിന്റെ വെറും തോന്നലുകളുടെ പ്രതിഫലനമായി കാണാന്‍ കഴിയില്ല. ‘ലൗ ജിഹാദ്’ സംബന്ധമായി തികഞ്ഞ മുന്‍വിധി പുലര്‍ത്തിപ്പോരുന്ന സെന്‍കുമാര്‍ അടക്കമുള്ള പോലിസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്നത്തെ വിവാദ പ്രസ്താവനയ്ക്ക് പിന്നിലുണ്ടായിരുന്നു. തന്റെ വാക്കുകള്‍ സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ചു പോലും ചിന്തിക്കാതെയാണ് വി എസ് അന്നത് തട്ടിവിട്ടത്. കെട്ടിച്ചമച്ച ആയുധപരിശീലന കഥയുടെ മറവില്‍ നാറാത്ത് നിന്നു കസ്റ്റഡിയിലെടുത്ത 21 ചെറുപ്പക്കാര്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ തീരുമാനിക്കുമ്പോള്‍, അത് സെന്‍കുമാറിന്റെ വര്‍ഗീയ മനസ്സില്‍ കുരുത്ത കുതന്ത്രമാണെന്ന് മനസ്സിലാക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞില്ല. കേരള ഹൈക്കോടതി ഈ കേസില്‍ 153 എയും യുഎപിഎയും നിലനില്‍ക്കില്ലെന്ന് വിധിച്ചു. മാറാട് കേസ് എന്‍ഡിഎഫിനു മേല്‍ ചാര്‍ത്താന്‍ പിണറായി വിജയന്‍ തിടുക്കം കാട്ടിയതിനു പിന്നിലും പോലിസിലെ ഇത്തരം നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഇടപെടലുണ്ട്. പ്രസ്തുത കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ഹാജരായ കുമ്മനം രാജശേഖരന് അന്നത്തെ അസിസ്റ്റന്റ് കമ്മീഷണര്‍ നീരാ റാവത്ത് തയ്യാറാക്കിയ അതീവ രഹസ്യസ്വഭാവമുള്ള റിപോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് സെന്‍കുമാര്‍ സംഭവത്തിലൂടെ പുറത്തുവരുന്നത്.
തീവ്ര വര്‍ഗീയ മനസ്സോടെ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന സംഘിമനസ്സുകള്‍ക്ക് ഉദ്യോഗസ്ഥ മേഖലയില്‍ സ്വാധീനം ലഭിച്ചിട്ടുണ്ടെന്ന തിരിച്ചറിവ് കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് ഉണ്ടാവേണ്ട സന്ദര്‍ഭം കൂടിയാണിത്. നിയമവാഴ്ച നിലനില്‍ക്കുന്ന നാട്ടില്‍ അധികാരവും പദവികളും സ്വന്തം മനോനിലയ്ക്ക് അനുസൃതമായി വിനിയോഗിച്ചിട്ടുണ്ടെങ്കില്‍, അത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയായാണ് കണക്കാക്കേണ്ടത്. സേനയുടെ തലപ്പത്തിരിക്കുന്നവര്‍ രോഗത്തിന് അടിപ്പെടുന്നുവെങ്കില്‍ അവരെ ശക്തമായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ ശക്തമായ അന്വേഷണവും തുടര്‍നടപടികളും ഉണ്ടാവേണ്ടതുണ്ട്.                                                  ി

(പോപുലര്‍ ഫ്രണ്ട് ഓഫ്
ഇന്ത്യ സംസ്ഥാന
സെക്രട്ടറിയാണു ലേഖകന്‍.)

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക