|    Jun 22 Fri, 2018 1:39 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഇത് ഇരട്ടനീതിയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

Published : 27th February 2016 | Posted By: SMR

മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കിയശേഷം ജയില്‍മുക്തനായ സഞ്ജയ്ദത്തിന് അനര്‍ഹമായ ഇളവുകള്‍ നല്‍കിയോ അധികൃതര്‍? സഞ്ജയ്ദത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ല എന്ന അധികൃതരുടെയും നടന്റെയും വാദങ്ങള്‍ അംഗീകരിച്ചാല്‍ തന്നെയും ഒരു ചോദ്യം അവശേഷിക്കുന്നുണ്ട് – എത്രവേഗത്തിലാണ് അദ്ദേഹത്തിന്റെ കേസ് വിചാരണയും ശിക്ഷയും പൂര്‍ത്തിയായത്. കേസിലെ കൂട്ടുപ്രതിയായ ഇബ്രാഹീം മൂസാ ചൗഹാന്‍ ഇപ്പോഴും ജയിലിലാണ്. എന്നാല്‍, അയാള്‍ക്കു ലഭിച്ച ശിക്ഷായിളവ് ജയില്‍ ഐജി റദ്ദാക്കി.
സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും വരേണ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും ഒരു നീതി, സാധാരണക്കാര്‍ക്ക് മറ്റൊരു നീതി എന്നതാണ് ഇന്ത്യയില്‍ ഇപ്പോഴുള്ള അവസ്ഥ. സല്‍മാന്‍ഖാന്റെ കാര്യം നോക്കുക. വാഹനാപകടക്കേസില്‍ വിചാരണക്കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ച ദിവസം തന്നെ ഹൈക്കോടതി ജാമ്യം നല്‍കി. കേസ് ഇപ്പോള്‍ സുപ്രിംകോടതിയിലാണ്. പക്ഷേ, സല്‍മാന്‍ഖാന്‍ ഒറ്റദിവസംപോലും ജയിലില്‍ കിടന്നിട്ടില്ല. അതേസമയം, ചെറിയ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍പ്പെട്ട സാധാരണക്കാര്‍പോലും വര്‍ഷങ്ങളായി വിചാരണത്തടവുകാരായി കഴിയേണ്ടിവരുന്നു. കേസില്‍ തീവ്രവാദവും രാജ്യദ്രോഹവും മറ്റും ആരോപിക്കപ്പെടുന്നുണ്ടെങ്കില്‍ അനന്തമായ ജയില്‍വാസം തന്നെയാവും വിധി. അബ്ദുന്നാസിര്‍ മഅ്ദനി ഉദാഹരണമാണ്. പരപ്പനങ്ങാടി സ്വദേശിയായ സക്കരിയ്യ എന്തു കുറ്റമാണ് ചെയ്തതെന്ന് ആര്‍ക്കുമറിയില്ല. പക്ഷേ, ഇതേവരെ ജയില്‍മോചിതനായിട്ടില്ല. ഭീകരവാദക്കേസില്‍പ്പെട്ട് 14 വര്‍ഷം ജയിലില്‍ കിടന്നശേഷമാണ് മുഹമ്മദ് ആമിര്‍ഖാനെ കോടതി നിരപരാധിയെന്നു കണ്ടു വിട്ടയച്ചത്. ഇങ്ങനെ ഒരുപാടുപേര്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നു നരകിക്കുമ്പോള്‍ സിനിമാതാരങ്ങള്‍ അതിശീഘ്രം ജാമ്യം നേടി പുറത്തുവരുന്നതിന് എന്തു ന്യായീകരണം?
ഉന്നതരായ ആളുകള്‍ക്ക് ജയിലില്‍ ലഭിക്കുന്ന സുഖസൗകര്യങ്ങളുടെ കാര്യം പറയാനുമില്ല. ശാരദാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയത് വിവാദമായിരുന്നു. കേരളത്തില്‍ സിപിഎം നേതാവായ പി ജയരാജന് ആശുപത്രികള്‍തോറും കയറ്റിയിറക്കി ‘വിദഗ്ധ ചികില്‍സ’ നല്‍കുന്നത് രോഗത്തിന്റെ ഗുരുതരാവസ്ഥകൊണ്ടല്ലെന്ന് ആര്‍ക്കാണറിയാത്തത്? ജയരാജനു പകരം സാധാരണക്കാരനായ ഒരാളായിരുന്നു തല്‍സ്ഥാനത്തെങ്കില്‍ എന്തായേനെ അവസ്ഥ? നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ് എന്നൊക്കെ പറയാന്‍കൊള്ളാം, പക്ഷേ, ചിലര്‍ കൂടുതല്‍ സമന്മാരാണ് എന്നതാണു സത്യം.
ഈ അവസ്ഥയോട് ചേര്‍ത്തുവായിക്കേണ്ടതാണ് അഫ്‌സല്‍ ഗുരുവിന് നല്‍കിയ വധശിക്ഷയെക്കുറിച്ചുള്ള മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവന. അഫ്‌സല്‍ ഗുരു വരേണ്യവര്‍ഗത്തില്‍പ്പെട്ട ആളല്ല. അതിനാല്‍ അറസ്റ്റും വിചാരണയും കൊലയുമെല്ലാം എളുപ്പത്തില്‍ നടന്നു. ഒരാളുടെ ജീവനെടുത്തശേഷം വിചാരണയും ശിക്ഷാവിധിയും സംശയാസ്പദമാണെന്നു പറഞ്ഞിട്ടെന്ത്? അതേസമയം, വേറെ ചിലര്‍ക്ക് അനാവശ്യമായ ഇളവുകള്‍ നല്‍കുകയും ചെയ്യുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss