|    Apr 24 Tue, 2018 10:18 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇത് ഇന്‍തിഫാദ തന്നെ

Published : 25th October 2015 | Posted By: SMR

റംസി ബറൂദ്

2002ല്‍ എന്റെ ‘സെര്‍ച്ചിങ് ജനീന്‍’ പുറത്തിറങ്ങിയപ്പോള്‍ പല മാധ്യമപ്രവര്‍ത്തകരും വായനക്കാരും പുസ്തകത്തില്‍ കൂട്ടക്കൊല എന്ന വാക്ക് ഉപയോഗിച്ചതിനെപ്പറ്റി ചോദിച്ചിരുന്നു. ഫലസ്തീനിലെ ഭീകരര്‍ക്കെതിരായി തങ്ങള്‍ നിയമസാധുതയുള്ള പോരാട്ടം നടത്തുകയാണ് എന്നായിരുന്നു ഇസ്രായേലിന്റെ വാദം. ഇസ്രായേല്‍ ചെയ്യുന്ന യുദ്ധക്കുറ്റങ്ങളെ ഒരു ഭാഷാപ്രയോഗത്തിന്റെ സാങ്കേതികതയില്‍ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്തരം സംശയങ്ങള്‍. ചോദ്യകര്‍ത്താക്കള്‍ക്ക് ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ഒരു പ്രശ്‌നമായിരുന്നില്ല. ഇങ്ങനെയുള്ള ലഘൂകരണം അറബ്-ഇസ്രായേലി സംഘര്‍ഷം എന്നു വിളിക്കപ്പെടുന്ന പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചകളിലൊക്കെയുണ്ട്. അതിനെക്കുറിച്ചുള്ള ഏതു ചര്‍ച്ചയും ധ്രുവീകരിക്കപ്പെട്ട സംജ്ഞാവലികളിലൂടെ നിര്‍വചിക്കപ്പെടുകയോ വിശദീകരിക്കപ്പെടുകയോ ചെയ്യുന്നു. അപ്പോള്‍ വസ്തുതകളും സന്ദര്‍ഭങ്ങളും അപ്രസക്തമാകുന്നു. വ്യാഖ്യാനങ്ങള്‍ക്കും ധാരണകള്‍ക്കുമാണ് പിന്നെ മുന്‍തൂക്കം. അത്തരം സംവാദങ്ങളില്‍ തുടര്‍ച്ചയായി വെടിയേറ്റുമരിച്ച 28കാരന്‍ ഇസ്‌റാ ആബിദോ തൊട്ടുമുമ്പ് കൊല്ലപ്പെട്ട 19കാരനായ ഫാദി സമീറോ കടന്നുവരില്ല. ആത്മരക്ഷയ്ക്കായി കത്തിയെടുക്കേണ്ടിവന്നവരായിരുന്നു ഈ ഫലസ്തീനി യുവാക്കള്‍. ഒരുതരത്തിലും പ്രകോപനം സൃഷ്ടിക്കാതിരുന്ന അവരെ പോലിസ് ക്രൂരമായി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നു വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, അപ്പോഴും മാധ്യമങ്ങള്‍ ഇസ്രായേലി ആഖ്യാനമാണ് സ്വീകരിച്ചത്. ഇസ്രായേലി പൗരന്‍മാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന ഭീകരരാണവര്‍. നിര്‍മൂലനം ചെയ്യപ്പെടേണ്ടവര്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ ഫലസ്തീനില്‍ സായുധസംഘങ്ങളോ ഗുണ്ടാപ്പടയോ ആയി പ്രവര്‍ത്തിച്ച സയണിസ്റ്റ് പോരാളികളെ- ഇപ്പോള്‍ അവര്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് എന്നു വേഷം മാറി- വിശേഷിപ്പിക്കുമ്പോഴും അതേ യുക്തി തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഫലസ്തീനില്‍ വംശശുദ്ധീകരണം നടത്തി ഇസ്രായേല്‍ സ്ഥാപിച്ചതിന്റെ ആദ്യഘട്ടമായിരുന്നു അത്. പിന്നെ ആ യുക്തിയില്‍ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. ‘ഫലസ്തീന്‍ ഭീകരര്‍ക്കോ ഭീകരരാവാന്‍ സാധ്യതയുള്ളവര്‍ക്കോ എതിരായി ബലം പ്രയോഗിക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതരാവുന്നു’ എന്ന ആഖ്യാനം അപ്പടി തുടരുന്നു. ഫലസ്തീന്‍കാര്‍ എന്ത് ആയുധമാണ് പ്രയോഗിക്കുന്നത് എന്നതല്ല പ്രശ്‌നം. സ്വയം തയ്‌ച്ചെടുത്ത ഒരു യാഥാര്‍ഥ്യത്തിലാണ് ഇസ്രായേല്‍ ഇപ്പോഴും അഭിരമിക്കുന്നത്. ചുറ്റും ശത്രുക്കള്‍ വലയം ചെയ്ത ഒരു കൊച്ചു രാഷ്ട്രം- അങ്ങനെയാണ് ഇസ്രായേല്‍ സ്വയം അവതരിപ്പിക്കുന്നത്. ഫലസ്തീനികള്‍- നിത്യഭീഷണിയാണ് അവര്‍. ആയുധം ഉപയോഗിച്ചു ചെറുത്തുനില്‍ക്കുന്നവരോ ഗസാ കടപ്പുറത്ത് കളിക്കുന്നവരോ ആരുമാകട്ടെ, അവര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഈ ഔദ്യോഗിക ചരിത്രകഥനത്തില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. അത് പതിനായിരക്കണക്കിനു ഫലസ്തീനികളെ കൊല ചെയ്യുന്നത് ആഘോഷിക്കുകയോ ന്യായീകരിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നു. ഇസ്രായേലികള്‍ ഒരു തെറ്റും ചെയ്യാറില്ല; ഫലസ്തീന്‍ അക്രമത്തിന് ഒരു പശ്ചാത്തലവുമില്ല! ജറുസേലമിലും പടിഞ്ഞാറേക്കരയിലും ഗസയിലും ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം മുഴുവന്‍ ഇസ്രായേലി പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് വിശദീകരിക്കപ്പെടുന്നത്. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് അതില്‍ സ്ഥാനമില്ല. അധിനിവിഷ്ട പ്രദേശങ്ങളിലെ ‘അസ്വാസ്ഥ്യം’, ‘ആക്രമണങ്ങള്‍’ എന്നിവയെപ്പറ്റിയാണ് നെതന്യാഹു ഭരണകൂടം സംസാരിക്കുന്നത്. സായുധരായ കുടിയേറ്റക്കാര്‍, സൈനികര്‍, ആത്യന്തികവാദികളായ യഹൂദര്‍ എന്നിവര്‍ക്കൊക്കെ സംരക്ഷണം നല്‍കണമെന്നാണ് വാദം. അതിനു പകരമുള്ള അവസ്ഥ എന്താണെന്നോ? ദശലക്ഷക്കണക്കിനു ഫലസ്തീന്‍കാര്‍ അടിമകളാകാനും അപമാനിതരാകാനും കീഴ്‌പ്പെടാനും കൊല്ലപ്പെടാനും വളയപ്പെടാനും തയ്യാറാകണം. അല്ലെങ്കില്‍ ഓടിച്ചിട്ടു പിടിച്ചു ചുട്ടുകൊല്ലപ്പെടാന്‍ മനസ്സുള്ളവരാകണം. ‘സാധാരണ നില’ കൈവരിക്കുന്നതിനുള്ള വില ചോരയും അക്രമവുമാണ്. അതില്‍ ഇസ്രായേലിനാണ് കുത്തക. അവരുടെ പ്രവൃത്തികള്‍ അപൂര്‍വമായി മാത്രമേ ചോദ്യം ചെയ്യപ്പെടുന്നുള്ളൂ. ഫലസ്തീനികള്‍ സ്ഥിരം ഇരകളും ഇസ്രായേലികള്‍ സ്ഥിരം യജമാനന്‍മാരുമാണ്. സൈനിക ചെക്‌പോസ്റ്റുകള്‍ പരിപാലിച്ചും ഫലസ്തീന്‍ ഭൂമി നിയമവിരുദ്ധമായി പിടിച്ചെടുത്തും അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും തിരസ്‌കരിച്ചു കുടിയേറ്റകേന്ദ്രങ്ങള്‍ സ്ഥാപിച്ചും യജമാനന്‍മാര്‍ ഭരിക്കുന്നു. ഫലസ്തീന്‍ ‘അക്രമ’ത്തിനെതിരേയുള്ള അനുപാതരഹിതമായ ഇസ്രായേലി അതിക്രമമാണ് എപ്പോഴും തമസ്‌കരിക്കപ്പെടുന്നത്. ഫലസ്തീന്‍കാരുടെ കൂട്ടായ ദുരനുഭവങ്ങളെ അമാനവീകരിക്കുന്ന സാങ്കേതിക നിര്‍വചനങ്ങള്‍ കൊണ്ട് ഇരകളെ വളഞ്ഞുകൂടാ. കൂട്ടക്കൊല എന്ന പദം ശരിയാണോ എന്നു ചോദിച്ചവരോട് ഞാന്‍ തിരിച്ചുചോദിച്ചു: ആ പ്രയോഗം സാധുവാകാന്‍ എത്ര ഫലസ്തീനികള്‍ കൊല്ലപ്പെടണം? ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം ഇന്‍തിഫാദയെന്നു നാമകരണം ചെയ്യപ്പെടാന്‍ എത്ര പ്രകടനങ്ങള്‍ വേണം? എന്റെ അഭിപ്രായത്തില്‍ അതിലധികം ഇന്‍തിഫാദകള്‍ നടന്നിട്ടുണ്ട്. പ്രതിഷേധത്തിന്റെയും നിസ്സഹകരണത്തിന്റെയും തൃണമൂലതലത്തിലുള്ള ചെറുത്തുനില്‍പിന്റെയും പരമ്പരകളിലൂടെ ഫലസ്തീന്‍കാര്‍ വിഭാഗീയതയും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളും മറികടന്ന് അധിനിവേശത്തെ ചെറുക്കുന്നതാണ് ഇന്‍തിഫാദ. 1936ല്‍ ബ്രിട്ടിഷ്-സയണിസ്റ്റ് കോളനിവല്‍ക്കരണത്തിനെതിരേ ഫലസ്തീന്‍കാര്‍ നടത്തിയ പ്രക്ഷോഭം ഇന്‍തിഫാദയായിരുന്നു. ബ്രിട്ടിഷ് ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ച അറബ് രാഷ്ട്രീയപ്പാര്‍ട്ടികളാണ് അതിന് ആഹ്വാനം ചെയ്തത്. ഇന്നു നടക്കുന്നപോലെ, ദരിദ്ര ഗ്രാമീണരും കര്‍ഷകരും തങ്ങളുടെ പ്രക്ഷോഭത്തിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നു കണ്ടപ്പോള്‍ പരമ്പരാഗത രീതികള്‍ ഉപേക്ഷിച്ച് നടത്തിയ സമരം മൂന്നു വര്‍ഷം നീണ്ടുനിന്നു. സാധാരണക്കാരാണ് അന്നും കൂട്ടംകൂട്ടമായി ബ്രിട്ടിഷ്-സയണിസ്റ്റ് ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ടത്. ബ്രിട്ടിഷുകാര്‍ പിടികൂടിയവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. അതേ തിരക്കഥ തന്നെയാണ് പിന്നെ തുടര്‍ച്ചയായി നടന്ന ഇന്‍തിഫാദകള്‍ക്ക് അടിസ്ഥാനമായത്. വിലയായി നല്‍കുന്ന ചോരയുടെ അളവ് കൂടിവരുകയാണ്. എന്നാല്‍, ഒരാഴ്ചയോ ഒരു മാസമോ ഒരു വര്‍ഷമോ മൂന്നു വര്‍ഷമോ ഏഴു വര്‍ഷമോ നീണ്ടുനിന്നാലും ഇന്‍തിഫാദ അനിവാര്യമാണ്. ഫലസ്തീന്‍കാര്‍ ഒന്നായി അനുഭവിക്കുന്ന അനീതിയാണ് ഫലസ്തീനിലും പുറത്തും കഴിയുന്ന ഫലസ്തീന്‍കാരുടെ തലമുറകള്‍ കൈമാറുന്ന പൊതുഘടകം. പക്ഷേ, അവര്‍ ഇക്കാലമത്രയും അടിച്ചമര്‍ത്തപ്പെട്ടും കീഴ്‌പ്പെടുത്തപ്പെട്ടും കൂട്ടിലടയ്ക്കപ്പെട്ടും ജീവിക്കുകയായിരുന്നു. സമാധാനപ്രക്രിയ എന്ന വഴിപിഴപ്പിക്കുന്ന പദാവലി അവര്‍ക്ക് മനസ്സിലാകുന്നില്ല. ദിനേന അനുഭവിക്കുന്ന അപമാനവും അധിനിവേശത്തിന്റെ വഴക്കമില്ലാത്ത ഹിംസയുമായിരുന്നു അവര്‍ക്ക് പ്രശ്‌നം. അതിനാല്‍ അവര്‍ പ്രതിഷേധിക്കുന്നു; കലാപം ചെയ്യുന്നു. കഴിയുന്ന കാലത്തോളം അവരത് ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss