|    Dec 15 Fri, 2017 10:09 am

‘ഇത്തിരിവട്ടത്ത് ഒത്തിരി വിളവ്’ കൊയ്യാന്‍ കൊച്ചുമിടുക്കികള്‍

Published : 12th November 2015 | Posted By: SMR

കൊച്ചി: ഏഴാമത് റവന്യൂ ജില്ല ശാസ്‌ത്രോല്‍സവത്തില്‍ ‘ഇത്തിരി സ്ഥലത്തു നിന്നും എങ്ങനെ ഒത്തിരി വിളവുണ്ടാക്കാം’ എന്ന വലിയ സന്ദേശവുമായെത്തുകയാണ് എസ്ഡിപിവൈ ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ സിംന സിയാദും ലിന്റ ദാസനും.
ഇത്തിരി സ്ഥലം മാത്രമുള്ളവര്‍ക്കും ഒട്ടും സ്ഥലമില്ലാത്തവര്‍ക്കുംവരെ സ്വന്തമായി വിഷാംശമില്ലാത്ത പച്ചക്കറികള്‍ എങ്ങനെ കൃഷി ചെയ്തുണ്ടാക്കാമെന്ന വലിയ കൃഷിപാഠമാണ് ഇവര്‍ പകര്‍ന്നു തരുന്നത്.ആധുനിക ആശുപത്രികളല്ല പകരം വിഷമില്ലാത്ത ആഹാരമാണ് നമുക്ക് വേണ്ടതെന്ന തിരിച്ചറിവ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കികള്‍.
തിരക്കുകള്‍ക്കിടയില്‍ മുഴുവന്‍ സമയം കൃഷി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കഴിയാവുന്നത്ര സ്ഥലങ്ങളില്‍ ജൈവകൃഷി ചെയ്യാനാവണമെന്നാണ് ഇവരുടെ അഭിപ്രായം. ഇനി ജൈവപച്ചക്കറി കൃഷിയ്ക്കായി സ്ഥലമില്ലാത്തതാണ് പ്രശ്‌നമെങ്കില്‍ അതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ഈ കുട്ടികള്‍ തയ്യാറാണ്.
കള്‍ട്ടിവേഷന്‍ റാക്ക്, വെര്‍ട്ടിക്കല്‍ ഫാമിങ്, കള്‍ട്ടിവേഷന്‍ പൈപ്പ്, അക്വ പോണിക്‌സ്, ഹൈഡ്രോ പോണിക്‌സ്, എയറോ പോണിക്‌സ്, വെര്‍ട്ടിക്കല്‍ ഫാമിങ്, കള്‍ട്ടിവേഷന്‍ പൈപ്പ് തുടങ്ങി പതിനഞ്ചോളം നൂതന കൃഷിരീതികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇവര്‍ക്ക് മനപാഠമാണ്.
മണ്ണുപയോഗിക്കാതെയുള്ള നൂതനകൃഷിരീതിയാണ് എയറോ പോണിക്‌സ്. രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവയില്‍ നിന്നും തികച്ചും മുക്തമായ കൃഷിരീതിയാണിത്. നിലത്തും മട്ടുപ്പാവിലും മുളയും കമുകിന്‍ തടിയും ഉപയോഗിച്ച് കൃഷി ചെയ്യുന്ന കള്‍ട്ടിവേഷന്‍ കണ്‍സോര്‍ഷ്യം, ഫഌറ്റുകള്‍ക്ക് ഏറെ അനുയോജ്യമായ വിന്‍ഡോ ഫാമിങ് എന്നിവയ്ക്ക് കുറഞ്ഞ സ്ഥലവും കുറഞ്ഞ പരിചരണവും കുറച്ച് സമയവും മതിയാകുമെന്നും അവര്‍ പറഞ്ഞു.
കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിസ്തൃതിയില്‍ ഒന്നോ അതിലധികമോ വിളകള്‍ കൃഷി ചെയ്യാവുന്ന കള്‍ട്ടിവേഷന്‍ ഫ്രെയിം, വളര്‍ത്തുമൃഗങ്ങളില്‍ നിന്നും കീടബാധകളില്‍ നിന്നും സംരക്ഷണം നല്‍കുന്ന കള്‍ട്ടിവേഷന്‍ ബാംഗിള്‍ എന്നീ നൂതനകൃഷി രീതികളെക്കുറിച്ചും എത്രസമയം വേണമെങ്കിലും വാതോരാതെ സംസാരിക്കാനും ഈ മിടുക്കികള്‍ക്ക് കഴിയും.
നമ്മുടെ വീട്ടുവളപ്പുകളിലെ അടുക്കളത്തോട്ടങ്ങളിലും മട്ടുപ്പാവുകളിലും മറ്റു വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ഇടങ്ങളിലും അപായരഹിതവും ചെലവുകുറഞ്ഞതുമായ ജൈവപച്ചക്കറി കൃഷി അനുവര്‍ത്തിക്കുന്നതു വഴി മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം മനുഷ്യന്റെ ആരോഗ്യസംരക്ഷണംകൂടി ഉറപ്പുവരുത്താനാവുമെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. പരിമിതമായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയും വ്യത്യസ്ത വിളകള്‍ ഒരുമിച്ച് കൃഷി ചെയ്തും മാലിന്യത്തെ വളമാക്കി മാറ്റി പ്രയോജനപ്പെടുത്തുകയും വഴി സാമ്പത്തികലാഭം ഉണ്ടാക്കാമെന്നും ഇവര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക