|    Feb 28 Tue, 2017 11:48 am
FLASH NEWS

ഇത്തിത്താനം കൊലപാതകം; പ്രതിഷേധങ്ങള്‍ക്കു നടുവില്‍ തെളിവെടുപ്പ്

Published : 23rd November 2016 | Posted By: SMR

ചങ്ങനാശ്ശേരി:  ഇത്തിത്താനം കുതിരപ്പടി ശ്രീനിലയിത്തില്‍  ശ്രീലത(50) കൊലചെയ്യപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന  പ്രതികളെ കുതിരപ്പടിയിലെ വീട്ടില്‍ കൊണ്ടുവന്നു പോലിസ് തെളിവെടുപ്പു നടത്തി. വിവരം അറിഞ്ഞ്  എത്തിച്ചേര്‍ന്ന നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകളുടെ ആക്രോശങ്ങള്‍ക്കു നടുവില്‍ സിഐ ബിനുവര്‍ഗീസ്, എസ്‌ഐ സിബി തോമസ്, ഷാഡോ പോലിസ് അംഗങ്ങളായ കെ കെ റെജി,പ്രദീപ്ലാല്‍, സിബിച്ചന്‍ ജോസഫ്, ആന്റണി,പ്രതീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പു നടത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെ ഒന്നാം പ്രതിയും മല്‍സ്യവ്യാപാരിയുമായ മാമ്മൂട് പാണാ വീട്ടില്‍  നിവിന്‍ ജോസഫ്(24), കൊലപാതകശേഷം ശ്രീലതയില്‍ നിന്നും അപഹരിച്ച ഒന്നരപവന്‍ സ്വര്‍ണം വില്‍ക്കാന്‍ കൂട്ടുനിന്ന വാകത്താനം കാടമുറി ദേവരുചിറയില്‍ റെജിജോണ്‍(39)എന്നിവരെയാണു തെളിവെടുപ്പിനായികൊണ്ടുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇവരെ അഞ്ചുദിവസത്തേക്കു പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ ഒന്നാം പ്രതി നിവിന്‍ ജോസഫിനെമാത്രമാണ് ശ്രീലത മരിച്ചുകിടന്നമുറിയില്‍പ്രവേശിപ്പിച്ചു വിവരങ്ങള്‍ ആരാഞ്ഞത്. യാതൊരുഭാവ ഭേദവും കൂടാതെയാണ് പോലിസിന്റെ ഓരോചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ഇയാള്‍ നല്‍കിയത്. രാത്രി എട്ടുമണിയോടെ മതില്‍ചാടി വീട്ടില്‍ പ്രവേശിക്കുന്നതും ശ്രീലതയെ വിളിച്ചതും അവര്‍ കതകു തുറന്നപ്പോള്‍ അകത്തുകയറി അവരുടെ തലയില്‍ അടിക്കുന്നതുമെല്ലാം ഇയാള്‍ കൃത്യതയോടെ പറയുന്നുണ്ടായിരുന്നു. കൂടാതെ തലക്കടിയേറ്റ ശ്രീലത കസേരയില്‍ ബോധമറ്റു വീണതും മറ്റും ഇയാള്‍ ആംഗ്യഭാഷയിലും പോലിസിനെ ബോധ്യപ്പെടുത്തി.തലക്കടിയേറ്റയുടന്‍ ശ്രീലത ഉച്ചത്തില്‍ കരഞ്ഞതും അമിതമായി രക്തം  ഒഴുകുന്നതു കണ്ട് ഭയപ്പെട്ട് പെട്ടെന്നു വീട്ടില്‍നിന്നും ഇറങ്ങി പുറകുവശത്തെ മതില്‍ ചാടിക്കടന്നു ഓടുന്നതും ഇയാള്‍  പോലിസിനെ കാണിച്ചുകൊടുത്തു. കേസിലെപ്രതിയായ സമീപവാസി  16കാരന്‍ വിളിച്ച ഉടന്‍ വീട്ടമ്മവാതില്‍ തുറന്നതും അപ്പോള്‍ ഇരുമ്പു ദണ്ഡ് കയ്യില്‍കരുതിയിരുന്ന നിവിന്‍ ജോസഫ് വേഗത്തില്‍ വീടിനുള്ളില്‍ ഓടിക്കയറിയതും പോലിസിനെ യാതൊരു കൂസലുമില്ലാതെയാണ് ഇയാള്‍ കാണിച്ചുകൊടുത്തത്. തെളിവെടുപ്പിനുശേഷം വീണ്ടും പോലീസ് ജീപ്പില്‍ കയറുമ്പോഴും മുഖത്ത് സന്തോഷഭാവമായിരുന്നു കാണപ്പെട്ടത്. എന്നാല്‍ നാട്ടുകാര്‍ ഒന്നടങ്കം ഇയാളെ കണ്ട് ഇവനെ ഞങ്ങള്‍ കൈകാര്യം ചെയ്യാമെന്നുപറഞ്ഞു ആക്രോശിച്ചപ്പോള്‍ എല്ലാംചിരിയില്‍ ഒതുക്കിയാണ് ഇയാള്‍ ജീപ്പില്‍ ഇരുന്നതും. എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ കൂട്ടുനിന്ന റെജി ജോണ്‍ ഏറെ ദുഖിതനായും കാണപ്പെട്ടു. തെളിവെടുപ്പിനു ശേഷം സ്റ്റേഷനിലേക്കു മടക്കിയ ഇരുവരേയും മറ്റു തെളിവെടുപ്പുകള്‍ക്കായി വീണ്ടും കൊണ്ടുപോകും. കഴിഞ്ഞ 11നു വൈകിട്ടായിരുന്നു  വീട്ടമ്മ കൊലചെയ്യപ്പെട്ടത്. തുടര്‍ന്ന് ആലപ്പുഴക്കുപോയ പ്രതികള്‍ സ്വര്‍ണം വിറ്റു ആര്‍ഭാടമായി കഴിഞ്ഞശേഷം വീട്ടില്‍ മൂന്നാം നാള്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സൈബര്‍സെല്ലിന്റേയും മറ്റും സഹകരണത്തോടെ  പോലിസ് അന്വേഷണത്തെത്തുടര്‍ന്ന് പ്രതികള്‍ അറസ്റ്റിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day